mon, 18th, around 6.30 pm(saudi time)
mon, 18th, around 8.30 pm(saudi time)
മിനിഞ്ഞാന്ന് വൈകിട്ട് ഏതാണ്ട് 6.30-ന് ഞാന്‍ ടെറസ്സില്‍ പോയി. മാനത്ത് മനോഹരമായ ചന്ദ്രക്കലയും അതിന്റെ ഇടത്തുവശത്തായി ഒരു 'നക്ഷത്ര'വും കണ്ടു. എന്തോ ഒരു പ്രത്യേകഭംഗിയുള്ളതായി തോന്നി ആ കാഴ്ച. ഓടി താഴെ പോയി കാമറയെടുത്തുകൊണ്ടുവന്ന് അതിന്റെ ഒരു ഫോട്ടോയെടുത്തു. അപ്പോള്‍ ആകാശം അരണ്ട നിറമായിരുന്നുവെങ്കിലും അധികം ഇരുട്ടായിരുന്നില്ല. അല്‍പം കൂടി കഴിഞ്ഞാല്‍ ശരിക്ക് ഇരുട്ടുമ്പോള്‍ ചന്ദ്രക്കലയും 'നക്ഷത്ര'വും കൂടുതല്‍ പ്രകാശമുള്ളതായി കാണാന്‍ കഴിയും, അപ്പോള്‍ വന്ന് ഒരു ഫോട്ടോ കൂടി എടുക്കാം എന്ന് കരുതി ഞാന്‍ താഴേക്ക് വന്നു. ഏതാണ്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ടെറസ്സില്‍ പോയി നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ഭുതപ്പെടുത്തിക്കളഞ്ഞു! കുറച്ചുമുന്‍പ് ചന്ദ്രക്കലയുടെ ഇടതുവശത്തുണ്ടായ 'നക്ഷത്രം' ഇപ്പോള്‍ ഇതാ വലതുവശത്ത് കാണുന്നു! ഇതെന്തു മറിമായം! നേരത്തെയെടുത്ത ഫോട്ടോ നോക്കി അത് ആദ്യം ഇടതുവശത്തു തന്നെയായിരുന്നു എന്ന് ഉറപ്പ് വരുത്തി. ഈ അദ്ഭുതപ്രതിഭാസത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമോ എന്നും ചോദിച്ച് ബ്ലോഗില്‍ ആ ചിത്രങ്ങള്‍ സഹിതം ഒരു പോസ്റ്റിടാമെന്ന് കരുതി. പക്ഷെ പിന്നീടാലോചിച്ചപ്പോള്‍ അത് ഒരുപക്ഷെ നിത്യേനയെന്നോണം ആകാശത്ത് നടക്കുന്ന ഒരു കാര്യമായിരിക്കുമെന്നും ഞാന്‍ അധികം മാനം നോക്കി ഇരിക്കാറില്ലാത്തതുകാരണം അതിനെക്കുറിച്ച് അറിവില്ലാതെപോയതാവാമെന്നും അതിനെക്കുറിച്ച് പോസ്റ്റിട്ടാല്‍ എല്ലാരും എന്നെ പരിഹസിച്ച് ചിരിക്കുമെന്നും കരുതി ആ ഉദ്ദേശം വേണ്ടെന്നുവെച്ചു. പക്ഷെ ഇന്നിതാ നോക്കുമ്പോള്‍ ഗള്‍ഫ് ന്യൂസില്‍ ഒരു ലേഖനം കിടക്കുന്നു അതിനെക്കുറിച്ച്. ഇത് വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം മാത്രം സംഭവിക്കുന്ന പ്രതിഭാസമാണത്രേ! അത് സംഭവിച്ച ദിവസം തന്നെ എനിക്ക് മോളിലേക്ക് പോകാന്‍ തോന്നിയതും ആ കാഴ്ചയുമായി പ്രേമത്തിലായതും, ചിത്രമെടുക്കാന്‍ തോന്നിയതും, കൂടുതല്‍ വ്യക്തമായ ചിത്രത്തിനായി വീണ്ടും മോളില്‍ പോകാന്‍ തോന്നിയതും--എല്ലാം വളരെ മധുരവും അവിശ്വസനീയവുമായ യാദൃശ്ചികത മാത്രം. ആ 'നക്ഷത്രം' വീനസ് എന്ന ഗ്രഹമാണെന്ന് ആ ലേഖനത്തില്‍നിന്ന് മനസ്സിലായി(വീനസിന്റെ മലയാളമെനിക്കറിയില്ല!). അത് ചന്ദ്രക്കലയുടെ ഇടത്തുവശത്തുനിന്ന് മെല്ലെമെല്ലെ നീങ്ങിനീങ്ങി ചന്ദ്രക്കലയുടെ പിന്നില്‍ അല്‍പം നേരം ഒളിച്ചിരുന്നു. ഒരു വീനസ് ഗ്രഹണമാണിത്. എന്നിട്ടു മറവില്‍ നിന്ന് പുറത്തേക്കുവന്ന് വലതുവശത്ത് പ്രത്യക്ഷമായി. ഭാഗ്യത്തിന് ഞാന്‍ എടുത്ത ആ രണ്ട് ചിത്രങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യാന്‍ പറ്റി (മുകളില്‍).
4 comments:
ആ ദിവസം തന്നെയായിരുന്നോയെന്നറിയില്ല വഴിയില്‍ വെച്ച് രണ്ടു മുസ്ലീം സഹോദരങ്ങള്‍ ചന്ദ്രനെ നോക്കി വന്ദിക്കുന്നതു കണ്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. ഈ ഫോട്ടോയില്‍ കാണുന്നത്രയും അടുത്തായിരുന്നില്ല നക്ഷത്രവും ചന്ദ്രനും. മറ്റൊന്നും ആകാശത്തു കാണാനുണ്ടായിരുന്നില്ല. നല്ല ഭംഗിയുണ്ടല്ലോയെന്നു ഞാന്‍ മനസ്സിലോര്‍ക്കുകയും ചെയ്തു.
അതു വീനസാണെന്നു എനിക്കും അറിയില്ലായിരുന്നു.
http://mallu-foto.blogspot.com/2007/06/blog-post_19.html
ഇവിടെ കൈപ്പള്ളി ഒരു ചിത്രം ഇട്ടിട്ടുണ്ട്.
ലിങ്കിന് നന്ദി, വനജ. ഞാനാ പോസ്റ്റ് ശ്രദ്ധിക്കാതെ പോയേനേ.
ആഷ, നന്ദി.
Dear Deepdowne....അതിസുന്ദരം...എന്റെ ചിത്രത്തിലും നല്ല തെളിച്ചം, കണ്ടതിലും വായിച്ചതിലും സന്തൊഷം.
Post a Comment