Sunday, April 6, 2008

ഖിഷമെന്നൊരു ദ്വീപ്‌

29.03.2008

ഇത്‌ ഇമറാത്തില്‍ അഥവാ എമിറേറ്റ്‌സില്‍ നിന്നുള്ള എന്റെ ആദ്യപോസ്റ്റ്‌. ഞാന്‍ ഇവിടെ വന്നിട്ട്‌ മൂന്നുമാസമായി. അതായത്‌ വിസിറ്റ്‌ വിസയില്‍ കഴിയാനനുവദിച്ചിട്ടുള്ള പരമാവധി സമയം. അതുകൊണ്ട്‌ ഇവിടന്ന് പുറത്തുകടന്നിട്ട്‌ പുതിയ വിസയില്‍ തിരിച്ചു പ്രവേശിക്കാന്‍ വേണ്ടി എല്ലാവരും ചെയ്യുന്നതുപോലെ ഞാനും കിഷ്‌ എന്ന ഇറാന്റെ ഭാഗമായ ദ്വീപിലേക്കുപോകാന്‍ തയ്യാറായി. വിമാനം പൊങ്ങാന്‍ അധികം സമയം ബാക്കിയില്ലാതിരിക്കെ വാലില്ലാത്ത മീനിനെപ്പോലെ ടിക്കറ്റില്ലാത്ത ഞാന്‍ റ്റ്രാവല്‍ ഏജന്റിനെയും കാത്ത്‌ അയാളുടെ റീച്ചബിളല്ലാത്ത മൊബൈലിലേക്ക്‌ ട്രൈ ചെയ്തുകൊണ്ട്‌ ദുബൈ എയര്‍പോര്‍ട്ടിന്റെ ഡിപാര്‍ച്ചര്‍ കവാടത്തില്‍ നിന്നു. ഭാഗ്യത്തിന്‌ അധികം വൈകാതെ അയാള്‍ റ്റിക്കറ്റുമായി പറന്നെത്തി. അതും പറിച്ചെടുത്ത്‌ ഞാന്‍ അകത്തേക്കോടി. പ്രാഥമികപരിപാടികളെല്ലാം കഴിഞ്ഞപ്പോള്‍ കിഷിലേക്കുള്ളവര്‍ gate 2-ല്‍ വരാന്‍ അനൗണ്‍സ്‌ ചെയ്യുന്നതായി കേട്ടതുപോലെ തോന്നി. അവിടെച്ചെന്നു. confirm ചെയ്യാന്‍ വേണ്ടി ക്യൂവിലെ ഒരാളോട്‌ ചോദിച്ചു: കിഷ്‌?
അയാള്‍ ഒരു ഇറാനിയാണെന്നു തോന്നി.
അയാള്‍ പറഞ്ഞു: ഖിഷം
കിഷം??, ഞാന്
‍ഖിഷം., അയാള്
‍ഓക്കെ., ഞാന്
‍ഓഹോ, അപ്പോള്‍ അങ്ങനെയാണ്‌ കാര്യം. കിഷിന്റെ ഒറിജിനല്‍ ഫാര്‍സിഭാഷയിലുള്ള പേരാണ്‌ ഖിഷം എന്നത്‌. നമ്മുടെയാളുകള്‍ കിഷ്‌, കിഷ്‌ എന്നു പറയുന്നു. എപ്പോഴും ഞാന്‍ കേട്ടിട്ടുള്ളത്‌ ആ പേരാണ്‌. ഇപ്പോള്‍ ആദ്യമായാണ്‌ ഖിഷം എന്ന്‌ കേള്‍ക്കുന്നത്‌. പെട്ടെന്നാണ്‌ റ്റിക്കറ്റിന്റെ കവര്‍ ശ്രദ്ധയില്‍പ്പെട്ടത്‌. qeshm fars air. എങ്കിലും യാത്ര fars aasemaan-ന്റെ ഫ്ലൈറ്റിലായിരുന്നു. ഡല്‍ഹിയില്‍നിന്ന് കൊച്ചിക്കുപോകാന്‍ air indiaയില്‍ ബുക്ക്‌ ചെയ്തിട്ട്‌ അവര്‍ bhutan airlines-ല്‍ കയറ്റിവിട്ടതുപോലെ.

