Spoiler warning: ഓട്ടോഗ്രാഫ് എന്ന തമിഴ്/മലയാളം സിനിമയെക്കുറിച്ചാണ്. ഈ പടം കണ്ടിട്ടില്ലാത്തവര്‍, കാണാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സസ്‌പെന്‍സ് പോകാതിരിക്കുന്നതിനുവേണ്ടി ഇത് വായിക്കാതിരിക്കുക. പടം കണ്ടതിനുശേഷം വേണമെങ്കില്‍ വായിക്കുക.
"ഓരോ പ്രേമത്തിലും തോന്നും ഇതാണ് സത്യമായ, യഥാര്‍ത്ഥമായ പ്രേമമെന്ന്, ഇതാണ് പ്രേമമെന്ന്, ഇതിനുമുന്‍പുണ്ടായതെല്ലാം വെറും infatuation മാത്രമായിരുന്നുവെന്ന്." മനസ്സിലുയര്‍ന്നുവന്ന ഒരു tweet-ചിന്ത. (പക്ഷെ ഒട്ടിച്ചുനിര്‍ത്താന്‍ ശ്രമിച്ചത് മുഴുവനായും വേര്‍പ്പെട്ടുപോകുമ്പോള്‍, കത്തിയെരിച്ചിലെല്ലാം കഴിയുമ്പോള്‍, മെല്ലെ എല്ലാം മറക്കും. എങ്കിലും പില്‍ക്കാലത്ത് വീണ്ടും ഓര്‍മ്മകള്‍ ഉണരുമ്പോള്‍ കഴിഞ്ഞുപോയ ഓരോ പ്രേമവും അതിന്റേതായ പ്രത്യേകരീതിയില്‍ വ്യത്യസ്തവും അമൂല്യവും ആയിരുന്നു എന്ന്‍ ബോദ്ധ്യപ്പെടും.)
ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഇക്കാര്യം തന്നെ വളരെ ഉച്ചത്തില്‍ വിളിച്ചുപറയുന്ന ഈ സിനിമ യാദൃശ്ചികമായി കാണാനിടയായത്.
തമിഴ് സിനിമകള്‍ അധികം കണ്ടിട്ടില്ല, കാണാറില്ല. അതുകൊണ്ട് ഗോപികയുടെ ആദ്യപടങ്ങളായ
4 ദ പീപ്പിളിന്റെയും
ഓട്ടോഗ്രാഫിന്റെയും പോസ്റ്ററുകള്‍ ഭിത്തിയില്‍ അടുത്തടുത്ത് കണ്ടിട്ടും ആദ്യത്തേതിനു കേറി. അതുകൊണ്ട് ചേരന്‍ എന്ന് പേരുള്ള ഈ കഴിവുള്ള എഴുത്തുകാരനെക്കുറിച്ച്, സംവിധായകനെക്കുറിച്ച്, നടനെക്കുറിച്ച്, അറിയാന്‍ ഇത്രയും വൈകി. ഇദ്ദേഹം തന്നെയാണ് ഈ സിനിമയിലെ പ്രധാനറോളില്‍. ഹൃദയത്തില്‍നിന്ന് നേരെ ഇറങ്ങിവന്ന് ഹൃദയത്തിലേക്ക് നേരെ തുളച്ചുകയറുന്ന ഒരു സിനിമ. പ്രേമം എന്ന വികാരത്തെ അതിന്റെ ഏറ്റവും തീവ്രമായ രീതിയില്‍ അനുഭവിക്കുകയും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ചേരന്‍ എന്ന് മനസ്സ് പറയുന്നു. അല്ലാത്ത ഒരാള്‍ക്ക് ഇങ്ങനെയൊരു സിനിമയുണ്ടാക്കാന്‍ കഴിയുമോ? ഇത് അദ്ദേഹത്തിന്റെതന്നെ കഥയായിരിക്കാം. കേരളത്തിന്റെ അതിയായ സാന്നിദ്ധ്യവും ജീവിതത്തിന്റെ യാതാര്‍ഥ്യങ്ങളോടുള്ള സത്യസന്ധതയും കണ്ടപ്പോള്‍ ഇത് മണിരത്നത്തിന്റെ സിനിമയാണോ എന്ന് സംശയിച്ചു. അവസാനമാണ് സംവിധായകന്റെ പേര് നോക്കിയത്. ചേരന്‍. മണിരത്നം സിനിമകളില്‍ ഉള്ളത്രയും നാടകീയത പോലും ഇതിലില്ല എന്ന് തോന്നി.
