"
"പ്രവചനം ഒന്നിൽനിന്നും തുടങ്ങിയതല്ല, ഒന്നിലും അത് അവസാനിയ്ക്കുന്നുമില്ല. എന്നാൽ പ്രവാചകൻ മനുഷ്യനാണ്, മനുഷ്യാവതാരത്തിന്റെ എല്ലാ പരിമിതികളും അയാൾക്കുണ്ടാകും. പ്രവാചകനിലൂടെ വന്ന അറിവുകൾ കുറിച്ചുവെയ്ക്കുന്നതും മനുഷ്യൻ, പരിമിതികളുള്ളവൻ! താൻ ആവർത്തിയ്ക്കുന്നത് അവന്റെ വാക്കുകളാണെന്നും, താൻ മാത്രമാണ് വഴിയെന്നും ഒരു പ്രവാചകൻ പറയുമ്പോൾ അവൻ എണ്ണിയാലൊടുങ്ങാത്ത പ്രവാചക പരമ്പരകൾക്കുവേണ്ടി സംസാരിയ്ക്കുകയാണ്."
"പ്രവാചകന്മാരുടെ വ്യത്യാസങ്ങൾ--"
"മിനാരത്തിലെ വിളിയും ഓടക്കുഴലും തമ്മിലുള്ള വ്യത്യാസം, ഒട്ടകവും പശുവും തമ്മിലുള്ള വ്യത്യാസം, ഇതൊക്കെ പ്രവചനവാക്യങ്ങളുടെ പ്രതീകങ്ങളെ ഇത്തിരിയിത്തിരി ബാധിച്ചിരിയ്ക്കുന്നുവെന്നുമാത്രം. അപ്രകാരം തന്നെ, പ്രവാചകന്മാരുടെ പിന്മുറക്കാർ ഭരണാധിപന്മാരായി മാറുമ്പോൾ സ്വന്തം സ്ഥാപിതതാൽപര്യങ്ങളെ പ്രവചനത്തിന്റെ ചുട്ടികുത്തി മതഗ്രന്ഥങ്ങളിലേയ്ക്ക് തിരുകിക്കയറ്റുകയും ചെയ്യുന്നു."
"അപ്പോൾ ഈ താടിയും മുടിയും," സുജാൻസിങ്ങിന്റെ സ്വരം ചരിത്രസന്ദേഹങ്ങൾകൊണ്ടു നിറഞ്ഞു, "ഉടമ്പടിയെന്ന് കോർപ്പറൽ വൈസ്മൻ വിളിച്ച ഈ അനുഷ്ഠാനം, അതിനുവേണ്ടി മരിയ്ക്കുന്നതിൽ അർത്ഥമില്ലെന്നാണോ അങ്ങ് പറഞ്ഞുവരുന്നത്?"
"അങ്ങനെയെന്തെങ്കിലും തറപ്പിച്ചുപറയാൻ എനിയ്ക്കു വയ്യ സുജാൻസിംഗ്."
"പിന്നെ ഹിന്ദുവും ശിഖനും ഇങ്ങനെ പെരുമാറുന്നത് എന്തുകൊണ്ട്?" കുരിശുയുദ്ധങ്ങൾ എങ്ങനെയുണ്ടായി?"
നാരായണൻ ഭയന്നും വേദനിച്ചും പറഞ്ഞു, "പ്രവാചകന് ചിലപ്പോൾ തെറ്റുപറ്റുന്നു, മിക്കപ്പോഴും പ്രവചനത്തിന്റെ അവസാനവാക്യങ്ങൾ കേൾക്കാനാവാതെ ദൈവാനുഭവത്തിൽ പ്രവാചകൻ എരിയുന്നു."
"ഇത് ഞാൻ എങ്ങനെ സഹിക്കും, സാബ്?"
"ഇത്തരം സഹനങ്ങളുടെ പ്രത്യക്ഷരേഖകളാണ് ഭാരതത്തിന്റെ ആത്മീയത."
"
- (പ്രവാചകന്റെ വഴി) [Amazon link: Pravachakante vazhi]
[Preaching pic courtesy: Eric Skiff]
Saturday, May 22, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment