ആ ദൗത്യം ബെന്യാമിൻ ഏറ്റെടുത്തു. വളരെ ഉത്തരവാദിത്തത്തോടെ
പൂർത്തിയാക്കുകയും ചെയ്തു. പ്രവാസികളുടെയിടയിൽ നിന്ന് ഒരു കഥ ലോകത്തിനു
പറഞ്ഞു കൊടുത്തു. ഇതിവൃത്തത്തിലെ ഈ പുതുമ തന്നെയാണ് ഈ കൃതിയുടെ മഹത്വം.
കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റിയതാണ് അതിന്റെ വിജയം.
ഈ പുസ്തകത്തെ രണ്ട് ഭാഗമായി തിരിക്കാം. നാടിനെയും വീടിനെയും
നാട്ടുകാരെയും വീട്ടുകാരെയൂം ഭാര്യയെയും ഒക്കെ വിട്ട് അനേകലക്ഷം
പ്രവാസികളിൽ ഒരുവനായി ജോലിക്കായി സഊദി അറബിയയിലെ റിയാദിലെത്തുന്ന നജീബ്.
പിന്നീട് ഒരു 'അർബാബി'ന്റെ കീഴിൽ, അറ്റമില്ലാത്ത മരുഭൂമിയിലെ കൊടും ചൂടിൽ,
കുളിക്കുവാനോ നനക്കുവാനോ മലവിസർജനം നടത്തിയിട്ട് കഴുകുവാനോപോലും വെള്ളം
ലഭിക്കാത്ത അവസ്ഥയിൽ, സൗഹൃദം കൂടാൻ ഒരു മനുഷ്യജീവി പോലും ഇല്ലാതെ,
ആടുവളർത്തുകേന്ദ്രത്തിൽ ആടുകളെ മേയ്ച്ചും പരിപാലിച്ചും, ഉണക്ക ഖുബ്സ്
(യഥാർത്ഥ ഉച്ഛാരണം: khubz; മലയാളികൾ 'കുബൂസ്' എന്ന് വിളിക്കുന്നു)
കഴിച്ച് ദീർഘനാളുകൾ കഴിയേണ്ടിവരുന്ന നജീബ്. നജീബിന്റെ ഈ ജീവിതാധ്യായം
ഒന്നാം ഭാഗവും ആ കൊടും മരുഭൂമിയിൽനിന്ന് രക്ഷ നേടുന്നതിനായി ഖാദിരിയെയും
ഹക്കീമിനെയും കൂട്ടി മരുഭൂമിയിലൂടെ നടത്തുന്ന ക്ലേശം നിറഞ്ഞ സാഹസികയാത്ര ആരംഭിക്കുന്ന ഭാഗം മുതൽ
രണ്ടാം ഭാഗവും ആയി കണക്കാക്കാം.
ആദ്യഭാഗത്തെ വായന അത്ര ഒഴുക്കുള്ളതായിരുന്നില്ല എന്നതാണ് എന്റെ
അനുഭവം. വായനയുടെ രസം നശിപ്പിക്കുന്നതിനായി അനേകം കാര്യങ്ങൾ പല
ഘട്ടങ്ങളിലായി മുന്നിൽ വന്നു വഴിമുടക്കി നിന്നു. മനസ്സിൽ പൊങ്ങിവന്ന ചില
സംശയങ്ങൾ.. ചോദ്യങ്ങൾ.. അവയൊക്കെ സാധുവാണോ എന്ന് എനിക്ക് ഉറപ്പിക്കാൻ
വയ്യ. ഒരുപക്ഷെ രചനയിലെ പോരായ്മകളോ പിശകുകളോ ഒക്കെ ആയി എനിക്കു തോന്നിയ
മിക്ക കാര്യങ്ങൾക്കും എന്റെ പരിമിതമായ അറിവിന്റെ അതിർത്തിക്കപ്പുറത്ത്
കാര്യകാരണസഹിതം എന്തെങ്കിലും ന്യായീകരണം കാണുമായിരിക്കും. എന്തായാലും ആ
ദിശയിലേക്ക് ചിന്തയുടെ ഒരു ചെറുചീള് പാളിപ്പോകാതെ ഈ
പുസ്തകത്തെക്കുറിച്ച് സംസാരിക്കുക എനിക്ക് അസാധ്യം.
