Tuesday, February 27, 2007

ഡിലീറ്റ്‌ - ഒരു കഥ

തിരക്കേറിയ ഈ നഗരത്തിലെ ആഴ്ചയൊടുവിലെ അവധിദിവസം. സായാഹ്നം. എന്തു തിരക്കാണിവിടെ. വലിയ വലിയ കടകളും ഷോറൂമുകളും. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെയും വെറുതെ എല്ലാം ചുറ്റിനടന്നു കാണാനെത്തുന്നവരെയുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു തെരുവ്‌. ഭൂരിഭാഗം ഷോറൂമുകളും ബഹുനിലക്കെട്ടിടങ്ങളാണ്‌. ധനികര്‍ കൈയ്യിലൊതുങ്ങുന്നതിലുമധികം സാധനങ്ങളും വാങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നു. ദരിദ്രര്‍ വിന്‍ഡോ ഷോപ്പിംഗ്‌ കൊണ്ട്‌ മനസ്സ്‌ കുളിര്‍പ്പിക്കുന്നു. തെരുവിന്റെ ഇപ്പുറം ഒരു തിരക്ക്‌ കുറഞ്ഞ മൂലയില്‍ ഇവയെല്ലാം കണ്ടുകൊണ്ട്‌ ഞാന്‍ നില്‍ക്കുന്നു.

എന്റെ കൈ മെല്ലെ എന്റെ തോള്‍സഞ്ചിയിലേക്കു നീങ്ങി. അതില്‍ നിന്നും ഒരു മൗസുമായി അത്‌ പുറത്തേക്കു വന്നു. അധികം അകലെയല്ലാതെ ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടിരുന്ന ഒരു നാലാള്‍ സംഘത്തിലെ ഒരംഗം ഇത്‌ ശ്രദ്ധിച്ചു. അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: "ഡിലീറ്റ്‌ കര്‍നേ ജാ രഹേ ഹോ? അച്ഛീ ബാത്‌ ഹെ, സബ്‌ ഡിലീറ്റ്‌ കര്‍ ഡാലോ, ഹഹ!". ഇത്‌ പറഞ്ഞിട്ട്‌ അയാള്‍ വീണ്ടും തന്റെ കൂട്ടുകാരുടെ കൂടെ സംസാരത്തില്‍ മുഴുകി. ഞാന്‍ അമ്പരന്നു. ഞാന്‍ ഡിലീറ്റ്‌ ചെയ്യാന്‍ പോകുകയാണെന്ന് അയാള്‍ക്ക്‌ എങ്ങനെ മനസ്സിലായി? ഏതായാലും, അയാള്‍ പിന്നീട്‌ എന്നെ ശ്രദ്ധിച്ചതേയില്ല.

ഇടതുകൈപ്പത്തി നിവര്‍ത്തി മൗസ്‌പാഡാക്കി മൗസ്‌ അതിനുമുകളില്‍ ഞാന്‍ വെച്ചു. മൗസിന്റെ ഇടതുബട്ടണ്‍ അമര്‍ത്തിപ്പിടിച്ച്‌ അതിനെ മെല്ലെ നീക്കി റോഡിനക്കരെ മുന്നിലായിക്കണ്ട വലിയ കടയുടെ മുന്നിലെ അത്രയോളം തന്നെ വലുപ്പമുള്ള, എനിക്കുമാത്രം ദൃശ്യമായ മോണിറ്ററില്‍ ഞാന്‍ മുകളിലെ ഇടത്തേ മൂലയില്‍നിന്ന് താഴെ വലത്തേ മൂല വരെ മുഴുവനായും സെലക്റ്റ്‌ ചെയ്തു. ഒരു ചതുരം. എന്നിട്ട്‌ ആ ചതുരത്തിനകത്ത്‌ കഴ്‌സര്‍ വെച്ചിട്ട്‌ മൗസിന്റെ വലത്തേ ബട്ടണ്‍ അമര്‍ത്തി മെനുവില്‍ നിന്ന് ഡിലീറ്റ്‌ ക്ലിക്ക്‌ ചെയ്തു. ഒരു നിമിഷം കൊണ്ട്‌ ആ കടയ്ക്കുള്ളിലുണ്ടായിരുന്ന എല്ലാം അപ്രത്യക്ഷമായി. കടയുടെ പുറത്തിറങ്ങി നിന്നിരുന്ന അതിന്റെ മുതലാളി തിരിഞ്ഞു നോക്കിയപ്പോഴേക്കും എല്ലാം ശൂന്യമായിക്കഴിഞ്ഞിരുന്നു. അമ്പരപ്പോടെ അയാള്‍ നാലുപാടും നോക്കി.