ഇതില്‍ പ്രേമത്തിന്റെ തീവ്രമായ അനുഭൂതിയുണ്ട്. തീക്ഷ്ണതയുണ്ട്. വിരഹവും, ദു:ഖവും, ആനന്ദവും, നൊംബരവും, രോദനങ്ങളുമുണ്ട്, അതിനേക്കാളൊക്കെയുപരി ജീവിതമുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു പ്രേമകഥയാണെന്ന് പറയാന്‍ ധൈര്യമില്ല. കാരണം അങ്ങനെ പറഞ്ഞാല്‍ നമ്മള്‍ നിത്യവും കണ്ടുകൊണ്ടിരിക്കുന്ന അനേകം പ്രേമകഥകള്‍ പോലെ മറ്റൊരു മസാല കൂടി എന്ന് ആളുകള്‍ തെറ്റിദ്ധരിക്കും. മസാലയില്‍ പ്രേമം മാത്രമേയുള്ളൂ, ജീവിതത്തെ കണ്ടുകിട്ടാന്‍ എത്ര ബുദ്ധിമുട്ടാണ്. സാധാരണ പ്രേമകഥകള്‍ പോലെ ഒരു നായകനും നായികയുമല്ല ഇതില്‍. ഒരാണും നാലുപെണ്ണുങ്ങളുമാണ്. ഈ നാലുപെണ്ണുങ്ങളും ഓരോ ഘട്ടത്തിലാണ്, ഓരോ വ്യത്യസ്തരീതിയിലാണ്, അയാളുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. ഈ നാലുപെണ്ണുങ്ങളിലൂടെ അയാള്‍ ജീവിതത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് പടിപടിയായി നടന്നുകയറുന്നു. അയാളുടെതന്നെ വാക്കുകളില്‍, ജീവിതാനുഭവങ്ങളിലൂടെ അയാള്‍ വളരെ പാഠങ്ങള്‍ പഠിച്ചു.
ആദ്യത്തെ കാമുകി കമല ഹൈസ്കൂളില്‍ വെച്ചായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞതോടെ ഓട്ടോഗ്രാഫെഴുതി രണ്ടുപേര്‍ക്കും കണ്ണീരോടെ പിരിയേണ്ടിവന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആ ബന്ധത്തെക്കുറിച്ച് അതിന്റെ എല്ലാ മാധുര്യത്തോടും കൂടി അയാള്‍ ഓര്‍മ്മകള്‍ അയവിറക്കുമ്പോഴും, അതിനെ മുഴുവന്‍ ഹൃദയം കൊണ്ടും വിലമതിക്കുമ്പോഴും, അതൊക്കെ എത്ര മനോഹരമായ infatuation മാത്രമായിരുന്നു എന്ന് അയാളുടെ ചുണ്ടുകളിലെ പക്വമായ പുഞ്ചിരി നമ്മോട് പറയുന്നു. അച്ഛന്റെ സ്ഥലം മാറ്റം മൂലം കേരളത്തില്‍ SB College-ല്‍ പഠനത്തിനു ചേര്‍ന്ന അയാള്‍ ലതികയെന്ന മലയാളിപ്പെണ്‍കുട്ടിയുമായി (ഗോപിക) സൗഹൃദത്തിലാവുന്നു. പഴയ വേദനകള്‍ മറന്ന് അയാളുടെ ജീവിതത്തിന് ഉണര്‍വ്വ് നല്‍കാന്‍ അത് സഹായിക്കുന്നു. പ്രണയം ഏറ്റവും തീവ്രമായി വളരുന്നു. സിനിമകളില്‍ കണ്ടിട്ടുള്ള പ്രണയരംഗങ്ങളില്‍വെച്ച് ഏറ്റവും മാധുര്യമുള്ള ചില രംഗങ്ങള്‍ ഈ ഭാഗത്ത് കാണാന്‍ കഴിഞ്ഞു. പക്ഷെ തമ്പുരാന്‍കുടുംബത്തിലെ കുട്ടിയെക്കുറിച്ച് 'ചോദിക്കാനും പറയാനും' ആളുകളും ശക്തിയും ധാരാളമുള്ളതുകൊണ്ട് അയാള്‍ക്ക് ഗുരുതരമായ ദേഹോപദ്രവമേറ്റുകൊണ്ട് പാതിജീവനുമായി കുടുംബത്തോടെ കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് തിരിച്ച് യാത്രയാവേണ്ടിവന്നു. പെണ്ണ് അവളുടെ മുറച്ചെറുക്കന് ഉടനെ കെട്ടിച്ചുകൊടുക്കപ്പെടുകയും ചെയ്തു. ഈ പ്രേമം സ്കൂളിലെ പഴയ infatuation-നെക്കാളും ഒരു പടി കൂടുതല്‍ പക്വമാണെങ്കിലും പൂര്‍ണ്ണമായും ഉത്തരവാദിത്തബോധമുള്ള ജീവിതാധ്യായമല്ല. കാരണം, രണ്ടുപേരും കോളെജ് വിദ്യാര്‍ഥികള്‍ മാത്രമാണ്. രണ്ടുപേരും ജീവിതത്തിന്റെ പിന്നീടുള്ള ഭാഗങ്ങള്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഈ ബന്ധവും പില്‍ക്കാലത്ത് അയാള്‍ക്ക് അല്പം ദൂരെ മാറിനിന്നുകൊണ്ട് വീക്ഷിക്കാന്‍ കഴിയുന്നു.
മൂന്നാമത്തെ സുഹൃത്തിനെ അയാള്‍ക്ക് ലഭിക്കുന്നത് ജോലിചെയ്യുന്ന സ്ഥലത്താണ്. വളരെ ഉത്തരവാദിത്തബോധമുള്ള, പക്വമായ ജീവിതവീക്ഷണമുള്ള, മനസ്സില്‍ കാരുണ്യമുള്ള, ഗുണവതിയായ, തികച്ചും ശുഭാപ്തിവിശ്വാസിയായ ഒരു പെണ്ണ്. സ്നേഹ. ഒരു പ്രേമവും അതിലെ വഞ്ചനയും നേരിട്ടുകഴിഞ്ഞവള്‍. അവള്‍ അയാള്‍ക്കും ശക്തിപകരുന്നു. രോഗശയ്യയില്‍ നിത്യരോഗിയായി കിടക്കുന്ന അമ്മയെ നോക്കുന്നതും, വീട്ടിലെ മറ്റെല്ലാ ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യുന്നതും അവള്‍ തനിച്ചാണ്. അവള്‍ അവന് നല്ലൊരു സുഹൃത്തായി മാറുന്നു. കഴിഞ്ഞ രണ്ട് ബന്ധങ്ങളെക്കാളും പക്വമായ ബന്ധം ഇതാണ്. സദാസമയം സയാമീസുകളെപ്പോലെ ഒന്നിച്ചുനടന്നിട്ടും ഇവര്‍ കാമുകനും കാമുകിയുമാകുന്നില്ല. ഇവര്‍ സ്കൂള്‍കുട്ടികളൊ കോളേജ് വിദ്യാര്‍ഥികളോ അല്ല; ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളെയും വെല്ലുവിളികളെയും മുഖാമുഖം നോക്കുകയും എതിരിടുകയും ചെയ്യുന്ന, അനുഭവങ്ങളുടെ തീച്ചൂളയില്‍ കുറെയേറെ വെന്തുപാകപ്പെട്ട, തെളിഞ്ഞ ബോധത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്ന, സമൂഹത്തിലെ രണ്ട് വ്യക്തിത്വങ്ങള്‍.
