Thursday, October 22, 2009

രമണന്‍

പുസ്തകം: രമണന്‍
‍കവി: ചങ്ങമ്പുഴ

പ്രസാ: ഡി സി ബുക്സ്
ISBN: 81-264-0592-9


ളരെ വൈകിയാണെങ്കിലും ഞാനും വായിച്ചു രമണന്‍. ഇത്രയും കാലം ഞാന്‍ കരുതിയിരുന്നത് മലയാളത്തിലെ Romeo and Juliet ആണ്‌ ഇത് എന്നായിരുന്നു. പക്ഷെ വളരെ വ്യത്യാസമുണ്ടെന്ന് വായിച്ചപ്പോള്‍ മനസ്സിലായി. വായിച്ചുരസിക്കാവുന്ന വെറും റൊമാന്റിക് മാത്രമായ ഒരു കൃതി എന്നേ ഇത്രയും നാള്‍ കരുതിയിരുന്നുള്ളൂ. അതായത് വെറും സ്വപ്നലോകത്തെ കാല്പനികതകള്‍. പക്ഷെ അങ്ങനെയല്ല. ജീവിതത്തിന്റെ കനത്ത ഒരു സ്പര്‍ശം ഇതിലുണ്ട്.
അവതാരികയില്‍ ജോസഫ് മുണ്ടശ്ശേരി ഇങ്ങനെ പറയുന്നു:
"ലോര്‍ഡ് ബയറന്റെ 'ചൈല്‍ഡി ഹാരോള്‍ഡ്' എന്ന കവിതയ്ക്ക് ആയിരക്കണക്കിനാവശ്യക്കാരുണ്ടായതിനെപ്പറ്റി പറയുന്ന കൂട്ടത്തില്‍ ഒരു നിരൂപകന്‍
അഭിപ്രായപ്പെടുകയാണ്‌:"ഏറ്റവും ചെലവുള്ള കൃതികള്‍ കലാസൗഭഗം കൊണ്ട്,
അനുത്തമങ്ങളാകട്ടെ, അല്ലാത്തതാകട്ടെ, പുറപ്പെടുന്ന കാലത്തിന്റെ ആശകളുമാവശ്യങ്ങളും അവയ്ക്കു പിന്‍പില്‍ക്കാണും. തക്ക സന്ദര്‍ഭങ്ങളിലായിരിക്കും അവയെത്തുന്നത്. അതേവരെ കെട്ടിനിന്നിട്ടുള്ള ചില വികാരങ്ങളെ അണമുറിച്ചുവിടുവാന്‍ അവ ഉതകുകയും ചെയ്യും." രമണനെക്കുറിച്ചായാലും ഈ അഭിപ്രായം അര്‍ഥവത്തല്ലയോ?"


