Sunday, November 11, 2007

"തനി പാണ്ടിസ്റ്റൈല്‌!"

ഇന്നലെ കിരണ്‍ ടിവിയില്‍ പാര്‍ത്ഥിപന്‍ കനവ്‌ എന്നോ മറ്റോ പേരുള്ള ഒരു തമിഴ്‌ സിനിമ കണ്ടു. ഈ സിനിമയില്‍ അല്‍പം മലയാളമുണ്ട്‌. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും വളരെ നല്ല കാര്യങ്ങളേ അതില്‍ പറഞ്ഞിട്ടുള്ളൂ. കുറച്ചു മാസങ്ങള്‍ക്കുമുന്‍പ്‌ അസിന്‍ അഭിനയിച്ച ഒരു പാട്ടുസീന്‍ കണ്ടിരുന്നു. അസിന്‍ മലയാളിയും നായകന്‍ തമിഴനുമായിട്ടുള്ള ഫിലിമാണെന്നു തോന്നുന്നു. അതില്‍ നായകന്‍ പാടുന്നത്‌ മലയാളിയായ അവളെ കണ്ടപ്പോള്‍ അവന്‍ തമിഴ്‌ഭാഷ പോലും മറന്നു എന്നാണ്‌. കേരളത്തിന്റെ മനോഹരമായ പല ദൃശ്യങ്ങളും അതില്‍ കാണിച്ചു എന്നാണോര്‍മ്മ. പിന്നെ ഏതു ഫിലിം പിടിച്ചാലും അതില്‍ അല്‍പം മലയാളവും കേരളവും മനഃപൂര്‍വ്വം ഫിറ്റ്‌ ചെയ്യുന്ന മണിരത്നമെന്ന മഹാനായ ചലച്ചിത്രകാരനെക്കുറിച്ചുമറിയാം. ഇനിയും വേറെ ഏതൊക്കെ ഉദാഹരണങ്ങളാണ്‌ തമിഴ്‌ സിനിമ മലയാളത്തെയും കേരളത്തെയും ആദരിക്കുന്നതിന്റെ അടയാളമായി ചൂണ്ടിക്കാണിക്കേണ്ടതെന്ന്‌ എനിക്കറിയില്ല(ഞാന്‍ അധികം സിനിമകള്‍ കാണാറില്ല).

എങ്കിലും കണ്ടിടത്തോളം മലയാളം സിനിമകളില്‍ തമിഴന്മാരെക്കുറിച്ച്‌ അവജ്ഞയോടെയും പരിഹാസത്തോടെയും പറയുന്നതായാണ്‌ പൊതുവെ കണ്ടിട്ടുള്ളത്‌. ഉദാഹരണത്തിന്‌ ഒരാളുടെ വേഷം മോശമാണെന്നുപറയാന്‍ "എന്താടാ തനി പാണ്ടിലുക്കുണ്ടല്ലോ നിന്നെക്കാണാന്‍" എന്നായിരിക്കും മലയാളത്തിലെ ഡയലോഗ്‌. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പലതവണ ഞാന്‍ മലയാളം സിനിമകളില്‍ കണ്ടിട്ടുണ്ട്‌. നല്ല എന്തെങ്കിലും പരാമര്‍ശങ്ങളുണ്ടോ എന്നറിയില്ല, ഉണ്ടാകുമായിരിക്കാം(ഞാന്‍ അധികം സിനിമകള്‍ കാണാറില്ല).

ഇത്‌ മലയാളസിനിമയുടെ പ്രശ്നമാണോ? ഒരുപക്ഷേ മലയാളിയുടെതന്നെ ഒരു പ്രശ്നമായിരിക്കാം. അതിന്റെ ഒരു പ്രതിഫലനം മാത്രമായിരിക്കാം സിനിമയില്‍ കാണുന്നത്‌. എന്തായിരിക്കാം മലയാളിയുടെ ഈ വീക്ഷണത്തിനു കാരണം? മുന്‍പുമുതലേ എനിക്ക്‌ തോന്നിയിട്ടുള്ള ഒരു കാരണമുണ്ട്‌. കൊച്ചിയിലെ വാത്തുരുത്തി എന്നുപറയുന്ന സ്ഥലം തമിഴന്മാര്‍ കുടിയേറിത്താമസിക്കുന്ന ഒരു പ്രദേശമാണ്‌. മണ്ണുവെട്ടാണ്‌ അവരുടെ തൊഴില്‍. അടുത്തകാലം വരെ വലിയ വൃത്തിയും വെടിപ്പുമില്ലാത്ത ഒരു ചേരിയായിരുന്നു അത്‌. അവിടത്തെ ജനങ്ങളും ശുചിത്വത്തില്‍ അല്‍പം പിറകോട്ടായിരുന്നു(ഇപ്പോഴും താരതമ്യേന അല്‍പം പിറകോട്ടുതന്നെ). അടുത്തകാലം വരെ പഠിപ്പും വിവരവും ഇല്ലാത്തവരായിരുന്നു അവിടെ ഭൂരിഭാഗവും. തമിഴന്മാര്‍, തമിഴ്‌നാട്‌ എന്നൊക്കെ പറയുമ്പോള്‍ ഇവരും ഈ പ്രദേശവുമാണ്‌ ചെറുപ്പം മുതല്‍ എന്റെ മനസ്സിലേക്കു വന്നിട്ടുള്ളത്‌. തമിഴ്‌നാട്‌ മുഴുവനും ഇങ്ങനെയുള്ള സ്ഥലങ്ങളും ജനങ്ങളും ആണുള്ളത്‌ എന്ന് അന്ന് ഞാന്‍ കരുതി. കേരളത്തില്‍ കൂടുതലും ഇത്തരം വൃത്തിയിലും വെടിപ്പിലും പഠിപ്പിലും സംസ്കാരത്തിലും അല്‍പം പിന്നില്‍ നില്‍ക്കുന്ന, ചേറിലും ചെളിയിലും ജോലിചെയ്യുന്ന തൊഴിലാളികളായ തമിഴന്മാരാണുള്ളത്‌ എന്നുതോന്നുന്നു. മേല്‍പറഞ്ഞ കാര്യങ്ങളിലൊക്കെ മുന്നില്‍ നില്‍ക്കുന്ന തമിഴന്മാര്‍ കേരളത്തില്‍ അധികം ജോലി ചെയ്യുന്നില്ല എന്നുതോന്നുന്നു. കേരളം വിട്ടു പുറത്തുപോകാത്ത ഒരു മലയാളിയുടെ തെറ്റിദ്ധാരണയുടെ ഫലമായിരിക്കാം അവരെ നികൃഷ്ടജീവിയായി കാണാനുള്ള പ്രവണത. ഇത്തരത്തിലുള്ള ഒരു പ്രതിഭാസം സൗദി അറേബ്യയില്‍ കണ്ടിട്ടുണ്ട്‌. അവിടെ ജോലിചെയ്യുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും താരതമ്യേന താഴേക്കിടയിലുള്ള ജോലികള്‍ ചെയ്യുന്ന തൊഴിലാളികളാണ്‌. ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നവര്‍ വളരെ വിരളം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ മുഴുവന്‍ ഇത്തരത്തിലുള്ള ജനങ്ങളാണെന്നാണ്‌ അവിടെയുള്ള അറബികളുടെ ധാരണ. അതുകൊണ്ടുതന്നെ ഇന്ത്യക്കാരോട്‌ അവര്‍ ഭിക്ഷക്കാരോടെന്നവണ്ണം പെരുമാറുന്നു. അതുകൊണ്ടുതന്നെ ലോകധനികരുടെ പട്ടികയില്‍ അനേകം ഇന്ത്യക്കാരുണ്ടെന്നും അറബികളുപയോഗിക്കുന്ന ഹോട്ട്‌മെയില്‍ വികസിപ്പിച്ചത്‌ ഇന്ത്യക്കാരനാണെന്നും അമേരിക്കയില്‍ മുപ്പത്തഞ്ചു ശതമാനം ഡോക്ടര്‍മാര്‍ ഇന്ത്യക്കാരാണെന്നും മറ്റുമൊക്കെ കേള്‍ക്കുമ്പോള്‍ അതുള്‍ക്കൊള്ളാനും വിശ്വസിക്കാനും കഴിയാതെ അവര്‍ കണ്ണുമിഴിച്ചിരിക്കുകയും ചെയ്യുന്നു.

