Thursday, July 16, 2009

പ്രണയം മെയ്‌ക്കപ്പിടുമ്പോള്‍

ചീറ്റപ്പുലിയുടെ രൂപം അത്യാകര്‍ഷകമായിട്ടാണ്‌ എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. അനാവശ്യമായ ഒരല്‍‌പ്പം പോലും കൊഴുപ്പ് ആ ശരീരത്തിലില്ല. എങ്കിലും ആവശ്യത്തിന്‌ മാംസമുള്ള, വടിവും ആകാരഭംഗിയുമൊത്ത രൂപഘടന. ഇത്‌ തന്നെയാണ്‌ അവളെക്കുറിച്ചും എനിക്ക് പറയാനുള്ളത്‌ :) .
ആ വെളുത്ത മുഖവും ഏറ്റവും സുന്ദരം. എന്റെ സന്തോഷം കണ്ണുകള്‍ ആദ്യമേതന്നെ അവളോട്‌ നി:ശബ്ദമായി പറഞ്ഞുകൊടുത്തതായിരുന്നു. എന്നിട്ടിപ്പോള്‍ ഒരു വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കുന്നു. എങ്കിലും അവള്‍ ഗൗനിച്ചതേയില്ല.

അപരിചിതനായ ഞാന്‍ അവിടെ നില്‍ക്കെ അവള്‍ കണ്ണാടിയില്‍ നോക്കി ലിപ്‌സ്റ്റിക്ക് ഇട്ടു. ഇത് കുറച്ച് നാളുകള്‍ക്കുമുന്‍പാണ്‌ നടന്നത്. അത് എന്നെ ആശ്ചര്യപ്പെടുത്തി. സാധാരണ പെണ്ണുങ്ങള്‍ മറ്റു പുരുഷന്മാര്‍ നോക്കിനില്‍ക്കെ പരസ്യമായി മെയ്‌ക്കപ്പിടാറില്ലല്ലോ; അതൊക്കെ സ്വകാര്യതയില്‍ ചെയ്‌തിട്ട് വെളിച്ചത്തുവന്ന് പുരുഷന്മാരുടെ മുന്‍പില്‍ ഗമയോടെ നില്‍ക്കുകയല്ലേ പതിവ്. അതും ഒരു ഇമറാത്തിപ്പെണ്ണ്‌. അവളുടെ പ്രവൃത്തി വിചിത്രമായി എനിക്ക് തോന്നി. അവള്‍ പറയാന്‍ ശ്രമിച്ചത് ഇതായിരുന്നു?: "ഇത് എന്റെ നാടാണ്‌. എന്റെ സ്ഥലമാണ്‌. എനിക്ക് ഇവിടെ നിന്നെക്കാളും പവറുണ്ട്. എനിക്ക് ലിപ്‌സ്റ്റിക്ക് ഇടണമെന്ന് തോന്നിയാല്‍ ഞാന്‍ ഇടും. നീ അവിടെ നോക്കിനില്പ്പുണ്ടെന്നുവെച്ച് ഞാന്‍ എന്തിന്‌ അത് ചെയ്യാതിരിക്കണം. എന്റെ കാര്യങ്ങള്‍ ചെയ്യാന്‍ നിന്നെ ഞാന്‍ പേടിക്കേണ്ട കാര്യമില്ല."
അഹങ്കാരി. പിന്നെ അവളെ കുറച്ചുനാള്‍ കണ്ടില്ല. വെക്കേഷനു പോയതായിരിക്കണം. അവളെ എനിക്കും ഓര്‍മ്മ വന്നില്ല.

പിന്നീട് അവളെ കാണുന്നത് കഴിഞ്ഞയാഴ്ചയാണ്‌. കഫറ്റീരിയയില്‍ ഒരു ഫെന്‍സ് വെച്ചു രണ്ടായി തിരിച്ചിരിക്കുന്നതിന്റെ അപ്പുറം അവള്‍ ഇരിക്കുന്നു, കൂട്ടുകാരികളുമൊത്ത്. ഇപ്പുറം ഞാന്‍. യാദൃശ്ചികമായാണ്‌ ഞാന്‍ ഫെന്‍സിന്റെ വിടവുകളിലൂടെ അത് കണ്ടത്. അവള്‍ കൂടെക്കൂടെ എന്നെ പാളി നോക്കുന്നു. ഞാന്‍ ശ്രദ്ധിക്കുന്നതുകണ്ടപ്പോള്‍ ദൃഷ്ടികള്‍ മാറ്റിക്കളയുന്നു. അപ്പോള്‍ അവള്‍ക്ക് എന്നെക്കുറിച്ചും ചിന്തയൊക്കെയുണ്ട്. അത് മതി. എനിക്ക് തൃപ്തിയായി. മനസ്സ് നിറഞ്ഞു!