ദുബൈയില്‍നിന്ന്‌ ഖിഷമിലേക്ക്‌ വെറും അരമണിക്കൂര്‍ യാത്രയേയുള്ളൂ. ചെറിയ പ്ലെയിനിന്റെ ജനലരികെയുള്ള സീറ്റിലിരുന്ന് താഴെ സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന പേര്‍ഷ്യന്‍ ഗള്‍ഫിന്റെ ഓളങ്ങള്‍ക്കുമീതെ നീങ്ങുന്ന കുഞ്ഞുകപ്പലുകളെ നോക്കി ഞാനിരുന്നു. അധികമാകും മുന്‍പെ വെള്ളം മാറി കര വന്നു. തവിട്ടുനിറത്തില്‍ അറ്റമില്ലാതെ വ്യാപിച്ചുകിടക്കുന്ന ഭൂമി. ഇതാണ്‌ ദ്വീപ്‌. ഇത്രയും വലുതായിരിക്കുമെന്ന്‌ കരുതിയില്ല. വിമാനം കൂടുതല്‍ താഴ്‌ന്നപ്പോള്‍ മനസ്സിലായി ഇവിടെനിറയെ മലകളാണ്‌. മറ്റൊന്നും ദൃശ്യമല്ല. ജനവാസത്തിന്റെ ഒരു സൂചനയുമില്ല. മലകളുടെ മുകള്‍ഭാഗം കൂര്‍ത്തുകോണായിട്ടല്ല. നേരേമറിച്ച്‌ വിശാലമായി പരന്നുകിടക്കുന്നു. ഓരോ വലിയ മലയുടെയും മുകളില്‍ വിശാലമായ ഓരോ മൈതാനം. ആ ദൃശ്യം പകര്‍ത്തണമെന്നു തോന്നി. പക്ഷെ കൈയില്‍ കാമറയില്ല. ഉണ്ടായിരുന്നത്‌ നാട്ടില്‍ സുഹൃത്തിനു കൊടുത്തിട്ടാണ്‌ പോന്നത്‌. പിന്നെ മൊബൈലില്‍ പകര്‍ത്താമെന്ന് കരുതി. പക്ഷെ അത്‌ ഫ്ലൈറ്റ്‌ ഉയരുന്നതിനുമുന്‍പുതന്നെ ഞാന്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഓഫാക്കിയിരുന്നു. സുരക്ഷാക്രമീകരണങ്ങളെ ധിക്കരിച്ച്‌ അത്‌ ഓണ്‍ ചെയ്യെണ്ട എന്നു കരുതി.

തവിട്ടുനിറമുള്ള പേര്‍ഷ്യന്‍ മണ്ണില്‍ കാലുകുത്തിനിന്നപ്പോള്‍ ഹൃദയത്തില്‍ റുബായികളെത്തി. കണ്മുന്നില്‍ ഖിഷെം. മനസ്സില്‍ നൈശാബൂര്‍.. വിമാനത്താവളത്തിനകത്ത്‌ ഓഫീസുകളുടെ വാതിലുകളിലും കൗണ്ടറുകളിലും അറബിലിപിയില്‍ ഫാര്‍സിഭാഷയില്‍ എഴുതിയ അക്ഷരങ്ങള്‍ കൂട്ടിവായിച്ചു ചില ഫാര്‍സിപദങ്ങളെ പരിചയപ്പെട്ടു.
دفتر كذرنامه (ദഫ്‌തര്‍ കസര്‍നാമ) എന്നാല്‍ immigration office എന്നാണര്‍ത്ഥം എന്ന് ഇംഗ്ലീഷിലും ഫാര്‍സിയിലും എഴുതിയിരിക്കുന്ന ബോര്‍ഡ്‌ വായിച്ചപ്പോള്‍ മനസ്സിലായി. അതായത്‌ ഓഫീസിന്‌ ഹിന്ദിയിലും ഉര്‍ദുവിലും ഉള്ള ദഫ്തര്‍ തന്നെ പേര്‍ഷ്യനിലും. അക്ഷരങ്ങള്‍ എഴുതിയിരിക്കുന്ന ശൈലിക്ക്‌ ഉര്‍ദുവിനെക്കാളും സാമ്യം അറബിയോടാണെന്നു തോന്നി.