3 comments:

മൂര്‍ത്തി said...

മുഖ്യധാരാ തമിഴ് സിനിമയിലെ മലയാളി കഥാപാ‍ത്രങ്ങളുടെ സംഭാഷണം വധമാണ്. തമിഴന്‍ മലയാളം സംസാരിക്കുന്നതു പോലെയാണ് മിക്കവാറും തമിഴ് സിനിമകളില്‍ മലയാളി കഥാപാത്രങ്ങള്‍ മലയാളം സംസാരിക്കുക. അവര്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയായിരിക്കും. പിന്നെ മലയാളം സിനിമ എന്നാല്‍ ‘എ”പ്പടം എന്ന പരാമര്‍ശങ്ങളും..ടീക്കടക്കാരന്‍ നായരായിരിക്കും ടിപ്പിക്കല്‍ മലയാളീ കഥാപാത്രം..

സുനില്‍ കൃഷ്ണന്‍ said...

അറേബ്യയില്‍ നിന്ന്‍ ഡീപ്പിലോട്ട് മുങ്ങിയിട്ട് എവിടെ പൊങ്ങി?

deepdowne said...

മൂര്‍ത്തി,
എനിക്കൊരു ആന്ധ്രക്കാരന്‍ സുഹൃത്തുണ്ടായിരുന്നു. അവനില്‍നിന്നറിയാന്‍ കഴിഞ്ഞത്‌ അവരുടെ നാട്ടില്‍ മലയാളം പടം കാണുന്നത്‌ ഒരു മോശമായ കാര്യമായാണ്‌ ജനം കണ്ടിരുന്നത്‌ എന്നാണ്‌. കാരണം അവിടെ കളിക്കുന്ന മലയാളം പടങ്ങളെല്ലാം എ-പടങ്ങളാണെന്നുള്ളതാണ്‌. അതായത്‌, മലയാളം പടമെന്നാല്‍ എ-പടം എന്നാണര്‍ത്ഥം എന്ന ഒരു ധാരണ അവരിലുണ്ടായി. അതില്‍ അദ്ഭുതമില്ല. നല്ല മലയാളം പടങ്ങള്‍ അവിടത്തെ തിയറ്ററില്‍ കളിച്ചാല്‍ അത്‌ ഓടാന്‍ പോകുന്നില്ല. കാരണം മലയാളം അറിയാത്ത ആന്ധ്രക്കാര്‍ക്ക്‌ കഥ എങ്ങനെ മനസ്സിലാകാന്‍. എ-പടമാകുമ്പോള്‍ പിന്നെ ഭാഷ അറിയേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട്‌ മലയാളത്തിലെ എ-പടങ്ങള്‍ മാത്രമേ അവിടത്തെ തിയറ്ററുകളില്‍ കളിച്ചിരുന്നുള്ളൂ.

ഇംഗ്ലീഷ്‌ പടമെന്നാല്‍ തുണിയില്ലാത്ത പടം എന്ന്‌ ജനം കരുതിയിരുന്നതുകൊണ്ട്‌ ഞാന്‍ മുന്‍പ്‌ ഇംഗ്ലീഷ്‌ പടങ്ങള്‍ കാണുമ്പോള്‍ വീട്ടില്‍ പറയാറില്ലായിരുന്നു. കാരണം ഇംഗ്ലീഷിലെ ഡയലോഗുകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്‌ കഥ മനസ്സിലാകില്ല എന്നതുകാരണം ഇംഗ്ലീഷിലെ എ-പടങ്ങള്‍ക്കാണ്‌ കൂടുതല്‍ പ്രചാരം. അതാകുമ്പോള്‍ ഡയലോഗ്‌ മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ :)

സുനില്‍,
ഞാനിപ്പോള്‍ നാട്ടില്‍ത്തന്നെയുണ്ട്‌:)

Post a Comment