രണ്ടാം ഭാഗമെത്തിയപ്പോൾ എഴുത്തുകാരൻ 'ഫോമിലായി' എന്ന തോന്നലുണ്ടായി.
(ക്രിക്കറ്റിലൊക്കെ ഉപയോഗിക്കുന്ന ഈ പ്രയോഗം മനസ്സിൽ വന്നത് യാദൃശ്ചികം
മാത്രം. ബെന്യാമിന്റെ എഴുത്തുകാരനാകുന്നതിനു മുൻപുള്ള ക്രിക്കറ്റ്
ഭ്രാന്ത് പുസ്തകം വായിച്ചുകഴിഞ്ഞ് അനുബന്ധം വായിച്ചുകഴിഞ്ഞപ്പോൾ
മാത്രമാണ് അറിയാൻ കഴിഞ്ഞത്). ആ 'ഫോം' പിന്നങ്ങോട്ട് കഥ തീരുവോളം
നിലനിന്നു. എങ്കിലും അതിന്റെ ഉച്ചകോടി കഥയിലെവിടെയും ആയിരുന്നില്ല.
കഥയ്ക്കു ശേഷം ചേർത്തിട്ടുള്ള അനുബന്ധത്തിലായിരുന്നു. അനുബന്ധത്തിലെ ഓരോ
വാക്കും, ഓരോ വരിയും ബെന്യാമിൻ എന്ന സാഹിത്യകാരന്റെ ഹൃദയത്തിൽ നിന്ന്
നേരിട്ടിറങ്ങി വന്ന് വായനക്കാരനായ എന്റെ ഹൃദയത്തെ തൊട്ടു. അത്രയ്ക്ക്
സത്യസന്ധമാണ് അതിലെ ഓരോ തരിയും. അത് വായിച്ചപ്പോൾ ലഭിച്ച അനുഭൂതി
കഥയിൽനിന്ന്, പ്രത്യേകിച്ച് ഒന്നാം ഭാഗത്തുനിന്ന്, ലഭിച്ചില്ല. അതിനുള്ള
പ്രധാന കാരണം നജീബെന്ന കഥാപാത്രത്തിലേക്കുള്ള 'പരകായപ്രവേശം' നടത്തുന്നതിൽ
ബെന്യാമിൻ എന്ന കഥാകാരൻ വേണ്ടത്ര വിജയിച്ചില്ല എന്നതായിരിക്കാം.
ഒന്നാം ഭാഗത്ത് എന്നെ അലട്ടിയ കാര്യങ്ങളിലൊന്ന് 'അള്ളാവിനെ' എന്ന
പ്രയോഗമാണ്. മലയാളികളായ മുസ്ലീങ്ങൾ 'അള്ളാഹുവിനെ' എന്നാണ് പറയുക.
മുസ്ലീങ്ങളല്ലാത്തവർക്ക് ഈ വാക്ക് എപ്പോഴെങ്കിലും ഉപയോഗിക്കേണ്ടിവരുമ്പോൾ
മാത്രമാണ് 'അള്ളാവിനെ' എന്ന് പറയുക. അതായത് മുസ്ലിം അല്ലാത്ത ബെന്യാമിൻ
അങ്ങനെ പറയുമായിരിക്കും. പക്ഷെ മുസ്ലിമായ നജീബ് അങ്ങനെ പറഞ്ഞുകൂടാ.
കഥയാകട്ടെ കഥാകാരൻ നേരിട്ടു പറയുന്നുമില്ല. പകരം ആ ജോലി കഥാപാത്രമായ
നജീബിനെ ഏൽപ്പിച്ചിരിക്കുകയാണ്. അപ്പോൾ നജീബ് ഉപയോഗിക്കാൻ വിദൂരസാധ്യത
പോലുമില്ലാത്ത പ്രയോഗം നജീബിന്റെ നാവിൽനിന്ന് വരുന്നത് എങ്ങനെ ശരിയാകും.
ഇതുകൊണ്ടാണ് നജീബിലേക്ക് ബെന്യാമിൻ നടത്തിയ 'പരകായപ്രവേശം'(സൽമാൻ റുഷ്ദിയുടെ ഭാഷയിൽ പറഞ്ഞാൽ 'കഥാപാത്രത്തിന്റെ തൊലിക്കടിയിലേക്ക് കയറുക' ('
getting under the
skin') എന്ന പ്രക്രിയ) പൂർണ്ണമായില്ല എന്ന തോന്നലുണ്ടായത്.