ഖിഷം എയര്‍പോര്‍ട്ടില്‍ ഇമ്മിഗ്രേഷന്‌ നില്‍ക്കുന്നവര്





ഹോട്ടലിലേക്കുള്ള വാഹനത്തില്‍ വിമാനത്താവളത്തിനു പുറത്തേക്ക്‌ നീങ്ങിയപ്പോള്‍ അടുത്തിരുന്ന അബ്ദുല്‍ലത്തീഫ്‌ പറഞ്ഞു: ഒരു മണിക്കൂര്‍ ഓട്ടമുണ്ട്‌ ഹോട്ടലിലേക്ക്‌. ഞാന്‍ ആശ്ചര്യപ്പെട്ടു. വെറുതെയല്ല ചുറ്റുപാടും ഒരു മനുഷ്യന്റെ തരിപോലും കാണാത്തത്‌. എയര്‍പോര്‍ട്ട്‌ ജനവാസമുള്ള സ്ഥലത്തുനിന്ന് വളരെ അകലെയാണ്‌. വണ്ടി അല്‍പം നീങ്ങിയപ്പോള്‍ ബോര്‍ഡ്‌ കണ്ടു, ഖിഷം 45 k.m. എന്ന്. മലകള്‍ക്കിടയിലൂടെ വാഹനം നീങ്ങി. 45-ലെ 4 അറബിലിപിയിലേതുപോലെ തന്നെ. പക്ഷെ 5 അല്‍പം വ്യത്യസ്തമായിരുന്നു. സ്നേഹം സൂചിപ്പിക്കുന്ന ഹൃദയചിഹ്നം തലതിരിച്ചിട്ടാല്‍ കിട്ടുന്നതാണ്‌ ആ 5-ന്റെ രൂപം. വളരെ വര്‍ഷങ്ങള്‍ ഞാന്‍ മിസ്സ്‌ ചെയ്ത ആ അക്കത്തെ വീണ്ടും കണ്ടപ്പോള്‍ സന്തോഷം തോന്നി. ചെറുപ്പത്തില്‍ മദ്രസയില്‍ അറബി അക്കങ്ങള്‍ പഠിച്ചപ്പോഴാണ്‌ ആ അക്കത്തെ കണ്ടിട്ടുള്ളത്‌. പക്ഷെ വര്‍ഷങ്ങള്‍ക്കുശേഷം അറബിനാട്ടിലെത്തിയപ്പോള്‍ എല്ലായിടത്തും കണ്ട 5 അതിന്റെ കുനിപ്പുകളും മുനകളുമൊക്കെ റൗണ്ട്‌ ചെയ്ത്‌ ഏതാണ്ട്‌ പൂജ്യം പോലെ ഒരു വൃത്തത്തിന്റെ രൂപത്തിലായിരുന്നു. അത്‌ അല്‍പം ചിന്താക്കുഴപ്പം സൃഷ്ടിച്ചു. മദ്രസയില്‍ പഠിച്ചത്‌ അത്‌ തന്നെയോ അതോ എന്റെ വെറും ഓര്‍മ്മപ്പിശകോ? പക്ഷെ ഇപ്പോള്‍ മനസ്സിലായി അത്‌ ഓര്‍മ്മപ്പിശകല്ല എന്ന്‌.

ഹോട്ടല്‍ റിസപ്ഷനുമുന്നില്‍ രണ്ടുപേരുടെ ഫോട്ടോ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഒന്ന് ഇസ്ലാമിക ഇറാന്റെ സ്ഥാപകനേതാവായ ആയത്തുള്ള റൂഹുള്ള ഖുമൈനി. മറ്റേത്‌ നിലവിലുള്ള ആയത്തുള്ള ആയ സയ്യിദ്‌ അലി ഖാമിനൈ. ഇവരുടെ ചിത്രം എല്ലായിടത്തുമുണ്ട്‌. എയര്‍പോര്‍ട്ടിലും കണ്ടിരുന്നു. റിസപ്ഷനില്‍ ഒരു മേശ പ്രത്യേകരീതിയില്‍ അലങ്കരിച്ചിരിക്കുന്നു. ആ മേശയ്ക്കുമുകളില്‍ ഉള്ള വസ്തുക്കള്‍ ഇവയാണ്‌: ഒത്ത നടുക്ക്‌ ഒരു പാത്രത്തില്‍ കണ്‍കുളിര്‍പ്പിക്കുന്ന പച്ചപ്പ്‌ വിരിച്ചുനില്‍ക്കുന്ന മുളപ്പിച്ചുവെച്ചിരിക്കുന്ന ധാന്യമണികള്‍, ഒരു ചെറിയ ഫിഷ്‌ടാങ്കില്‍ മത്സ്യങ്ങള്‍, ഒരു പിഞ്ഞാണത്തില്‍ നാണയങ്ങള്‍. ഒന്നു രണ്ട്‌ സോസറുകളില്‍ സുഗന്ധവ്യഞ്ജനപ്പൊടികള്‍. ഒരു സോസറില്‍ വെളുത്തുള്ളി, മെഴുകുതിരികള്‍, ഒരു ഖുറാന്‍, ഇതെല്ലാം പെരുപ്പിച്ചുകാണിക്കാന്‍ ഒരു കണ്ണാടി. ഇതെന്താണെന്ന്‌ ആദ്യം മനസ്സിയായില്ല. പിന്നെ, ഹോട്ടലിലെ ഒരാള്‍ പറഞ്ഞുതന്നു. ഇത്‌ ഇറാനിയന്‍ പുതുവര്‍ഷം പ്രമാണിച്ചുള്ള ഒരു ആചാരമാണ്‌. വിഷുക്കണി പോലെ ഒരു സംഗതി. വസന്തത്തിന്റെ തുടക്കം തന്നെയാണ്‌ ഫാര്‍സി പുതുവല്‍സരത്തിന്റെയും ആരംഭം. പുതുദിനം എന്നര്‍ത്ഥം വരുന്ന 'നവ്‌റോസ്‌'(navroz) എന്ന പ്രയോഗമാണ്‌ പുതുവല്‍സരത്തെ സൂചിപ്പിക്കുന്ന ഫാര്‍സിവാക്ക്‌. എങ്ങും നവ്‌റോസിന്റെ അലങ്കാരങ്ങളും ആശംസാവാചകങ്ങളും കാണാം. നവ്‌റോസ്‌ പ്രമാണിച്ച്‌ എല്ലാവര്‍ക്കും രണ്ടാഴ്ച അവധിയാണ്‌. ഖിഷമില്‍ ഇത്‌ ടൂറിസ്റ്റ്‌ സീസണുമാണ്‌. ഇറാന്റെ വിവിധഭാഗങ്ങളില്‍നിന്ന് ആളുകള്‍ ഖിഷമിലെത്തുന്നു. ലക്ഷക്കണകിനാളുകളാണ്‌ ഇപ്രാവശ്യം എത്തിയിരിക്കുന്നതെന്ന് റിസപ്ഷനിലെ ഒരുത്തന്‍ എന്നോട്‌ പറഞ്ഞു. മാര്‍ക്കറ്റില്‍ അപ്പം പോലും സ്റ്റോക്ക്‌ തീര്‍ന്നുവത്രെ. ഹോട്ടലുകളിലാകട്ടെ മുറികളെല്ലാം ഫുള്ളും. ഒഴിഞ്ഞ സ്ഥലങ്ങളില്‍ ആളുകള്‍ പലവര്‍ണ്ണങ്ങളിലുള്ള റെഡിമെയ്ഡ്‌ റ്റെന്റുകളില്‍ തങ്ങിയിരിക്കുന്നതുകാണാം. ഇത്തരം റ്റെന്റുകളുടെ ഒരു നീണ്ടനിര തന്നെ കാണാം. ടൂറിസ്റ്റുകള്‍ക്കായി ബോട്ടിങ്ങും ബീച്ചുകളും പാര്‍ക്കുകളുമൊക്കെ ഉണ്ടിവിടെ. സിമിന്‍ ബീച്ചും ഗോള്‍ഡന്‍ ബീച്ചും ശ്രദ്ധയില്‍പ്പെട്ടു. പിന്നെയൊരു സെയ്‌ത്തൂന്‍ പാര്‍ക്കും കണ്ടു. സെയ്‌ത്തൂന്‍ എന്നാല്‍ അറബിയില്‍ ഒലിവ്‌ എന്നര്‍ത്ഥം. ഫാര്‍സിയിലും അതുതന്നെയായിരിക്കണം അര്‍ത്ഥം. (യാത്ര കഴിഞ്ഞ്‌ ഇമറാത്തില്‍ തിരിച്ചെത്തി hotbird നോക്കിയപ്പോള്‍ എല്ലാ ഇറാനിയന്‍ ചാനലുകളിലും പുതുവര്‍ഷത്തിന്റെ മേശ അലങ്കരിച്ചുവെച്ചിരിക്കുന്നതു കണ്ടു. ഒരു അസര്‍ബൈജാന്‍ ചാനലിലും ഇതു കണ്ടു!)




