Friday, June 20, 2008

ഒരു മലകേറ്റക്കഥ...


"ഇരുപത്തിയെണ്ണായിരം അടി കയറി. നമ്മുടെ, ഇന്ത്യയുടെ, ടെന്‍സിങ്‌, മലയുടെ മകന്‍‍, ഷേര്‍പ്പ, ഓക്സിജന്‍പോലും ഇല്ലാതെ പടപടായെന്ന്‌ മല കയറി. മുഖത്ത്‌ കാറ്റടിക്കുന്നു. അവിടത്തെ കാറ്റില്‍ ചൂളമുണ്ട്‌. ഹിലാരി പറഞ്ഞു: 'ടെന്‍സിങ്ങേ, എന്താണീ വെപ്രാളം? നമ്മ മലകേറാന്‍ വന്നവരല്ലേ, വായുഗുളിക മേടിക്കാനല്ലല്ലാ?’
ടെന്‍സിങ്‌ പറഞ്ഞു: 'വെക്കം നടയെന്റ ഹിലാരിച്ചേട്ടാ.' ഇരുപത്തിയെണ്ണായിരത്തി അഞ്ഞൂറാമത്തെ അടി. മുഖത്ത്‌ ഐസിന്റെ പരലുകള്‍ ചുളുചുളാ കുത്തി. ടെന്‍സിങ്ങിന്‌ ഉണ്ടോ കുലുക്കം! മലയാടാണ്‌ നമ്മുടെ ടെന്‍സിങ്‌. ടെന്‍സിങ്‌ മുമ്പോട്ടു നീങ്ങി.ഇരുപത്തിയെണ്ണായിരത്തി അറുനൂറാമത്തെ അടി. ടെന്‍സിങ്‌ തിരിഞ്ഞുനോക്കിയപ്പോള്‍ ഹിലാരിയെ കാണ്മാനില്ല. അയാള്‍ കുത്തിയിരിക്കുകയാണ്‌; ഹിപ്പ്‌ ഫ്‌ളാസ്‌കില്‍നിന്ന്‌ ബ്രാണ്ടി മോന്തുന്നു. ടെന്‍സിങ്ങിന്‌ ദേഷ്യം വന്നു: 'ഹിലാരിച്ചേട്ടാ, അത്യുന്നതങ്ങളില്‌ കൊള്ളരുതാത്തരം കാട്ടണേണാ?' ഹിലാരി പറഞ്ഞു: 'ഇത്തിരി അവന്‍ ചെന്നാ സംഗതി ഉഷാറാകും.' ബ്രാണ്ടിയുടെ ബലത്തില്‍ ഹിലാരി ഇരുന്നൂറടി കയറി. ഇരുപത്തിയെണ്ണായിരത്തി എണ്ണൂറ്‌ അടി.ഹിലാരി ഔട്ട്‌. ബോധം പോയി. ടെന്‍സിങ്‌ ഹിലാരിയുടെ വയറില്‍ ഒരു കയറ്‌ കെട്ടി, ആ കയറ്‌ സ്വന്തം വയറില്‍ കെട്ടി, പുല്ലുപോലെ മലകയറി.
"ഇനിയുള്ള കയറ്റം ദുഷ്‌കരമാണ്‌. ചുമരുപോലെ കുത്തനെ ഉള്ള മല. പിക്‌ആക്സ്‌ മലയില്‍ കുത്തിനിര്‍ത്തി അതില്‍ ബന്ധിച്ച കയറ്‌ പിടിച്ച്‌ ഓരോ അടിയായി ടെന്‍സിങ്‌ കയറി. ഹിലാരി, ഊഞ്ഞാല്‍ ആടുന്നപോലെ, കാറ്റില്‍ ആടിക്കൊണ്ടിരുന്നു. ഒരു വലിയ പെന്‍ഡുലം പോലെ. ടെന്‍സിങ്ങിന്‌, ങ്‌ഹാ, ഒരു കുഴപ്പവും ഇല്ല. ആ മിടുക്കന്‍ തിബത്തെന്നൊരു ദേശത്തിലാണ്‌ ജനിച്ചത്‌. അവിടത്തെ കുട്ടികളുടെ വിനോദം ആരാണ്‌ ഫസ്റ്റ്‌ എത്തുന്നത്‌ എന്ന്‌ മത്സരിച്ച്‌, ദിവസവും എവറസ്റ്റ്‌പോലെയുള്ള കൊടുമുടികള്‍ കയറിയിറങ്ങുക എന്നതായിരുന്നു. ഇരുപത്തി ഒമ്പതിനായിരം അടി. ഇനി ഇരുപത്തിയെട്ടടി മാത്രം. പത്തടികൂടി ടെന്‍സിങ്‌ കയറിയപ്പോള്‍, കയറില്‍ തത്തിക്കളിച്ചിരുന്ന ഹിലാരിക്ക്‌, അല്‍പം ബോധം വന്നു. അയാള്‍ പറഞ്ഞു: 'പതിനെട്ടാമ്പടി കഠിനമെന്റ ടെന്‍സിങ്ങേ.' വീണ്ടും ഹിലാരി മയക്കത്തിലായി. ഹിമക്കാറ്റ്‌ അയാളെ, സെബാസ്‌ത്യാനോസ്‌ പുണ്യവാളന്റെ പെരുന്നാളിനു വരുന്ന ഊഞ്ഞാല്‍ത്തൊട്ടിലുകളുടെ റാട്ട്‌പോലെ, സ്‌പീഡില്‍ വട്ടം കറക്കി.