ഇവളെയാണ് അവന്‍ വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന് കരുതിയിരുന്നത് തെറ്റി. അവന്‍ വിവാഹം ചെയ്യുന്നത് മറ്റൊരു പെണ്ണിനെയാണ്. Arranged marriage. സ്നേഹയെ വിവാഹം ചെയ്തിരുന്നെങ്കില്‍ ഒരാണും പെണ്ണും തമ്മിലുണ്ടാവുന്ന വളരെ പവിത്രമായ ഒരു സുഹൃദ്ബന്ധം, സ്നേഹം, അതോടെ കഴിയുമായിരുന്നു. അവര്‍ വിവാഹം കഴിക്കാത്തതുകൊണ്ട് ചൂണ്ടിക്കാണിക്കാന്‍ അത്തരത്തിലുള്ള ഒരു ബന്ധത്തിന്റെ മനോഹരമായ ഉദാഹരണം നമ്മുടെ മുന്നില്‍ എന്നും ഉണ്ടാകും. ഇങ്ങനെയുള്ള ബന്ധങ്ങളും സാധ്യമാണ് എന്നും അവയും പ്രണയം പോലെ അമൂല്യങ്ങളാണെന്നും അത് നമ്മളെ ഓര്‍മ്മിപ്പിക്കും.
വിവാഹത്തിന്റെ ക്ഷണക്കത്ത് വിതരണം ചെയ്യാനിറങ്ങുന്ന അവന്‍ പല പഴയ പരിചയെക്കാരെയും സഹപാഠികളെയും പഴയ കാമുകിമാരെയും കാണുന്നു. (ഈ യാത്രയിലൂടെയാണ് സംവിധായകന്‍ അവന്റെ ജീവിതത്തിന്റെ ഓരോ ഏടും ഫ്ലാഷ്‌ബാക്കായി പറഞ്ഞുപോകുന്നത്). കുടുംബസമേതം എല്ലാവരെയും ക്ഷണിക്കുന്നു, ഭര്‍ത്താവും മൂന്നുകുട്ടികളുമായി കുടുംബിനിയായി കഴിയുന്ന കമലയെയും ഭര്‍ത്താവും മാതാപിതാക്കളും നഷ്‌ടപ്പെട്ട് വിധവയായി കഴിയുന്ന ലതികയെയും ഉള്‍പ്പെടെ. എല്ലാവരും അവന്റെ വിവാഹച്ചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കുന്നു. അവന് ഐശ്വര്യവും നന്മയും നേരുന്നു.
മേരാ നാം ജോക്കറിലെ രാജ് കപൂറിനെ ഒരു നിമിഷം ഓര്‍ത്തുപോയി.
(കഴിഞ്ഞ പാരഗ്രാഫ് എഴുതുന്നതിനിടയിലാണ് Wikipediaയില്‍ പോയി ഈ പടത്തെക്കുറിച്ച് ഒന്ന് എത്തിനോക്കിയത്. അപ്പോഴാണ് കാര്യം വിചാരിച്ചതിലും ഗംഭീരമാണെന്ന് മനസ്സിലായത്. ഇത് ൨൦൦൫-ല്‍ മൂന്ന് ദേശീയ അവാര്‍ഡുകള്‍ വാങ്ങിച്ചിരിക്കുന്നു. കൂടാതെ, ഫ്രാന്‍സിലെ Lyon Asian Film Festival-ലും കാനഡയിലെ Montreal World Film Festival-ലും പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. സിനിമകളെക്കുറിച്ച് എന്റെ സാമാന്യവിജ്ഞാനം എത്ര poor! )
കല്യാണച്ചടങ്ങുകളുടെ ബഹളങ്ങള്‍ അവസാനിക്കുന്നിടത്ത്, പങ്കെടുക്കാനെത്തിയവരൊക്കെ ഓരോരുത്തരായി പിരിഞ്ഞുകഴിയുമ്പോള്‍, അവന്‍ പുഞ്ചിരിച്ചുകൊണ്ട് നമ്മളോട് ചോദിക്കുന്നു: "എന്ന? എന്നോട ലൈഫ് പാത്ത് ഉനക്ക് ഫീലിങ്ങായിര്‌ച്ചാ?" . തീര്‍ച്ചയായും ഫീലിങ്ങായിര്‌ച്ച്!
ഇത് എന്റെ തന്നെ കഥപോലെ തോന്നി. എന്റെ മാത്രമല്ല, പ്രേമിച്ചിട്ടുള്ള ഓരോരുത്തരുടെയും.
. . . ആരാണ് പ്രേമിച്ചിട്ടില്ലാത്തത്?????