രമണന്റെ വിജയത്തിന്റെ പകുതികാരണം മേല്പ്പറഞ്ഞതായിരിക്കാം. സ്കൂളില്‍ പഠിക്കുമ്പോള്‍ പാഠപുസ്തകത്തില്‍ മലയാളകവിതയെന്നും പറഞ്ഞ് കൊടുത്തിരുന്ന മഹാകവികളുടെ സംസ്കൃതം നിറഞ്ഞ കടിച്ചാല്‍ പൊട്ടാത്ത കവിതകള്‍ കാണാപ്പാഠം പഠിക്കേണ്ടിവന്നപ്പോള്‍ അതൊരു insult പോലെ തോന്നിയിരുന്നു. മലയാളകവിതയെന്ന ലേബലില്‍ മലയാളകവിത തന്നെ കാണാന്‍ കൊതിച്ചിരുന്ന എന്നെപ്പോലെയുള്ള അനേകം പേരുടെ കാത്തിരിപ്പിനു മറുപടിയായായിരിക്കണം രമണന്‍ വന്നത്. അതുകൊണ്ടായിരിക്കാം മേല്പ്പറഞ്ഞതുപോലെ അത് വളരെ സ്വീകരിക്കപ്പെട്ടതും. എങ്കിലും അതിന്റെ വിജയം പൂര്‍ണ്ണമായും അതുകൊണ്ടാണെന്ന് വിശ്വസിക്കാന്‍ വയ്യ. പച്ചമലയാളത്തില്‍ ആര്‍ക്കും മനസ്സിലാകുന്നരീതിയില്‍ വളരെ മനോഹരതയോടും എന്നാല്‍ ലാളിത്യത്തോടും കൂടി ഒരു ശൃംഗാരരസപ്രധാനമായ കാവ്യം അവതരിച്ചു എന്നതായിരിക്കണം ആ ഗുണങ്ങള്‍ക്കുവേണ്ടി ദാഹിച്ചിരുന്ന മനസ്സുകളുടെ 'കാലഘട്ടത്തിന്റെ ആവശ്യം'. പക്ഷെ കാലഘട്ടത്തിനപ്പുറത്തേക്കും അതിനെ വിജയിപ്പിക്കുന്നതിന്‌ മറ്റൊരു കാര്യം കൂടി നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ടെന്നു തോന്നുന്നു.. Shakespeare-ന്റെ Romeo and Juliet-നെക്കാളും അതിനെ ഒരുപടി മുന്നിലേക്ക് നിര്‍ത്തുന്ന ഒരുകാര്യം. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാട്ടുന്നതിലുള്ള സത്യസന്ധത. Romeo and Juliet പൂര്‍ണ്ണമായും കാല്പനികമായ ഒരു ലോകത്ത് നില്‍ക്കുന്നു. റോമിയോയും ജൂലിയറ്റും പ്രേമബദ്ധര്‍. അവരുടെ കുടുംബങ്ങള്‍ ബദ്ധവൈരികളായതുകൊണ്ട് അവരുടെ ബന്ധത്തിന്‌ അംഗീകാരം ലഭിക്കുന്നില്ല. അതുകൊണ്ട് ജീവിതത്തിലൊന്നിക്കാന്‍ കഴിയാത്ത അവര്‍ക്കിരുവര്‍ക്കും മരണത്തെ വരിക്കേണ്ടിവരുന്നു. ഇതില്‍ രണ്ടുകൂട്ടരുടെയും കുടുംബങ്ങള്‍ എതിരുനില്‍ക്കുമ്പോഴും നായികാനായകന്മാര്‍ കൊടിയ പ്രേമത്തില്‍ത്തന്നെയാണ്‌. രമണന്‍ വ്യത്യസ്തപ്പെട്ടുനില്‍ക്കുന്നതും ആ ഒരു കാര്യത്തിലുള്ള വ്യത്യസ്തതമൂലമാണ്‌. രമണനും ചന്ദ്രികയും തീവ്രപ്രണയത്തിലാണ്‌. രമണന്‍ ദരിദ്രനായ ഒരു ആട്ടിടയന്‍. ചന്ദ്രികയോ ധനികകുടുംബത്തിലെ പെണ്‍കുട്ടി. സാമൂഹ്യവ്യവസ്ഥിതിയില്‍ അധിഷ്ടിതമായ ഉച്ചനീചത്വങ്ങള്‍ മൂലം ഇരുവര്‍ക്കും ഒന്നിക്കാന്‍ കഴിയില്ല. പുസ്തകത്തിന്റെ പകുതിയിലധികം വരുന്ന ഈ ഭാഗം ലളിതവും മനോഹരവുമായ ഭാഷയില്‍, ശൃംഗാരഭാവത്തില്‍, ലഹരിപിടിപ്പിക്കുന്ന താളത്തില്‍ ഇളകിയിളകി മുന്നോട്ടുപോയി. അതൊക്കെ യാതൊരു seriousnessഉമില്ലാതെ, ഒരു മനോഹരപ്രേമകഥയായി വളരെ അലസമായി ആസ്വദിച്ച് വായിച്ചു ഞാന്‍ മുന്നോട്ട് പോയി. പെട്ടെന്നാണത് സംഭവിച്ചത്. ഒരു ചെറിയ ഷോക്ക്. കാല്പനികതയുടെ സ്വപ്നലോകത്തുനിന്ന് പൊടുന്നനെ ഞാന്‍ ഭൂമിയിലേക്ക് വീണുപോയി. തങ്ങളുടെ പ്രണയം സഫലമാകില്ല എന്നു ബോദ്ധ്യമായ ചന്ദ്രിക കഠാരയുമായി സ്വയം കുത്തിമരിക്കാനായി മുറിയില്‍ തനിച്ചുനിന്നപ്പോള്‍ മനസ്സിലൂടെ പാഞ്ഞുപോയ നൂറായിരം ചിന്തകളുടെയൊടുവില്‍ ആത്മഹത്യ വേണ്ട എന്ന തീരുമാനത്തിലെത്തുന്നു. ജീവിക്കാന്‍ തന്നെയുറപ്പിക്കുന്നു. ഓടക്കുഴലുമായി നടക്കുന്നൊരു ദരിദ്രനാമാട്ടിടയനുവേണ്ടി ജീവിതം പാഴാക്കുന്നത് മണ്ടത്തരമാണെന്ന വിശ്വാസത്തിലെത്തുന്നു. ജീവനോടെയിരുന്നാല്‍ എല്ലാം തികഞ്ഞ കുടുംബത്തില്‍ എല്ലാ സുഖങ്ങളോടും കൂടി രാജകുമാരിയായി കഴിയാമെന്ന വെളിപാടുണ്ടാകുന്നു. രമണനെ ത്യജിക്കാന്‍ തന്നെ ഉറപ്പിക്കുന്നു.