പിറ്റെ ദിവസം അവളെ വീണ്ടും കണ്ടു. തനിച്ച്. അപ്പോള്‍ അവള്‍ സിസിഡി കാമെറയുടെ മുന്നില്‍നിന്ന് സ്‌ക്രീനില്‍ അവളുടെ മുഖം നോക്കിക്കൊണ്ട് ലിപ്‌സ്റ്റിക്കും കണ്മഷിയും മറ്റും ഭംഗിയായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തി. തലയും കഴുത്തും തലമുടിയും മൂടിയിരിക്കുന്ന ഹിജാബിന്റെ അരികുകള്‍ കൈകള്‍ കൊണ്ട് ശരിപ്പെടുത്തി മുഖഭംഗി തീര്‍ച്ചപ്പെടുത്തി. ഞാന്‍ മാത്രമേ തൊട്ടടുത്തുള്ളൂ. ഞാന്‍ നോക്കിക്കൊണ്ട് നില്‍ക്കുന്നത് കണ്ടിട്ടും അവള്‍ ഒരു കൂസലുമില്ലാതെ മുഖത്തിന്‌ ഭംഗി വരുത്തുന്നു. പക്ഷെ ഇപ്പോള്‍ അവളുടെ മനസ്സില്‍ എന്നോട് സ്നേഹവും സൗഹൃദഭാവവുമേയുളളൂ. അതാണ്‌ കഫറ്റീരിയയില്‍നിന്ന് എനിക്ക് മനസ്സിലായതും. ഇപ്പോള്‍ അവളുടെ മുഖത്തെ പ്രസന്നതയും അതുതന്നെയാണ്‌ പറയുന്നത്. അപ്പോള്‍, അവള്‍ക്ക് എന്നോട് അനിഷ്‌ടമില്ല. ഞാന്‍ അവള്‍ക്ക് അന്യനല്ല എന്നും എന്റെ സാന്നിദ്ധ്യത്തില്‍ അവള്‍ക്ക് സന്തോഷമുണ്ടെന്നും അതില്‍ അവള്‍ comfortable ആണെന്നുമാണ്‌‌ അവള്‍ പറയാന്‍ ശ്രമിച്ചത്! അന്ന് ലിപ്‌സ്റ്റിക്ക് ഇട്ടപ്പോഴും അവള്‍ അതുതന്നെയാണ്‌ പറഞ്ഞതും! എനിക്കത് മനസ്സിലാകാതെ പോയി. ഞാന്‍ അവളെ അഹങ്കാരിയാക്കി. പാവം! എപ്പോഴും അവളോട് യാതൊരു ഫോര്‍മാലിറ്റിയുമില്ലാതെ, ഒരു കുടുംബാംഗത്തോടെന്നപോലെ ആത്മാര്‍ത്ഥതയോടുകൂടിയുമാണ്‌ ഞാന്‍ പെരുമാറിയിട്ടുള്ളത്. വൈകിയാണെങ്കിലും ആ സ്നേഹം അവള്‍ മാനിച്ചിരിക്കുന്നു എന്ന് എന്നെ അറിയിച്ചിരിക്കുകയാണ്‌ അവള്‍ തന്റെയും അനൗപചാരികമായ ചേഷ്‌ടകളിലൂടെ. അന്ന് ലിപ്‌സ്റ്റിക്കിട്ടപ്പോഴും അതേ വികാരമായിരുന്നു! അതോ അതിനും വളരെ മുന്‍പ് മുതല്‍, ആദ്യം മുതലേ അങ്ങനെയായിരുന്നോ? അവള്‍ക്കത് പ്രകടിപ്പിക്കേണ്ടതെങ്ങനെയെന്നറിയാതെ പോയതാണോ? അതോ എനിക്ക് മനസ്സിലാകാതെപോയതോ? ഇവള്‍ (പ്രേമലേഖനത്തിലെ) സാറാമ്മയുടെ സുഹൃത്തായിരിക്കണം:) ഏതായാലും അവള്‍ മുഖം നോക്കിക്കൊണ്ടിരുന്ന ടിവി സ്ക്രീനിലെ ദൃശ്യം കോണ്‍ഫറന്‍സ് റൂമിലിരിക്കുന്നവര്‍ വലിയ സ്‌ക്രീനില്‍ ലൈവ് ആയി കാണുന്നുണ്ടാകും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഒരു ഞെട്ടലോടെ അവള്‍ കാമറയുടെ മുന്നില്‍നിന്ന് വശത്തേക്ക് ചാടിമാറി: "റീലി??!" ('റിയലി' എന്ന് വായിച്ചോളണം). അതെയെന്ന് ഞാന്‍ പറഞ്ഞു. 'ശ്ശോ, ആകെ ചമ്മലായല്ലോ' എന്ന ഭാവത്തില്‍ വിഷമത്തോടെ, പരുങ്ങലോടെ, അവള്‍ നിന്നു.