ഹോട്ടല്‍ റിസപ്ഷനിലെ ഖുമൈനിയുടെയും ഖാമെനൈയുടെയും ചിത്രം






ഹോട്ടല്‍ റിസപ്ഷനില്‍ക്കണ്ട നവ്‌റോസ്‌ അലങ്കാരം






വിനോദസഞ്ചാരികളുടെ പലവര്‍ണ്ണങ്ങളിലുള്ള ടെന്റുകള്‍






ഖിഷമിലെ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തീരം





ഹോട്ടലില്‍ താമസമായിരുന്ന ഒരു പ്രായം ചെന്ന മലയാളി പറഞ്ഞു കിഷ്‌ എന്നു പേരുള്ള മറ്റൊരു ദ്വീപുമുണ്ടെന്ന്‌!. ഞാന്‍ ആശ്ചര്യത്തോടെ നോക്കി. ഞാന്‍ ചോദിച്ചു: അപ്പോള്‍ കിഷും ഖിഷമും ഒന്നല്ലേ? നമ്മളിപ്പോള്‍ കിഷിലല്ലേ?
അല്ല, രണ്ടും രണ്ടാണ്‌., അയാള്‍.
അതുവരെ ഞാന്‍ കരുതിയിരുന്നത്‌ ഞാന്‍ കിഷിലായിരുന്നു എന്നാണ്‌. ഉടനെ റിസപ്ഷനിലെ മാപ്പില്‍ പോയി നോക്കി. ഖിഷം കണ്ടു. ഇറാന്റെ പ്രധാനകരയോട്‌ ചേര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫില്‍ കിടക്കുന്നു. അതിനടുത്തായി പൊട്ടുപൊട്ടുപോലെ ചില കുഞ്ഞുദ്വീപുകളും കാണാം. അവയിലേതെങ്കിലുമൊന്നായിരിക്കുമോ കിഷ്‌? പക്ഷെ കിഷ്‌ എന്നൊരുവാക്ക്‌ അവിടെയെങ്ങും കണ്ടില്ല. ഗൂഗ്‌ള്‍ സെര്‍ച്ചില്‍ മനസ്സിലായി രണ്ടും രണ്ട്‌ വ്യത്യസ്തദ്വീപുകളാണെന്ന്‌. എങ്കിലും മാപ്പിലെവിടെയാണ്‌ കിഷ്‌ എന്നുമാത്രം പിടികിട്ടിയില്ല. റിസപ്ഷന്റെ മുന്‍പിലൂടെ പോകുമ്പോഴും വരുമ്പോഴും ഞാന്‍ മാപ്പില്‍ നോക്കിക്കൊണ്ടിരുന്നു. പല പ്രാവശ്യം നോക്കിയപ്പോള്‍ യാദൃശ്ചികമായി കണ്ടെത്തി കിഷിനെ. പക്ഷെ ഖിഷമിനടുത്തെവിടെയുമല്ല അത്‌. ഖിഷമില്‍നിന്ന്‌ വളരെ ദൂരെ മാറി ഒരിടത്ത്‌ ഒറ്റപ്പെട്ടുകിടക്കുകയാണ്‌. രണ്ടും പേര്‍ഷ്യന്‍ ഗള്‍ഫില്‍ത്തന്നെ. രണ്ടിലേക്കും ദുബായില്‍നിന്നുള്ള ദൂരം ഏതാണ്ടൊന്നുതന്നെ.