"ഇല്ല, ഞാനെന്നെനശിപ്പിക്കയില്ലൊരു
പുല്ലാങ്കുഴലിനുവേണ്ടിയൊരിക്കലും."

"എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!"

എന്നു തന്നോടുതന്നെയുരുവിടുന്നു. തീരുമാനമറിഞ്ഞ രമണന്‍ ആത്മഹത്യയിലേക്ക് തിരിയുകയും ചെയ്യുന്നു.

എം. പി. പോള്‍ ബഷീറിന്റെ ബാല്യകാലസഖിയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണല്ലോ: "ഇത് ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ഒരേടാണ്‌. ഇതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു." രമണനിലും ജീവിതം അവശേഷിപ്പിച്ച ചതവ് മായാതെ കിടക്കുന്നു. അതങ്ങനെ തന്നെ കിടക്കും.

6 comments:

★ Shine said...

Good reading. Thanks.

deepdowne said...

Thank you Shine :)

ശ്രീ said...

ഇതു വായിച്ചപ്പോള്‍ പുസ്തകം വായിയ്ക്കണമെന്ന് തോന്നുന്നു

Manoraj said...

സുഹൃത്തേ,

ഈ ബ്ലോഗില്‍ വളരെ നല്ല കുറച്ച് പുസ്തകപരിചയങ്ങള്‍ കണ്ടു. വിരോധമില്ലെങ്കില്‍ അതില്‍ നിന്നും ഉചിതമായവ ഉചിതമായ ടൈംസ്ലോറ്റില്‍ പുസ്തകവിചാരം എന്ന ഗ്രൂപ്പ് ബ്ലോഗിലേക്ക് പോസ്റ്റ് ചെയ്യുവാന്‍ ഉപയോഗിക്കാമോ. പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. ഒരു മറുപടികമന്റായോ മെയിലായോ അറിയിക്കുമെന്ന് കരുതട്ടെ..
http://malayalambookreview.blogspot.com/

deepdowne said...

njan oru copyright pranthan onnum alla mashe. endu venamenkilum edukku. proper credits kittiyal valiya upakaram, athreyullu.. :P

Manoraj said...

നന്ദി. മാഷേ.. താങ്കളുടെ പേരില്‍ തന്നെയാവും പോസ്റ്റ് വരിക. ഒര്‍ജിനല്‍ ഫോട്ടോ ഉള്‍പ്പെടെ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെങ്കില്‍ അതും ആവാം.

Post a Comment