p.s: today, I’m relieved of the responsibilty of writing letters, thanks to the mobile phone revolution!!
* * *
പോസ്റ്റ്ക്രോസിങ്ങ് ഒരു മനോഹര ആശയം തന്നെ. ലോകത്തിന്റെ ഏതോ മൂലയിലിരിക്കുന്ന ഒരു അജ്ഞാതനോ അജ്ഞാതയ്ക്കോ ഒരു പിക്ചര്‍ പോസ്റ്റ്‌കാര്‍ഡ് അയക്കുക. എന്നിട്ട് ലോകത്തിന്റെ മറ്റേതെങ്കിലും മൂലയ്ക്കു നിന്ന് മറ്റേതെങ്കിലും ഒരു അജ്ഞാതനില്‍ നിന്നോ അജ്ഞാതയില്‍ നിന്നോ മറ്റൊരു കാര്‍ഡ് സ്വീകരിക്കുക. ഇതിന്റെ ഉപജ്ഞാതാവിനു തീര്‍ച്ചയായും ഈ ആശയത്തിനുള്ള പ്രേരണ ബുക്‍ക്രോസിങ്ങില്‍ നിന്നാണ് ലഭിച്ചിരിക്കുന്നതെന്നതില്‍ സംശയമില്ല, ഇത് തീര്‍ത്തും ബുക്‍ക്രോസിങ്ങ് പോലെയാണെന്നു പറയാന്‍ കഴിയില്ലെങ്കിലും. അദ്ദേഹം സ്വയം ഒരു ബുക്‍ക്രോസ്സിങ്ങ് അംഗമാണ്. ഏതായാലും ഇത് ഒരു നല്ല കാര്യം തന്നെ. ഈ ആശയം എനിക്കിഷ്ടപ്പെട്ടു. പിന്നെ, പിക്ചര്‍ പോസ്റ്റ്‌കാര്‍ഡുകളും എനിക്കിഷ്ടമാണ്. പിക്ചര്‍ പോസ്റ്റ്‌കാര്‍ഡുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് ആദ്യമായി വീട് വിട്ട് ദൂരെ ജോലിക്കായി പോയപ്പോഴാണ്. സുഹൃത്തുക്കള്‍ക്കു വേണ്ടി പത്തും ഇരുപതും പേജുകള്‍ എഴുത്തെഴുതുമ്പോഴും വീട്ടിലേക്ക് ഒരു പുറം തികച്ചെഴുതാന്‍ തീരെ ബുദ്ധിമുട്ടായിരുന്നു. കാരണം എനിക്ക് അവരോട് പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല, അഥവാ അവര്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ വാക്കുകള്‍ക്കു വേണ്ടി പരതുകയായിരുന്നു. ഒരു കണക്കിന്, ഞാന്‍ അവര്‍ക്ക് അടഞ്ഞിരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കായി തുറന്നും. കാരണം സുഹൃത്തുക്കളോട് ഒളിക്കാന്‍ എനിക്ക് ഒന്നുമില്ല. എനിക്ക് പ്രധാനമെന്ന് തോന്നുന്ന കാര്യങ്ങളല്ല എന്റെ വീട്ടിലുള്ളവര്‍ക്ക് കേള്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നത്. അവര്‍ക്ക് വളരെ പ്രധാനമെന്ന് തോന്നുന്ന കാര്യങ്ങളാകട്ടെ എനിക്ക് ഒരു താല്‍പര്യവുമില്ലാത്തവയുമായിരുന്നു. അങ്ങനെ, ക്രമേണ വീട്ടിലേക്ക് എഴുതുന്നത് നിന്നു. 