"ദാ എവറസ്‌റ്റ്‌ കൊടുമുടി. 29028 അടി മുകളില്‍നിന്ന്‌ ടെന്‍സിങ്‌, ലോകത്തിലെ ഏറ്റവും പൊക്കമുള്ള സ്ഥലത്തുനിന്ന്‌, തെക്കോട്ട്‌ നോക്കി. ടാറ്റാകമ്പനിയുടെ പുകക്കുഴല്‍ കണ്ടു; മട്ടാഞ്ചേരി വാര്‍ഫിലെ കൂറ്റന്‍ ക്രേയ്‌നുകളെ കണ്ടു; തോപ്പുംപടി പാലത്തിലെ വലിയ തൂണുകള്‍ കണ്ടു; തിരുവനന്തപുരം പാളയംപള്ളിയുടെ മുകളിള്‍ കൈപരത്തി നില്‌ക്കുന്ന യേശുക്രിസ്‌തുവിന്റെ പ്രതിമയും കണ്ടു. ടെ‍ന്‍സിങ്‌ പുറകിലെ മാറാപ്പില്‍നിന്ന്‌ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക പുറത്തെടുത്തു. കൂടെ കരുതിയിരുന്ന മുളവടിയില്‍‍ അത്‌ കെട്ടി, ഹിമാലയത്തിന്റെ ഉച്ചിയില്‍ കുത്തിനിര്‍ത്തി. നെഹ്‌റുമ്മാന്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ പറയുന്നപോലെ ടെന്‍സിങ്‌ മൂന്നുതവണ ഉറക്കെ 'ജയ്ഹിന്ദ്‌' പറഞ്ഞു.
"ശബ്‌ദം കേട്ട്‌ ഹിലാരി ഉണര്‍ന്നു. 'എന്താണ്‌ ടെന്‍സിങ്ങേ ഒരൊച്ചേം ബഹളോം? മനുഷ്യനെ സുഖമായട്ടൊന്ന്‌ ഒറങ്ങാന്‍ സമ്മതിക്കൂലേ?' ഹിലാരി ചോദിച്ചു. ടെന്‍സിങ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു: 'വണ്ടി ടെര്‍മിനസില്‌ എത്തി, ഇനി മുമ്പോട്ടില്ല. ഇതാണ്‌ കൊടുമുടി.' ഹിലാരി ചാടിയെഴുന്നേറ്റു. അയാളും ന്യൂസിലാന്റ്‌ എന്നു പേരുള്ള അയാളുടെ രാജ്യത്തിന്റെ കൊടിനാട്ടി. എന്നിട്ട്‌ പറഞ്ഞു: "പൊന്ന്‌ ടെന്‍സിങ്ങേ ഒരു ഫോട്ടോ എടുത്തേ, മൂപ്പത്തീന, മിസ്സിസ്‌ ഹിലാരീന, കാണിക്കാനാണ്‌. അവള്‌ട വിചാരം ഞാനൊരു ബ്രാണ്ടിപാര്‍ട്ടിയാണെന്നാണ്‌."
"ടെന്‍സിങ്‌ ഫോട്ടോ എടുത്തു. അത്‌ ചതിയായിരുന്നു, വന്‍ചതി, യൂദാസ്‌ ചതി. ടെന്‍സിങ്‌ എടുത്ത ഫോട്ടോ ആരുടെ കാമറയ്‌ക്കുള്ളിള്‍? ഹിലാരിയുടെ. ഹിലാരി അടിവാരത്തില്‍ എത്തിയപ്പോള്‍ ഫോട്ടോ പുറത്തുവിട്ടു. എല്ലാ കടലാസുകളിലും ന്യൂസ്‌ലാന്റിന്റെ കൊടിപിടിച്ച്‌ ഹിലാരി എവറസ്‌റ്റിന്റെ മുകളില്‍ നില്‌ക്കുന്ന പടം അച്ചടിച്ചുവന്നു. ന്യൂസ്‌ലാന്റിന്റെ കൊടി നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതിന്റെ വടക്കുപടിഞ്ഞാറന്‍ മൂലയില്‍ ഒരു ചെറിയ ചതുരത്തില്‍ ഇംഗ്ലീഷുകാരുടെ ജാക്കികൊടി ഉണ്ട്‌. ഇംഗ്ലീഷുകാര്‍ പറഞ്ഞു: 'ഞങ്ങട ആള്‌ ഫസ്‌റ്റ്‌.' 1953 മേയ്‌ 28-ന്‌ നമ്മുടെ ടെന്‍സിങ്‌ ത്രിവര്‍ണ്ണപതാക എവറസ്‌റ്റിന്റെമേല്‍ കുത്തി. പക്ഷേ, വെള്ളക്കാര്‍ പറഞ്ഞു: 'ഹിലാരി ഫസ്‌റ്റ്‌.' വെള്ളക്കാര്‍ അങ്ങനെയാണ്‌, എപ്പോഴും നമ്മളെ പറ്റിക്കും."

"
- (ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍)

No comments:

Post a Comment