ഒന്നുരണ്ട് ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ വീണ്ടും കഫറ്റീരിയയില്‍ വെച്ച് കണ്ടു. അവളുടെ മുഖം കണ്ട ഞാന്‍ ഞെട്ടി. മുല്ലപ്പൂ പോലെ മനോഹരമായ വെളുത്ത മുഖത്ത് കവിളുകള്‍ രണ്ടും ചായം തേച്ച് ചുവപ്പിച്ചിരിക്കുന്നു. ആ കോലത്തില്‍ അതുവരെ അവളെ കണ്ടിട്ടില്ലായിരുന്നു. ' നിനക്കെന്റെ മുഖം കാണുന്നത് ഇഷ്ടമാണല്ലോ, അതുകൊണ്ട് നിനക്ക് കണ്ടാസ്വദിക്കാന്‍ വേണ്ടി ഞാന്‍ മുഖം സുന്ദരമാക്കി വെക്കുന്നു. എന്റെ കവിളുകള്‍ എത്ര ഭംഗിയായിരിക്കുന്നുവെന്ന് നോക്കൂ' എന്ന ഭാവത്തില്‍ അവള്‍ എന്റെ മുന്നില്‍ക്കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ശ്ശൊ! യാ ബിന്‍‌ത് !! ഇത്രയ്ക്ക് വേണ്ടായിരുന്നു.
കണ്മഷിയും ലിപ്‌സ്റ്റിക്കുമല്ലാതെ മറ്റൊന്നും അതിനുമുന്‍പ് മുഖത്ത് അവള്‍ ഉപയോഗിച്ചുകണ്ടിട്ടില്ല. കണ്മഷി ഭംഗിയാണെപ്പോഴും. ലിപ്‌സ്റ്റിക്കാകട്ടെ, വളരെ നാചുറല്‍ ഷെയ്‌ഡാണ്‌ അവള്‍ ഉപയോഗിക്കുക. അവളുടെ rose lips- നു ചേരുന്ന രീതിയിലുള്ള rose നിറം. ലിപ്‌സ്റ്റിക്ക് ഇട്ടിട്ടുണ്ട് എന്നറിയുകപോലുമില്ല. പക്ഷെ ഇപ്പോള്‍ ഈ കവിളത്ത് ചെയ്തത് ആ മുഖത്തിന്‌ വളരെ കൃത്രിമത്വം സൃഷ്‌ടിക്കുന്നു. കവിളത്ത് ചുവപ്പ് ചായം വാരിപ്പൂശുക, കണ്‍പോളകളില്‍ നീലയും പച്ചയും നിറമിടുക, ഗില്‍റ്റും മറ്റും ഉപയോഗിച്ച് തിളക്കമുണ്ടാക്കുക, രണ്ടിഞ്ചുകനത്തിലെങ്കിലും പുട്ടിയടിക്കുക, അതും മുഖത്തിന്‌ ഒട്ടും യോജിക്കാത്ത നിറങ്ങളില്‍, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഖലീജിപ്പെണ്ണുങ്ങള്‍ കുപ്രസിദ്ധരാണ്‌. പക്ഷെ അവള്‍ ഇക്കാര്യത്തില്‍ അവരില്‍നിന്നൊക്കെ വ്യത്യസ്തയാണ്‌ എന്നത് എനിക്ക് വളരെ സന്തോഷം നല്‍കിയിരുന്ന കാര്യമാണ്‌. പക്ഷെ അവളും ഇപ്പോള്‍... ഇനി മറ്റ് ഇമറാത്തിപ്പെണ്ണുങ്ങള്‍ ചെയ്യുന്നതുപോലെ, ഹിജാബിനകത്ത് തടവിലാക്കപ്പെട്ടിരിക്കുന്ന തലമുടിയുടെ സൗന്ദര്യം ആരും കാണാതെപോകുന്നല്ലോ എന്ന വിഷമം തീര്‍ക്കാനായി മുടി താനെ തെന്നിവീണുകിടക്കുകയാണ്‌, അറിഞ്ഞുകൊണ്ടല്ല, എന്ന് തോന്നിക്കുന്ന രീതിയില്‍ അല്പം മുടി ഹിജാബില്‍നിന്ന് പുറത്തേക്ക് നെറ്റിയിലേക്ക് cascade ചെയ്തിടുന്ന രീതിയും ഇവള്‍ പരീക്ഷിക്കുമോ. ചുറ്റുമുള്ള മറ്റു പെണ്ണുങ്ങള്‍ ചെയ്യുന്നതുപോലെ വെളുത്ത മുഖത്തെ മനോഹരമായ കറുത്ത പുരികങ്ങള്‍ പ്ലക്ക് ചെയ്‌ത് നൂലുപോലെ നേര്‍ത്തതാക്കുകയും ചെയ്യുമോ. സങ്കല്‍‌പ്പിക്കാന്‍ വയ്യ! കൊച്ചേ, വേണ്ട കേട്ടോ.. ഇപ്പോഴുള്ള simple രൂപത്തില്‍ത്തന്നെ എത്ര മനോഹരിയാണ്‌.