അനുബന്ധത്തിലെഴുതിയിരിക്കുന്നതുപ്രകാരം പരകായപ്രവേശം എന്നതുകൊണ്ട്
ബെന്യാമിൻ ഉദ്ദേശിക്കുന്നത് ഒരു കഥാപാത്രത്തിലേക്ക് പ്രവേശിച്ചിട്ട്
അദ്ദേഹത്‌തിന്റെ ദൃഷ്ടിയിലൂടെ ലോകത്തെ നോക്കിക്കാണുക എന്നതുമാത്രമല്ല,
അതിലുപരിയായി തനിക്ക് പറയാനുള്ളതും ചെയ്യാനുള്ളതും ആ
കഥാപാത്രത്തെക്കൊണ്ട് പറയിക്കുകയും ചെയ്യിക്കുകയും ചെയ്യുക എന്നതും
കൂടിയാണ്. പക്ഷെ ഇതിന്റെ അതിർവരമ്പ് എവിടെയാണ്? നജീബ് സഊദി അറബിയയിൽ
വന്നിറങ്ങി എന്നു പറയുന്ന ദിവസം,
1992 ഏപ്രിൽ
4, യഥാർത്ഥത്തിൽ കഥാകാരനായ
ബെന്യാമിൻ ബഹ്‌റൈനിൽ കാലുകുത്തിയ ദിവസമാണെന്ന് അദ്ദേഹം തന്നെ അനുബന്ധത്തിൽ
പറഞ്ഞിരിക്കുന്നു. ഇത് കഥയെ ഒരു രീതിയിലും ബാധിക്കുന്നില്ല. മറ്റൊരു വലിയ
ഉദാഹരണം യഥാർത്ഥ നജീബ് ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നിട്ടും കഥയിൽ
ബെന്യാമിൻ അദ്ദേഹത്തെ ഒരുറച്ച ഈശ്വരവിശ്വാസിയാക്കി ചിത്രീകരിച്ചു. ഈ
രീതിയിലുള്ള പരകായപ്രവേശമൊന്നും തന്നെ കഥയ്ക്ക് ഒരു രീതിയിലും ദോഷമായി
വരുന്നില്ല. പക്ഷെ മുസ്ലീമായ നജീബിനെ ക്രിസ്ത്യാനിയെപ്പോലെ
സംസാരിപ്പിക്കേണ്ടതുണ്ടോ? കുറച്ച് താളുകൾക്കുശേഷം 'അള്ളാഹുവിനെ' എന്ന
പ്രയോഗവും നജീബിന്റെ വാക്കുകളിൽ കാണാൻ കഴിഞ്ഞു. അപ്പോൾ ആദ്യം കണ്ടത്
അച്ചടിപ്പിശകായിരിക്കും എന്നു കരുതിയെങ്കിലും പിന്നീടങ്ങോട്ടുള്ള താളുകളിൽ
അനേകം തവണ 'അള്ളാവിനെ' എന്ന പ്രയോഗം കാണാനിടയായി. ഇതൊക്കെ പ്രസാധകനു പറ്റിയ
തെറ്റു തന്നെയോ?
ആടുജീവിതത്തിൽ എന്നെ ചിന്താക്കുഴപ്പത്തിലാക്കിയ മറ്റൊരു കാര്യം 'മസറ'
എന്ന അറബിവാക്കാണ്. ബ്ലോഗിൽ തന്നെ പലരും ഇതിനെക്കുറിച്ച്
പരാമർശിച്ചിട്ടുണ്ട് (
ഒരു ഉദാഹരണം). മസ്‌റ (യഥാർത്ഥ ഉച്ഛാരണം ഏതാണ്ടിങ്ങനെ:
mazra). പുസ്തകത്തിലുടനീളം ഇതിനെ ആട്ടിൻകൂട് എന്ന അർത്ഥത്തിലാണ്
പ്രയോഗിച്ചിട്ടുള്ളത്. ശരിയായ അർത്ഥം farm എന്നാണ്. അതായത് കൃഷിയിടം.
ഈന്തപ്പനയോ, സസ്യങ്ങളോ, പച്ചക്കറികളോ പൂക്കളോ ആടുകളോ കോഴികളോ എന്തും കൃഷി
ചെയ്യുന്നിടം. ഒരുപക്ഷെ നജീബ് അങ്ങനെ തെറ്റായി മനസ്സിലാക്കിയതായിരിക്കുമോ?
