Thursday, May 29, 2014

നിത്യചൈതന്യയതി, അമേരിക്ക, ഇന്ത്യ..

അബൂദാബി
മേയ് ൧൭, ൨൦൧൪
൧൨.൧൭ pm

ഗുരു നിത്യചൈതന്യയതിയുടെ ആത്മകഥ 'യതിചരിതം' വായിച്ചുകൊണ്ടിരിക്കുന്നു. ൫൩൯-ആം പേജില്‍ ഇങ്ങനെ കാണുന്നു:

"പെനിലോപ്പിയുടെ വീടിന്റെ മിക്കഭാഗവും അവര്‍ ഒറ്റയ്ക്ക് പണിതു ശരിയാക്കിയതാണ്. ഇലക്ട്രിക് ഇൻസ്റ്റലേഷനും പ്ലംബിങ്ങുമെല്ലാം പെനിലോപ്പി ചെയ്തിരിക്കുന്നു. ഈ അമേരിക്കൻ സ്ത്രീകൾക്ക്‌ എന്തു സാമർത്ഥ്യമാണ്‌! ഒന്നിനും ആരെയും ആശ്രയിക്കാതെ തനിയെ ചെയ്തുകൊള്ളും. മറ്റുപല കുഴപ്പങ്ങൾ ഉണ്ടെന്നാലും അവരുടെ നിർഭയത്വം എന്നെ അദ്ഭുതപ്പെടുത്താറുണ്ട്‌. ഒരിക്കൽ ഇന്ത്യം സ്ത്രീകളും അവരെപ്പോലെയാകും."

അവസാന വരി ഞാൻ കൂടുതൽ ശ്രദ്ധിച്ചു. അത്‌ എത്ര ശരിയാണെന്ന് എനിക്ക്‌ തോന്നി. എനിക്കും വളരെക്കാലമായി ഉള്ള ഒരു അഭിപ്രായം ആണത്. ഇതുവരെ കണ്ടു മനസ്സിലാക്കിയ കാര്യങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിലാണ് ഞാന്‍ ആ അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നത്. യതിയും അങ്ങനെ തന്നെയായിരിക്കണം ആ ഒരു വീക്ഷണത്തില്‍ എത്തിയത്. പാശ്ചാത്യ രാജ്യങ്ങളില്‍ വളരെ യാത്ര ചെയ്യുകയും ജീവിക്കുകയും ചെയ്ത ഗുരുവിനു അങ്ങനെ തോന്നിയില്ലെങ്കിലെ അദ്ഭുതമുള്ളൂ.

നമ്മുടെ നാടും പാശ്ചാത്യനാടുകളും തമ്മില്‍ ഒരു അമ്പത് വര്‍ഷങ്ങളുടെ അകലമുണ്ടെന്നതാണ് എന്‍റെ സിദ്ധാന്തം. ഇത് ഞാന്‍ എല്ലാവരോടും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. സാംസ്കാരികവും സാമൂഹികവുമായ ഒട്ടുമിക്ക കാര്യങ്ങളും എടുത്തുനോക്കിയാല്‍ മനസ്സിലാകും ഇന്നത്തെ നമ്മുടെ ജീവിതവീക്ഷണം ആയിരുന്നു ഏകദേശം അമ്പത് വര്‍ഷങ്ങള്‍ക്കു മുന്പ് പാശ്ചാത്യനാടുകളില്‍ ഉണ്ടായിരുന്നത്. ഇന്ന് സമൂഹത്തില്‍ മോശം (Taboo) ആയിട്ടുള്ള കാര്യങ്ങള്‍ അമേരിക്കയില്‍ അങ്ങനെയാകണമെന്നില്ല. എങ്കിലും അമ്പത് വര്‍ഷങ്ങള്‍ക്കു മുന്പ് അതേ കാര്യങ്ങള്‍ അവര്‍ക്കും മോശപ്പെട്ടതായിരുന്നു. ഇതിനായി എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും കാണിക്കാൻ കഴിയും.