പക്ഷെ, അവള്‍ ചെയ്തിരിക്കുന്ന ഒരു കാര്യം എനിക്ക് വലിയ ഇഷ്ടമാണ്‌. മൂക്കുത്തി! അറബിപ്പെണ്ണുങ്ങള്‍ മൂക്കുത്തിയിടാറില്ലെന്നായിരുന്നു എന്റെ ധാരണ. പക്ഷെ സഹപ്രവര്‍ത്തകയായ സുഡാനിപ്പെണ്ണിന്റെ മുഖത്ത് അത് ആദ്യമായി കണ്ടു. ഇപ്പോള്‍ രണ്ടാമതായി ഇവളുടെ മുഖത്തും. ഇത് ഇവള്‍ ഇപ്പോള്‍ install ചെയ്തതാണോ അതോ മുന്‍പുമുതലേ മൂക്കിന്മേലുണ്ടായിരുന്നോ എന്നറിയില്ല. മുന്‍പൊരിക്കലും ശ്രദ്ധയില്‍‌പ്പെട്ടിട്ടില്ലായിരുന്നു. കാരണം it's a really tiny, tiny nose-pin. So tiny that you don't notice it unless you stand real close to her. മാത്രവുമല്ല, അത് മൂക്കിനു മുകളില്‍ പൊങ്ങിനില്‍ക്കുകയല്ല, മൂക്കിന്മേല്‍ embed ചെയ്തുവെച്ചിരിക്കുകയാണ്‌ എന്നാണ്‌ തോന്നുക. വളരെ പൊടി. എത്ര മനോഹരം! അതിരിക്കുന്ന മൂക്കിനെ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു. (ആ മൂക്കിരിക്കുന്ന മുഖവും.)

(picture courtesy: Discovery site)

(Edited on 18.07.2009:
ഈ പോസ്റ്റ് ഇട്ടതിനുശേഷമാണ്‌ അറിഞ്ഞത് 'ബിന്‍‌ത്' (bint) എന്നത് ചില രാജ്യങ്ങളില്‍ ഒരു പെണ്ണിനെ മോശമായി അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന വാക്കാണെന്ന്‌. പക്ഷെ അറബിഭാഷയില്‍, അറബിനാടുകളില്‍ 'യാ ബിന്‍‌ത്' എന്നു പറഞ്ഞാല്‍ 'O girl' എന്നേ അര്‍ഥമുള്ളൂ. രണ്ടാമതൊരു അര്‍ത്ഥമില്ല. ഈ പോസ്റ്റില്‍ പ്രത്യേകിച്ചും. പിന്നെ പറയുന്ന ടോണും സന്ദര്‍ഭവും സാഹചര്യവുമൊക്കെ അനുസരിച്ച് ഏത് വാക്കിനും വ്യത്യസ്‌ത അര്‍ത്ഥങ്ങള്‍ കൈവരുന്നതുപോലെ ഇതിനും വരുമെന്നുമാത്രം.
ഇതിലെ മറ്റുചില പ്രയോഗങ്ങളുടെ അര്‍ത്ഥം കൂടി:
ഇമറാത്തിപ്പെണ്ണ്: Emirates girl
ഖലീജിപ്പെണ്ണുങ്ങള്‍: Gulf girls)

3 comments:

saljoJoseph said...

.....unless you stand real close to her! ha ha nice one... :)

Anil cheleri kumaran said...

മനോഹരമായ എഴുത്താണല്ലോ. കഥ എവിടെയെങ്കിലും കൊണ്ട് അവസാനിപ്പിച്ചു കൂടെ?

deepdowne said...

Saljo :)

കുമാരന്‍, കഥകള്‍ നമ്മള്‍ വിളിക്കുന്ന വഴിക്ക് വല്ലതും വരുന്ന സാധനമാണോ? അവ അവയുടെ വഴിക്കങ്ങ് പോകും. ഇതുവരെ അങ്ങനെയായിരുന്നു. നോക്കാം :)

Post a Comment