മരുഭൂമിയിൽ സമ്പർക്കം പുലർത്താൻ അധികം മനുഷ്യജീവികളെ കാണാനുള്ള
ഭാഗ്യമില്ലാതെ പോയതുകൊണ്ട് താൻ പഠിച്ച അറബിവാക്കിലെ തെറ്റ് മനസ്സിലാക്കാൻ
കഴിയാതെയും പോയി.
ഇനിയുമൊരു സംശയം നമസ്കരിക്കാത്തവരെ ജയിലിൽ ഇടുമോ എന്നുള്ളതാണ്. പല
തെറ്റുകൾക്കും ജയിലിൽ അകപ്പെട്ടിരിക്കുന്നവരുടെ കൂട്ടത്തിൽ
നമസ്കരിക്കാത്തതിന് പിടിച്ചിട്ടിരിക്കുന്നവരെക്കുറിച്ചും പരാമർശമുണ്ട്.
സഊദി അറബിയയിൽ മതപ്പോലീസ്, മുതവ്വ എന്നീ പേരുകളിൽ അറിയപ്പെടുന്ന
സ്ക്വാഡുണ്ട് എന്ന് പലർക്കും അറിയാവുന്ന കാര്യം തന്നെ. അവർ
സൂക്കുകളിൽ(ചന്തകൾ) നിന്നും മറ്റും നമസ്കാരസമയമായിട്ടും പള്ളിയിൽ പോകാതെ
ചുറ്റിത്തിരിയുന്ന മുസ്ലീങ്ങളെ അവരുടെ വണ്ടിയിൽ
പിടിച്ചുകൊണ്ടുപോകാറുമുണ്ട്. സാധാരണ അങ്ങനെ കൊണ്ടുപോകുന്നവരെ ആ
സ്ക്വാഡിന്റെ കാര്യാലയത്തിൽ കൊണ്ടുപോയി അവർക്ക് മതക്ലാസ്സുകളെടുക്കുകയും
കൗൺസലിംഗ് നടത്തുകയും നമസ്കരിപ്പിക്കുകയും ഒക്കെ ചെയ്തിട്ട് ഏതാനും
മണിക്കൂറുകൾക്കുശേഷം വിട്ടയക്കുകയാണ് പതിവെന്ന് കേട്ടിട്ടുണ്ട്. ചിലപ്പോൾ
ഒരു വാഹനം പോലും കിട്ടാത്ത വഴിയിൽ, താമസസ്ഥലത്തുനിന്ന് വളരെ ദൂരെ, അതും
രാത്രിനേരത്ത് ഒക്കെ അവരെ വിട്ടേക്കാം. ഇതാണ് നമസ്കരിക്കാത്തതിനുള്ള
പരമാവധി ശിക്ഷയായി അറിയാൻ കഴിഞ്ഞിട്ടുള്ളത്. ജയിലിൽ അടക്കുന്നതിനെപ്പറ്റി
കേട്ടിട്ടില്ല. ഇനി ശരിക്കും അങ്ങനെയെങ്ങാനും ഉണ്ടോ? റിയാദിലുള്ള
മുതവ്വമാർക്ക് അൽപം കാർക്കശ്യം കൂടുതലാണെന്ന് കേട്ടിട്ടുണ്ട്. മറ്റു
സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി അവർ ചൂരലുമായാണ് നമസ്കരിക്കാത്തവരെ
കൈകാര്യം ചെയ്യാൻ ഇറങ്ങുക എന്നറിയാം. എങ്കിലും ജയിലിൽ പിടിച്ചിടുമോ? അറിയാൻ
ആഗ്രഹമുണ്ട്.
ഇനി 'അർബാബ്' എന്നതാണ് മറ്റൊരു വാക്ക്. സഊദിയിൽ അഞ്ച് വർഷം ജോലി
ചെയ്ത എനിക്ക് ഒരിക്കൽ പോലും ഈ വാക്ക് കേൾക്കാൻ കഴിഞ്ഞിട്ടില്ല. യജമാനനെ,
അഥവാ സ്പോൺസറെ സൂചിപ്പിക്കാൻ 'കഫീൽ' എന്ന അറബിപദമാണ് അവിടങ്ങളിൽ
കേട്ടിട്ടുള്ളത്. ഇമറാത്തിൽ (
UAE) എത്തിയപ്പോൾ മാത്രമാണ് ഇതേ കാര്യം
സൂചിപ്പിക്കാൻ 'അർബാബ്' എന്ന പദം വ്യാപകമായി കേൾക്കാനിടയായത്.
അവിടെയാകട്ടെ 'കഫീൽ' എന്ന പദം അത്ര ഉപയോഗിച്ചു കാണുന്നുമില്ല. ഈ
പുസ്തകത്തിലുടനീളം 'അർബാബ്' എന്ന പദമാണ് കാണുന്നത്. നജീബ് ആദ്യമായി ഈ
വാക്ക് കേൾക്കുന്നത് റിയാദ് എയർപ്പോട്ടിലെ ഒരു ജീവനക്കാരനിൽ നിന്നാണ്.
അദ്ദേഹം എന്തിനീ വാക്ക് ഉപയോഗിച്ചു? ഒരു പക്ഷെ, റിയാദിലും മറ്റുമൊക്കെ ഈ
പദമായിരിക്കുമോ വ്യാപകമായിട്ടുള്ളത്? അറിയാൻ ആകാംക്ഷയുണ്ട്.
വെടിയുണ്ട കൊണ്ട് മരിച്ച ആടിന്റെ മാംസം 'അർബാബ്' ചുട്ടു കഴിക്കുന്ന
രംഗം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പക്ഷെ ഇത് യാഥാർത്ഥ്യത്തിൽ നിന്ന്
വളരെ വിദൂരമല്ലേ? എത്രതന്നെ 'കാട്ടറബി'യായിക്കൊള്ളട്ടെ, പിശുക്കനായിക്കോട്ടെ,
അങ്ങനെ ചാകുന്ന ഒരു മൃഗത്തെ ഭക്ഷിക്കുമോ? ഉണ്ടെന്ന് തോന്നുന്നില്ല. കാരണം
അത് ഹലാലല്ലാത്ത ഭക്ഷണമാണ്. ഹലാലല്ലാത്ത ഭക്ഷണം മുസ്ലീങ്ങൾ,
പ്രത്യേകിച്ച് ഗൾഫിലെ അറബികൾ ഭക്ഷിക്കുമെന്ന് തോന്നുന്നില്ല. കാരണം അത്
പോർക്കിനു തുല്യമാണ്. പോർക്ക് അഥവാ പന്നിയിറച്ചി മുസ്ലീങ്ങൾ
ഭക്ഷിക്കാറില്ല എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ദൈവത്തിന്റെ
നാമം ചൊല്ലി അറുത്തുകൊല്ലുന്ന മൃഗത്തിന്റെ മാംസം മാത്രമെ ഹലാലായി ഇസ്ലാം
മതം അനുവദിക്കുന്നുള്ളൂ. മറ്റ് ഏതുവിധേനയും മരണമടയുന്ന ജീവിയെ ഭക്ഷിക്കാൻ
അനുവാദമില്ല. അതൊക്കെ ഹറാമായി പരിഗണിക്കുന്നു. ഗൾഫിലെ അറബികളാകട്ടെ ഈ വിധ
മതനിയമങ്ങൾ വളരെ കാർക്കശ്യത്തോടെ പാലിക്കുന്നവരാണ്. മതത്തിൽ തന്നെ പറയുന്ന
സ്നേഹം, അനുകമ്പ തുടങ്ങിയ ഗുണങ്ങൾ ഒന്നും തന്നെ ഇല്ലാത്തവരാണെങ്കിൽ കൂടി.
വെടി കൊണ്ടു ചത്തുപോയ ഒരാടിന്റെ കാശ് നഷ്ടമാകുമെങ്കിൽ കൂടി.
ഒരുപക്ഷെ ഇതിനൊക്കെയുള്ള മറുപടി ബെന്യാമിന്റെ അനുബന്ധത്തിലുള്ള ഈ വരികളിൽ കണ്ടേക്കാം. ഇവ ഒരു സാഹിത്യപ്രേമിയുടെ ഹൃദയത്തെ സ്പർശിക്കും:
"ഞാനെഴുതുന്നവയിലെ സാഹിത്യഭംഗിയും പുതുമയും മേന്മയും എനിക്ക്
ഉറപ്പില്ല. അത് കാലം അളന്നു നിശ്ചയിക്കേണ്ടതാണ്. പക്ഷേ, അവയ്ക്കുപിന്നിലെ
എന്റെ ആത്മസമർപ്പണത്തെപ്പറ്റി എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഓരോ
കഥയിലേയും കഥാപാത്രങ്ങൾക്കൊപ്പം ഞാൻ മനസ്സുകൊണ്ട് നടന്നിട്ടുണ്ട്. അവരുടെ
നിയോഗം എന്റെ നിയോഗം പോലെ സ്വീകരിച്ചിട്ടുണ്ട്. അലസത കൊണ്ട് എന്റെ
ഏതെങ്കിലും കഥ മോശമായിപ്പോയി എന്ന് എനിക്കു വിചാരമില്ല. എന്റെ മോശം
രചനകൾക്കു പിന്നിൽ എന്റെ പ്രതിഭാരാഹിത്യമല്ലാതെ മറ്റൊന്നും കാരണമല്ല."