ഞാന്‍ മൗസ്‌ സഞ്ചിയിലേക്കിട്ട്‌ മെല്ലെ നടന്നുനീങ്ങി ഇടത്തോട്ട്‌ തിരിഞ്ഞ്‌ ആളൊഴിഞ്ഞ നിശ്ശബ്ദമായ ഇടവഴിയിലേക്ക്‌ പ്രവേശിച്ചു. ആ വഴിയില്‍ അപരിചിതനായ എന്നെ കണ്ട ഒരു കൂറ്റന്‍ നായ ക്രൂരമായ മുഖത്തോടെ അതിവേഗം എന്റെ നേരെ ചീറിയടുത്തു. എന്റെ കൈ തോള്‍സഞ്ചിയിലേക്ക്‌ നീങ്ങി..

6 comments:

Areekkodan | അരീക്കോടന്‍ said...

Thudarumoe?

deepdowne said...

areekkodaa, athu oru kochu katha aayirunnu. thudarchayilla. kazhinju :)

Gautam said...

i just happened to pass by. you blog is very nice...

deepdowne said...

thanks gautam. and most welcome, always..

സ്വപ്നാടകന്‍ said...

നന്നായിരിക്കുന്നു, കഥ. :)

വായുവില്‍ എഴുതി എന്റെ കയ്യക്ഷരം നന്നായെന്നു ഞാന്‍ പറഞ്ഞാല്‍ ആരും അതു വിശ്വസിക്കുന്നില്ല. താങ്കളുടെ കഥയും ആരും വിശ്വസിക്കില്ല, എന്നിരുന്നാലും എനിക്ക് വിശ്വാസമാണ്... ഇനിയും എഴുതുക... ആശംസകളോടെ...

(എന്തേ താങ്കളുടെ ഇക്കഥ മാധവിക്കുട്ടിയൂടെ “എന്റെ കഥ” യെ ഓര്‍മ്മിപ്പിക്കുന്നത്...??)

deepdowne said...

സ്വപ്നാടകാ, ഞാന്‍ ഇനിയും കഥയെഴുതാനോ? നല്ല കളിയായി! ഞാന്‍ സാധാരണ കഥയും കവിതയും ഒന്നും എഴുതാറില്ല. ഇനി ഒരു രഹസ്യം പറയാം (ആരോടും മിണ്ടണ്ട ;) ഇതും ഞാന്‍ കണ്ട ഒരു സ്വപ്നമാണ്‌. പക്ഷേ ഒരു ഉത്തരാധുനിക സാഹിത്യത്തിന്റെ(ആ പ്രയോഗത്തിന്റെ അര്‍ഥമൊന്നും എനിക്കറിയില്ല കേട്ടോ :p ) ലുക്ക്‌ ഒക്കെയുള്ളതു കൊണ്ട്‌ കഥയായിട്ട്‌ പോസ്റ്റ്‌ ചെയ്തു, ഹഹ. എല്ലാവരും ഒന്നു ഞെട്ടട്ടെ എന്നു കരുതി:) പിന്നെ യാഥാര്‍ത്ഥ്യം വിശകലനം ചെയ്യാനുള്ള സമയക്കുറവും മടിയും.
മാധവിക്കുട്ടിയുടെ 'എന്റെ കഥ'യില്‍ വന്‍ നഗരങ്ങളല്ലെ പശ്ചാത്തലം. ഇതിലും ഒരു വന്‍നഗരം പശ്ചാത്തലമായതു കൊണ്ടാണോ അതിനെ ഓര്‍മ്മിപ്പിച്ചത്‌? അതോ ഹിന്ദിയുടെ സാന്നിദ്ധ്യമോ?

ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റുകള്‍ ഇട്ടതിനും നന്ദി. സന്തോഷം. സ്വാഗതം എപ്പോഴും.

Post a Comment