Thursday, June 14, 2007

അവള്‍...

(വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു ഗസലിനു തൊട്ടു മുന്‍പായി ഉര്‍ദുവില്‍ ഒരു മനോഹരമായ ശേറ്‌ കേട്ടു. അത്‌ മനസ്സിന്റെ ആഴത്തിലേക്കിറങ്ങി ഹൃദയത്തിന്റെ ഒരു കോണ്‌ സ്വന്തമാക്കി. ഇപ്പോഴും അത്‌ അവിടെത്തന്നെ അള്ളിപ്പിടിച്ചിരിക്കുന്നു. അതിനുകൂട്ടായി എവിടെ നിന്നോ വേറെയും ചില വരികള്‍ ഓടിവന്നു. എല്ലാമെടുത്ത്‌ പെറുക്കിവെച്ചപ്പോള്‍ താഴെ കാണുന്നതായി. ഇതിന്‌ എന്തെങ്കിലും ഭംഗിയുണ്ടെങ്കില്‍ അത്‌ ആ ആദ്യത്തെ രണ്ടുവരികള്‍(ഇവിടെ ആദ്യത്തെ നാലു വരികള്‍) മൂലമാണ്‌. അത്‌ മാറ്റിയാല്‍ പിന്നെ മറ്റൊന്നും ബാക്കിയില്ല. ആ രണ്ടുവരികളുടെ ഉടമസ്ഥനായ ആ മഹാനായ, അജ്ഞാതനായ കവിക്കുമുന്‍പില്‍ ഞാന്‍ പ്രണമിക്കുന്നു!)


എന്നേക്കാളധികം എന്നെയറിയുന്നവളു,
ണ്ടെന്നരികേ,യെന്നിട്ടും അപരിചിതയാണവള്‍!
എന്റെ കവിത വായിക്കാനറിയാത്തവള്‍,
ഞാനെന്തു പറയാന്‍...എന്റെ കവിതയാണവള്‍!

അവളുടെ മെയ്യിന്റെയോരോ ചലനവും
എന്നെയുണര്‍ത്തുന്നു, സുന്ദരിയാണവള്‍..
അവളെന്റെ ഹൃദയത്തില്‍ പൂ വിതറിപ്പോയി,
എന്‍മനസ്സിന്റെ കാവല്‍ക്കാരിയാണവള്‍;

എന്നില്‍നിന്നുതിര്‍ന്നുവരുന്നോരു ഗീതവും
എന്നുടേതല്ല, അതിന്നുറവിടമാണവള്‍,
ഹൃദയത്തിന്‍ വേനലില്‍ കുളിരുള്ള മഴയുമായ്‌
പാറിവന്നെത്തുന്ന ചെറുമേഘമാണവള്‍;

വഴിവക്കിലെ കൊച്ചുപൂക്കളെ ചുംബിക്കും
ശലഭങ്ങളെപ്പോലെ ചഞ്ചലയാണവള്‍
ഇരുളിന്റെ വീഥിയില്‍ വഴികാട്ടിയായി
പ്രകാശം പരത്തുന്ന മിന്നാമിനുങ്ങവള്‍;

നിഴല്‍ പോലെയെപ്പോഴുമെന്നടുത്തുണ്ടവള്‍,
എങ്കിലും, എത്രയപരിചിതയാണവള്‍!
എന്റെ കവിത വായിക്കാനറിയാത്തവള്‍,
ഞാനെന്തു പറയാന്‍, എന്റെ കവിതയാണവള്‍!


No comments:

Post a Comment