കാരണം, ഒരു എഴുത്തുകാരന്റെ സത്യസന്ധതയുടെ വാഗ്ദാനമാണിത്.
ഒരെഴുത്തുകാരന്റെ മഹത്വം എഴുതുന്നതിനോട് സത്യസന്ധത പുലർത്തുക എന്നതാണെന്ന്
പൗലോ കൊയ്‌ലോ പറഞ്ഞത് ഞാൻ പൂർണ്ണമായും വിലമതിക്കുന്നു. ആ സത്യം
മനസ്സിലാക്കുന്ന എഴുത്തുകാരനാണ് മഹത്വമുള്ള സാഹിത്യകാരൻ.
പരകായപ്രവേശത്തെക്കുറിച്ച് പറഞ്ഞപ്പോൾ അക്കാര്യത്തിൽ മഹത്തായ വിജയം
കൈവരിച്ച ഒരെഴുത്തുകാരന്റെ കൃതി ഈയിടെ വായിച്ചത് ഓർമ്മയിലേക്കോടി വന്നു.
Yann Martel-ന്റെ
Life of Pi എന്ന ബൂക്കർ സമ്മാനം നേടിയ നോവൽ. നോവലിസ്റ്റ്
ഒരു കാനഡക്കാരനാണെങ്കിലും പ്രധാനകഥാപാത്രം ഒരിന്ത്യക്കാരൻ പയ്യനാണ്. ഈ ഇന്ത്യൻ കഥാപാത്രത്തിന്റെ വാക്കുകളിലൂടെയാണ് മാർട്ടെൽ കഥ പറയുന്നത്. അവൻ
മുങ്ങിയ ഒരു കപ്പലിൽനിന്ന് രക്ഷപ്പെട്ട് കടലിന്റെ നടുവിൽ ഒരു ലൈഫ്
ബോട്ടിൽ പെടുന്നു. അവന്റെ കുടുംബാംഗങ്ങളെ അവനു നഷ്ടപ്പെടുന്നു. ഒരു
കാഴ്ചബംഗ്ലാവിൽനിന്ന് അമേരിക്കയ്ക്ക് അയച്ച ചില വന്യമൃഗങ്ങളും വെള്ളത്തിൽ
പെടുന്നു. ഒടുവിൽ കടലിനു നടുവിൽ ലൈഫ് ബോട്ടിൽ ബാക്കിയാവുന്നത് അവനും ഒരു
ബംഗാൾ കടുവയും മാത്രം. കടുവയുടെ വായിലകപ്പെടാതെ നോക്കണം. അല്ലാതെയും ജീവൻ
നിലനിർത്താൻ നോക്കണം. മാസങ്ങളോളമുള്ള കടലിലെ ജീവിതം. ഈ കഥയുടെ ബീജം
മാത്രമാണ് യാൻ മാർട്ടലിന്റെ മനസ്സിലുണ്ടായിരുന്നത്. ഇതെഴുതുന്നതിനുള്ള
അനുഭവങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ അദ്ദേഹം ഏതാനും വർഷങ്ങൾ
അതിനായുള്ള ഗവേഷണത്തിനായി മാറ്റിവെച്ചു. ഇന്ത്യയിൽ അനേകനാളുകൾ താമസിച്ചു.