ഖിഷമും കിഷും (click on pic to enlarge)





ഖിഷം



ഓര്‍ക്കുട്ട്‌ ഇറാനില്‍ ബ്ലോക്ക്ഡ്‌ ആണെന്നറിയാമായിരുന്നു. എങ്കിലും ബ്ലോക്ക്‌ ചെയ്ത സൈറ്റിന്റെ പേജ്‌ ഡിസ്‌പ്ലേ എങ്ങനെയാണെന്നറിയാന്‍ വേണ്ടി ഓര്‍ക്കുട്ട്‌ തുറക്കാന്‍ ശ്രമിച്ചുനോക്കി. ഇംഗ്ലീഷില്‍ ഒന്നും എഴുതിയിട്ടില്ല. പേജ്‌ ബ്ലോക്ക്ഡ്‌ ആണെന്ന് ഫാര്‍സിയില്‍ മാത്രം എഴുതിയിരിക്കുന്നു. സൗദിയിലെയും ഇമറാത്തിലെയും ഇന്റര്‍നെറ്റ്‌ ബ്ലോക്ക്‌ പേജുകള്‍ മനസ്സില്‍ ഒന്ന് മിന്നിമറഞ്ഞു. കൂട്ടത്തില്‍ ഇവരുടേതുതന്നെ ഏറ്റവും ലളിതമായ പേജ്‌.




ഇറാനിലെ ഇന്റര്‍നറ്റ്‌ ബ്ലോക്ക്‌ പേജ്‌






സൗദിയിലെ ഇന്റര്‍നറ്റ്‌ ബ്ലോക്ക്‌ പേജ്‌ (ഇന്റര്‍നറ്റ്‌ മതകാര്യവകുപ്പിന്റെ ഭരണത്തിന്‍ കീഴിലായിരുന്നപ്പോഴത്തേത്‌)





സൗദിയിലെ ഇന്റര്‍നറ്റ്‌ ബ്ലോക്ക്‌ പേജ്‌ (ഇന്റര്‍നറ്റ്‌ കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഭരണത്തിന്‍ കീഴിലായതിനുശേഷമുള്ളത്‌)