'തലമുറകള്‍ക്കിടയിലെ വിടവ്' എന്ന് പറയുന്നത് ഇതാകാം. പക്ഷെ എനിക്ക് എപ്പോഴും ഒരു കുറ്റബോധമുണ്ടായിരുന്നു. പ്രത്യേകിച്ചും "എന്തേ എഴുതാത്തത്" എന്ന് അവര്‍ ചോദിക്കുമ്പോള്‍. ഞാനെന്താണ് എഴുതേണ്ടത്? വേണമെങ്കില്‍ അവര്‍ക്ക് വായിക്കാന്‍ വേണ്ടി അവര്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് പേജുകള്‍ എഴുതാന്‍ കഴിയുമായിരുന്നു. പക്ഷേ അതെല്ലാം നാട്യമായിരിക്കുമെന്നു മാത്രം. ഒരു വാക്കു പോലും ഹൃദയത്തില്‍ നിന്നായിരിക്കുകയില്ല. ഒരൊറ്റ വാക്കു പോലും സത്യമായിരിക്കില്ല. എന്നിട്ട് ഞാന്‍ എന്റെ ദൃഷ്ടികളില്‍ തന്നെ കപടനായി മാറും. അതൊരിക്കലും സംഭവിക്കാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. അതിന് ഞാനൊരു പരിഹാരം കണ്ടെത്തി, ഭാഗികമായാണെങ്കിലും -- ഒരു പിക്ചര്‍ പോസ്റ്റ്‌കാര്‍ഡ് അയക്കുക. വീട്ടിലേക്ക് എഴുതിയിട്ട് കുറെ കാലമായി എന്നു തോന്നുമ്പോള്‍ ഒരു പിക്ചര്‍ പോസ്റ്റ്‌കാര്‍ഡ് അയക്കുക. അത് വളരെ ചിലവുള്ള കാര്യവുമല്ല. വര്‍ണശബളമായ ചിത്രങ്ങളാകട്ടെ എല്ലാവര്‍ക്കും ഇഷ്ടവുമാണല്ലൊ. മറുപുറത്ത് ഒരു ചുരുക്കസന്ദേശവുമാകാം. അങ്ങനെ ഉള്ളില്‍ തോന്നുന്ന കുറ്റബോധത്തില്‍ നിന്ന് കുറേയൊക്കെ ഒരു മോചനമാകും. എഴുത്തെഴുതുമ്പോള്‍ കടലാസിന്റെ ഒരു പുറമെങ്കിലും നിറക്കണമല്ലോ എന്ന ബുദ്ധിമുട്ടുമില്ല. കാരണം ഒരു പോസ്റ്റ്‌കാര്‍ഡില്‍ വളരെ കുറച്ച് സ്ഥലമല്ലേ ലഭിക്കൂ എന്തെങ്കിലും എഴുതാന്‍. അപ്പോള്‍ അത്രയും കുറച്ചെഴുതിയാല്‍ മതിയല്ലോ. ഒരു മനോഹര ചിത്രമാകട്ടെ നിങ്ങളുടെ സന്ദേശം സ്വീകരിക്കുന്നയാളുടെ ഹൃദയത്തിലെ ഭാരം ഒട്ടൊക്കെ ശമിക്കാന്‍ സഹായിക്കും. ഏതായാലും പിക്ചര്‍ പോസ്റ്റ്‌കാര്‍ഡ് എന്നു പറയുന്ന ഒരു സംഗതി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ വീട്ടിലേക്ക് ഞാന്‍ ഒന്നും തന്നെ എഴുതുകയില്ലായിരുന്നിരിക്കാം. അതാകട്ടെ വളരെ മോശമായ ഒരു കാര്യമാണ്. പക്ഷെ ഇതു പൂര്‍ണ്ണമായ ഒരു പരിഹാരമല്ല എന്നറിയാം. എങ്കിലും, ഒന്നുമില്ലാത്തതിലും ഭേദമല്ലേ.
p.s: ഇന്ന് സ്ഥിതിയൊക്കെ മാറിയിരിക്കുന്നു. എഴുത്തെഴുതുക എന്ന ഭാരിച്ച ജോലിയില്‍ നിന്ന് എനിക്ക് മോചനം ലഭിച്ചിരിക്കുന്നു. മൊബൈല്‍ ഫോണ്‍ വിപ്ലവത്തിനു നന്ദി.
No comments:
Post a Comment