കാഴ്ചബംഗ്ലാവുകളും ആരാധനാലയങ്ങളും സന്ദർശിച്ചു. കടലിൽ പെട്ടു
പോകുന്നവരെക്കുറിച്ചുള്ളവരുടെ സാഹസികകഥകൾ ധാരാളം വായിച്ചു. വന്യമൃഗങ്ങളുടെ
പെരുമാറ്റത്തിന്റെയും ചലനങ്ങളുടെയും മന:ശാസ്ത്രം പഠിച്ചു. ഫലം:
ഒരിന്ത്യക്കാരനെഴുതിയതെന്ന് തോന്നിക്കുന്ന ഒരു നോവൽ. യാൻ മാർട്ടൽ
ഒരിന്ത്യക്കാരനാവുകയായിരുന്നു. മറ്റാർക്കും ഒന്നും കണ്ടുപിടിക്കാൻ
കഴിയില്ലെങ്കിലും ഇന്ത്യക്കാരായ നമുക്ക് അത് വായിക്കുമ്പോൾ എന്തെങ്കിലും
പിശകുകളുണ്ടെങ്കിൽ എളുപ്പം ശ്രദ്ധയിൽപ്പെടുമായിരുന്നു. പക്ഷെ കാര്യമായ ഒരു
പിശകും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരിന്ത്യക്കാരന്റെ തൊലിക്കടിയിലേക്ക് യാൻ മാർട്ടെൽ നടത്തിയ നുഴഞ്ഞുകയറ്റം അത്രയ്ക്ക് ഗംഭീരമായിരുന്നു. '
Indian writing in English'
എന്നതിന്റെ നിർവ്വചനം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഒരു കൃതി.
Life of Pi-യിൽ മാസങ്ങളോളം കടലിന്നു നടുവിൽ കടുവയുമായി
ഒറ്റപ്പെട്ടുപോകുന്ന പട്ടേലിന് അറ്റം കാണാത്ത മരുഭൂമിയിൽ അർബാബെന്ന
കടുവയുടെ കൈയിൽ പെട്ടുപോകുന്ന നജീബുമായി സാദൃശ്യമുണ്ട്. പക്ഷെ ഒരു
കാര്യത്തിൽ ബെന്യാമിൻ മാർട്ടെലിനെ കടത്തിവെട്ടിയിരിക്കുന്നു എന്ന്
നിസ്സംശയം പറയാം. ഈശ്വരവിശ്വാസമാണ് ഒറ്റപ്പെട്ടുപോയ മനുഷ്യനെ ജീവന്റെ
തുടിപ്പ് അറ്റുപോകാതെ ഒടുവിൽ കരയ്ക്കടുപ്പിച്ചതെന്ന് സ്ഥാപിക്കുന്നതിലുള്ള
വിജയം. മാർട്ടെലിന്റെ പട്ടേലും ഈശ്വരവിശ്വാസിയാണ്. കടലിനുനടുവിൽ
ഏതുനേരവും അദ്ദേഹം കരളുരുകി പ്രാർത്ഥിക്കുന്നു. എങ്കിലും അതൊന്നും
വായനക്കാരനെ ബോധ്യപ്പെടുത്തുന്നില്ല ആ ഈശ്വരവിശ്വാസമാണ് അദ്ദേഹത്തിന്റെ
ജീവൻ നിലനിർത്തിയതെന്ന്. പകരം, കടുവയുടെ മനശ്ശാസ്ത്രത്തെക്കുറിച്ചുള്ള
അറിവ് അഥവാ കടുവ എപ്പോൾ എങ്ങനെ പെരുമാറും എന്ന ജ്ഞാനം തികഞ്ഞ
വൈദഗ്ധ്യത്തോടെ പ്രയോഗിച്ചതാണ് അദ്ദേഹത്തെ കടുവയുടെ വായിലകപ്പെടാതെ
രക്ഷിച്ചത്. മാർട്ടൽ ഇന്ത്യയിൽ ആരാധനാലയങ്ങൾ കയറിയിറങ്ങി മതങ്ങൾ പഠിച്ചത്
വെറുതെയായി. പക്ഷെ
ആടുജീവിതത്തിൽ നജീബിന് പട്ടേലിനെപ്പോലെ
രക്ഷപ്പെടുന്നതിനുള്ള യാതൊരു വിജ്ഞാനവും കൈവശമില്ല. ഏറ്റവും നിസ്സാരനും