uae-യിലെ ഇന്റര്‍നറ്റ്‌ ബ്ലോക്ക്‌ പേജ്




ഒരുദിവസം മുഴുവന്‍ ഹോട്ടലില്‍ ചടഞ്ഞുകൂടിയതിനുശേഷം വൈകിട്ട്‌ ദ്വീപ്‌ കിഷല്ല ഖിഷമാണ്‌ എന്നു പറഞ്ഞുതന്നയാളുടെ കൂടെ പുറത്ത്‌ ചുറ്റാനിറങ്ങി. ഹോട്ടലിനോടടുത്ത പ്രദേശത്തുതന്നെ വളരെ ജനവാസമുള്ള ഒരു സ്ഥലം കണ്ടു. വളരെ ജനത്തിരക്കുള്ള ഒരു ഷോപ്പിംഗ്‌ സെന്ററും കണ്ടു അവിടെ. അവിടമാകെ ഇറാനിലെ പല ഭാഗങ്ങളിലും നിന്നെത്തിയ ജനങ്ങളായിരുന്നു. ഇറാനിപ്പെണ്ണുങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഒരവസരം കൂടി അങ്ങനെ ലഭിച്ചു. ആദ്യം അവരെ കണ്ടിട്ടുള്ളത്‌ മക്കയില്‍വെച്ചായിരുന്നു. അന്നേ എനിക്കു മനസ്സിലായി പേര്‍ഷ്യന്‍ സുന്ദരികളെക്കാളും സൗന്ദര്യമുള്ള പെണ്ണുങ്ങള്‍ ലോകത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ ഞാനവരെ കണ്ടിട്ടില്ല എന്ന്. ഇന്നും ആ അഭിപ്രായം മാറിയിട്ടില്ല. ശരീരം മൂടിക്കെട്ടിയ കറുത്ത പര്‍ദ്ദകളില്‍ മൂടപ്പെടാതെ പ്രകാശം പരത്തിനില്‍ക്കുന്ന വെളുത്ത മുഖങ്ങള്‍. മെയ്ക്കപ്പ്‌ ചെയ്ത്‌ മുഖം വൃത്തികേടാക്കാത്തവരാണ്‌ കൂടുതലും. natural beauty. പ്രായമുള്ള സ്ത്രീകള്‍ മാത്രമാണ്‌ ശരിക്കും പര്‍ദ്ദയണിയുന്നത്‌. യുവതലമുറ കൂടുതലും പര്‍ദ്ദയെ അനുകരിക്കുന്ന രീതിയില്‍ കറുപ്പ്‌ നിറത്തില്‍ ടോപ്പും ബോട്ടവുമാണ്‌ ധരിക്കുക. ടോപ്പ്‌ കാല്‍മുട്ടിനടുത്തുവരെയുള്ളതാണ്‌. ബോട്ടം ചിലപ്പോള്‍ കറുപ്പ്‌ ജീന്‍സാണ്‌! പല പെണ്‍കുട്ടികളും ശരിക്കും ചൂരിദാര്‍ ആണു ധരിച്ചിരിക്കുന്നത്‌ എന്നു വേണമെങ്കില്‍ പറയാം. പ്ലെയിന്‍ കറുപ്പും കറുപ്പുമാണ്‌ നിറമെന്നു മാത്രം. തലമുടിയും കറുപ്പ്‌ കൊണ്ട്‌ മറച്ചിരിക്കുന്നു. ഇതേ വേഷത്തിലാണ്‌ ഇവരെ കൂടുതലും മക്കയില്‍ കണ്ടിട്ടുള്ളത്‌. തിരക്കേറിയ ചന്തയില്‍ ജനങ്ങള്‍ക്കിടയില്‍ നടക്കുക ശ്രമകരമായിരുന്നു. ചന്തയാകെ പുതുവര്‍ഷത്തിന്റെ ആഘോഷമൂഡിലായിരുന്നു. ആളുകള്‍ കടകളില്‍നിന്ന് ഓരോ സാധനങ്ങള്‍ വാങ്ങുന്നുണ്ടായിരുന്നു. മിക്കവരും വലിയ വലിയ നോട്ടുകെട്ടുകള്‍ നല്‍കിയാണ്‌ സാധനങ്ങള്‍ വാങ്ങുന്നത്‌. കാരണം. അവരുടെ നാണയത്തിന്റെ വില ഒരു u.a.e.ദിര്‍ഹമിന്‌ 2500-ഓളം ഇറാനി റിയാല്‍ അഥവാ ടുമാന്‍ ആണ്‌. അതായത്‌ ഒരു ചായ കുടിക്കണമെങ്കില്‍ 2000 റിയാല്‍ കൊടുക്കണം എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ എല്ലാവരുടെയും പഴ്സില്‍ കാണുന്ന മിനിമും നോട്ട്‌ 500-ന്റേതാണ്‌. അതുകഴിഞ്ഞു കാണുക 1000, 2000, 5000, 10000 എന്നിങ്ങനെയുള്ള നോട്ടുകളാണ്‌. എല്ലാ നോട്ടുകളിലും ആയത്തുള്ള ഖുമൈനിയുടെ ചിത്രമാണുള്ളത്‌. പക്ഷെ കൂടുതല്‍ പേരും കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നത്‌ യു. എ. ഇ. ദിര്‍ഹമാണ്‌. യു.എ.ഇ-യില്‍ നിന്ന് പോകുന്നവര്‍ക്ക്‌ കാശ്‌ എക്സ്‌ചെയിഞ്ച്‌ ചെയ്യേണ്ട കാര്യമില്ല. എല്ലാ ആവശ്യങ്ങള്‍ക്കും ദിര്‍ഹം ഉപയോഗിക്കാം. ഒരുകാലത്ത്‌ പ്രൗഢിയില്‍ വിലസിയിരുന്ന രാജ്യം ഇന്ന് ദാരിദ്യത്തിന്റെ പടുകുഴിയിലാണ്‌! ഒരു കുപ്പി മിനറല്‍ വാട്ടര്‍ വാങ്ങിയപ്പോള്‍ കുപ്പിയില്‍ പ്രിന്റ്‌ ചെയ്തിരിക്കുന്ന വില 2500 ആണ്‌. ഞാന്‍ ഒന്നര ദിര്‍ഹം കൊടുത്തു.

ഖിഷമില്‍ ഇത്ത്‌സലാത്തിന്റെ മൊബൈലിന്‌ ഒട്ടും സിഗ്നല്‍ ഇല്ല. ഫോണ്‍ ചെയ്യാന്‍ വേണ്ടി ഒരു ടെലഫോണ്‍ ബൂത്തില്‍ കയറി. ഒരു സ്ത്രീയാണ്‌ അത്‌ നടത്തുന്നത്‌. ഫോണ്‍ നിരക്കുകള്‍ ഇമറാത്തിലേതിനെക്കാളും കുറവാണെന്ന് തോന്നി. ആ റ്റെലഫോണ്‍ ബൂത്തിലെ കൗണ്ടറിന്റെയവിടെയുള്ള ഭിത്തിയില്‍ ഖൊമൈനിയുടെ ഒരു ചിത്രം കണ്ടു. ഫാര്‍സിഭാഷയില്‍ ഇങ്ങനെ എഴുതിയിട്ടുമുണ്ടതില്‍:

اسرائيل بايد از بين برود


ആദ്യത്തെ വാക്ക്‌ ഇസ്രായീല്‍ എന്നാണെന്ന് മനസ്സിലായി. ബാക്കിയുള്ള വാക്കുകളുടെ അര്‍ത്ഥം എന്താണെന്ന് മനസ്സിലായില്ല. ഇസ്രായീല്‍ എന്നത്‌ ഇസ്ലാമികരാഷ്ട്രങ്ങളില്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്ന് പറയേണ്ടതില്ലല്ലോ. ഇസ്രായീലിനെക്കുറിച്ച്‌ ഇത്ര പരസ്യമായി എന്താണ്‌ ഈ ചിത്രത്തില്‍ പറയുന്നത്‌ എന്നറിയാന്‍ ജിജ്ഞാസയായി. എങ്കിലും ആരോടും ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. പക്ഷെ ഒരു കടലാസില്‍ ഞാന്‍ അത്‌ പകര്‍ത്തിയെടുത്തു. പിറ്റെദിവസം ഹോട്ടലിലെ ഡ്രൈവറായ ഹുസൈനോടും റിഫ്രഷ്‌മന്റ്‌ സ്റ്റാളിലെ അബ്ദുല്‍ ബാസിത്തിനോടും സൗഹൃദം സ്ഥാപിക്കാന്‍ അവസരം കിട്ടി. അവരോട്‌ അതിന്റെ അര്‍ത്ഥം ചോദിച്ചു. പക്ഷെ ഇസ്രായീല്‍ എന്ന വാക്ക്‌ അവരോട്‌ പറഞ്ഞില്ല. പകരം പകര്‍ത്തിയെടുത്ത കടലാസില്‍ ഇസ്രായീല്‍ എന്ന വാക്കെഴുതിയ ഭാഗം പിന്നിലേക്ക്‌ മടക്കിവെച്ചിട്ട്‌ ബാക്കി മാത്രം കാണിച്ചു. ആദ്യമേ അവര്‍ ചോദിച്ചത്‌ ഇത്‌ എവിടെയാണ്‌ കണ്ടത്‌ എന്നാണ്‌. അടുത്തുള്ള ടെലഫോണ്‍ ബൂത്തിലാണ്‌ എന്ന് ഞാന്‍ പറഞ്ഞില്ല. ഹുസൈന്‍ ഞാന്‍ കേള്‍ക്കെ അതു വായിച്ചു: 'ഇസ്രായീല്‍ ബായദ്‌ അസ്‌ ബീന്‍ ബറവദ്‌'. എന്നിട്ട്‌ അയാള്‍ തൊട്ടുമുന്‍പില്‍ കണ്ട ഒരു പ്ലാസ്റ്റിക്‌ സ്പൂണ്‍ കൈയിലെടുത്തിട്ട്‌ അത്‌ ഒടിച്ചുനുറുക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ചു. ഇതാണ്‌ ഏതെങ്കിലും വസ്തുവിനെക്കുറിച്ച്‌ ആ വാക്കുകള്‍ കൊണ്ടുദ്ദേശിക്കുന്നത്‌ എന്ന് അയാള്‍ പറഞ്ഞു. എന്നിട്ട്‌ കൈവിരലുകള്‍ ഒന്നിച്ചുനേരേ പിടിച്ച്‌ ഒരാളുടെ മരണത്തെ സൂചിപ്പിക്കുന്ന രീതിയില്‍ കഴുത്തിനു മുന്‍പില്‍ നീക്കിക്കാണിച്ചു. ഇതാണ്‌ ഒരു വ്യക്തിയെക്കുറിച്ചാണ്‌ ഈ വാക്യമെങ്കില്‍ അര്‍ത്ഥമെന്നും പറഞ്ഞു. ഇസ്രായീല്‍ എന്ന വാക്ക്‌ ആ വാക്യത്തിന്റെ ആദ്യം വരുമ്പോള്‍ എന്താണര്‍ത്ഥമെന്ന് ഇപ്പോള്‍ എനിക്ക്‌ മനസ്സിലായി.


ഇറാനിലെ പതാകയുടെ നടുവില്‍ക്കാണുന്ന ചിഹ്നം മറ്റു പലയിടങ്ങളിലും കാണാന്‍ കഴിഞ്ഞു. സിഖുകാരുടെ ചിഹ്നത്തെയാണതോര്‍മ്മിപ്പിച്ചത്‌. അത്രയ്ക്ക്‌ സാദൃശ്യമുണ്ടവയ്ക്കുതമ്മില്‍. പക്ഷെ സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകും അല്ലാഹു എന്ന്‌ അറബിയില്‍ കലാപരമായി എഴുതിയിരിക്കുന്നതാണെന്ന്‌.