ഏറ്റവും നിസ്സഹായനും ആയ ഒരു പാവം മനുഷ്യജീവിയെയാണ് നമ്മൾ കാണുന്നത്. ആ
അവസ്ഥയിൽ ഈശ്വരവിശ്വാസമല്ലാതെ മറ്റെന്താണ് നജീബിനെ ജീവൻ വെടിയാതെ
മറ്റേയറ്റം വരെ എത്തിക്കുക? വായനക്കാരന്റെ മനസ്സിൽ ഇത്തരത്തിലുള്ള ചിന്തയെ
സാധൂകരിക്കുന്ന രീതിയിൽ മരുഭൂമിയുടെയും നജീബിന്റെയും ചിത്രങ്ങൾ വരച്ചിട്ട
ആടുജീവിതത്തിന് അഭിനന്ദനങ്ങൾ! യഥാർത്ഥജീവിതത്തിലെ നജീബ്
കമ്മ്യൂണിസ്റ്റാശയക്കാരനായിരുന്നെങ്കിലും ബെന്യാമിൻ അവതരിപ്പിച്ചത് ഒരു
വിശ്വാസിയായ നജീബിനെയാണ്. ആ തീരുമാനം ബെന്യാമിന്റെ വളരെ നല്ല
തീരുമാനമായിരുന്നെന്ന് പറയാതെ വയ്യ. മനസ്സിലാക്കിയിടത്തോളം ബെന്യാമിൻ
നിരീശ്വരവാദിയല്ല. അതുകൊണ്ടു തന്നെ നജീബിനെ വിശ്വാസിയാക്കിയതുകൊണ്ട്
അദ്ദേഹത്തിന്റെ ജോലി അദ്ദേഹത്തിനു നന്നായി ചെയ്യാൻ കഴിഞ്ഞു.
നിരീശ്വരവാദിയാക്കിയിരുന്നെങ്കിൽ നജീബിനുവേണ്ടി ബെന്യാമിന് തന്റെ സ്വത്വം
കൈവിട്ടുകൊണ്ട് നജീബിന്റെ പാതയിൽ സഞ്ചരിക്കേണ്ടി വന്നേനെ. അങ്ങനെയാകുമ്പോൾ
ബെന്യാമിൻ എന്ന എഴുത്തുകാരൻ നജീബ് എന്ന തന്റെ കഥാപാത്രത്തിൽ നിന്ന് വളരെ
അകന്നുപോകുമായിരുന്നു. കാരണം, അനുബന്ധത്തിൽനിന്ന് മനസ്സിലാകുന്നതുപോലെ,
കഥാകാരന് കഥാപാത്രമാകാൻ ഏറ്റവും നന്നായി കഴിയുക തന്റെ തന്നെ ആത്മാവിനോട്
ഏറ്റവും ചേർന്നുനിൽക്കുമ്പോഴാണ്. അല്ലാത്തപക്ഷം താൻ സൃഷ്ടിക്കുന്ന
നാടകീയതകളുടെ ഏച്ചുകെട്ടലുകളിൽ നിന്നുളവാകുന്ന മുഴച്ചുനിൽക്കലുകളുടെ ഭീകരത
താൻ നേരിട്ടഭിമുഖീകരിക്കേണ്ടി വരും.
അതിലുപരി, അതു വെറും ചങ്കൂറ്റം കൊണ്ടും
സാഹസികതയും മനസ്ഥൈര്യവും കൊണ്ടും മരുഭൂമിയെ അതിജീവിച്ചു ജയിച്ച ഒരാളുടെ
സാഹസികകഥയായിപ്പോയേനേ. 'സാഹസികത' എന്ന വാക്കിനാവും അപ്പോൾ മുൻതൂക്കം.
സാഹസികത കൊണ്ട് തടസ്സങ്ങളെ തരണം ചെയ്തു വിജയിച്ചവരുടെ നമ്മൾ കേട്ടുമടുത്ത
ആയിരം കഥകളിൽ ഒന്നു മാത്രമായിപ്പോവുമായിരുന്നു അപ്പോഴത്. നേരേ മറിച്ച്
ഇപ്പോൾ 'നിസ്സഹായത' എന്ന വാക്കിനാണ് മുൻതൂക്കം. നിസ്സഹായനായ മനുഷ്യന്റെ
ദയനീയതയാണ് ഇവിടെ വായനക്കാരന്റെ മനസ്സിനെ സ്പർശിക്കുക. നിസ്സഹായനായ
മനുഷ്യൻ എങ്ങനെ ആ സാഹചര്യങ്ങൾ അതിജീവിച്ചു എന്ന് വരച്ചു കാണിക്കുന്നതിലാണ്
ഈ കൃതിയുടെ മനോഹാരിത മുഴുവനും.