ഇറാന്റെ പതാക (നടുവില്‍ സിഖുകാരുടേതിനോട്‌ സാമ്യമുള്ള ചിഹ്നവും കാണാം)




ഇന്ത്യയിലെ കാറുകളുടെ നമ്പര്‍ പ്ലെയ്‌റ്റില്‍ രാജ്യത്തിന്റെ പേരെഴുതാറില്ലല്ലൊ. സൗദിയില്‍ രാജ്യത്തിന്റെ പേരെഴുതുന്നുണ്ട്‌. എമിറേറ്റ്‌സിലാകട്ടെ, അതാത്‌ എമിറേറ്റിന്റെ പേരെഴുതുന്നു. ഇറാനിലും ഇതുപോലെ രാജ്യത്തിന്റെ പേരെഴുതുന്നു. പ്ലെയ്‌റ്റിന്റെ ഇടത്തേയറ്റത്ത്‌ Islamic Republic of Iran എന്നതിന്റെ ചുരുക്കമെഴുതിയിരിക്കുന്നു. വലത്തേയറ്റത്ത്‌ ഇറാനെന്ന് ഫാര്‍സിയിലും എഴുതിയിരിക്കുന്നു. 4 എന്ന അക്കം അറബികള്‍ എഴുതുന്ന രീതികൂടാതെ മറ്റൊരു രീതിയിലും ഇവര്‍ എഴുതുന്നു. 6 എന്ന അക്കവും ഇതുപോലെ രണ്ടുരീതിയില്‍ എഴുതുന്നു. അറബികള്‍ പൂജ്യത്തിന്‌ ഒരു കുത്തുമാത്രമിടുമ്പോള്‍ ഇവര്‍ ഒരു കൊച്ചുവൃത്തം ഉപയോഗിക്കുന്നു. അറബികള്‍ 3 എന്ന അക്കം പേന കൊണ്ടെഴുതുമ്പോള്‍ അച്ചടിയിലെ രണ്ടുപോലെയാണെഴുതുക. പക്ഷെ ഇവര്‍ അത്‌ അച്ചടിയിലുള്ളതുപോലെതന്നെ എഴുതുന്നു.




ഇറാനിലെ കാറിന്റെ നമ്പര്‍ പ്ലേറ്റ്‌





സൗദിയിലെ കാറിന്റെ നമ്പര്‍ പ്ലേറ്റ്‌




uaeയിലെ കാറിന്റെ നമ്പര്‍ പ്ലേറ്റ്‌




പേര്‍ഷ്യ എനിക്ക്‌ വലിയ ഇഷ്ടമാണ്‌. അത്‌ കാണണമെന്ന ആഗ്രഹം എപ്പോഴും മനസ്സിലുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ ഒരു ചെറിയ തുണ്ട്‌ കാണാന്‍ കഴിഞ്ഞു. എപ്പോഴെങ്കിലും ബാക്കികൂടി കാണാന്‍ കഴിയുമായിരിക്കും.





ഖിഷം എയര്‍പോര്‍ട്ടില്‍ക്കണ്ട നവ്‌റോസ്‌ അലങ്കാരം




p.s: തിരിച്ചുവരുന്ന സമയത്ത്‌ ഖിഷം എയര്‍പോര്‍ട്ടിന്റെ ഡിപാര്‍ച്ചര്‍ ടെര്‍മിനലില്‍ നില്‍ക്കുമ്പോള്‍ passport control എന്നെഴുതിയിരിക്കുന്ന ബോര്‍ഡില്‍ ഫാര്‍സിയില്‍ വീണ്ടും കസര്‍നാമ എന്ന വാക്കുതന്നെ എഴുതിയിരിക്കുന്നത്‌ കണ്ടു. അപ്പോള്‍ immigration എന്നല്ലേ അതിന്റെയര്‍ഥം? ഒരുപക്ഷേ പാസ്പോര്‍ട്ട്‌ എന്നായിരിക്കാം. ഇമ്മിഗ്രേഷനും അതേ വാക്കുപയോഗിക്കുന്നതായിരിക്കാം.

5 comments:

Inji Pennu said...

Welcome back :)

രാജ് said...

ഖിഷമിലെ കോറല്‍ ബീച്ചുകള്‍ ഒരുപക്ഷെ ഗള്‍ഫ് തീരങ്ങളിലെ ഏറ്റവും നല്ലതായിരിക്കും. പണ്ടെങ്ങാന്‍ കരയ്ക്കടിഞ്ഞ ഒരു ഗ്രീക്ക് കപ്പല്‍ ഖിഷമിന്റെ തീരത്തോ? കിഷിന്റെ തീരത്തോ? അവസാനത്തെ കിഷ് യാത്ര കമ്പനിയുടെ അതിഥിയായിട്ടായിരുന്നു, ഫറാബി ഹോട്ടലിലെ മൂന്നാംകിട വിസകാത്തുകിടപ്പുകാരന്റെ ഐഡന്റിയില്‍ നിന്ന് പുറത്ത്, സിനിമയുടേയും ഷാ-പ്രേമികളുടേയും ഇറാന്‍.

Vanaja said...

നന്നായിരിക്കുന്നു:)

::: VM ::: said...

Very Good Post ;0 Quite Interesting One

deepdowne said...

ഇഞ്ചീ, രാജ്‌, വനജ, vm, നന്ദി :)

Post a Comment