Friday, December 15, 2006

അസ്തമയത്തിനപ്പുറം...

" പണ്ടുപണ്ട്‌, ഓന്തുകള്‍ക്കും മുമ്പ്‌, ദിനോസറുകള്‍ക്കും മുമ്പ്‌, ഒരു സായാഹ്‌നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്‌വരയിലെത്തി.

ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.

പച്ചപിടിച്ച താഴ്‌വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെത്തന്നെ നില്‌ക്കട്ടെ.

എനിയ്‌ക്കു പോകണം, അനുജത്തി പറഞ്ഞു.

അവളുടെ മുമ്പില്‍ കിടന്ന അനന്തപഥങ്ങളിലേയ്‌ക്ക്‌ അനുജത്തി നോക്കി.

നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.

മറക്കില്ല, അനുജത്തി പറഞ്ഞു.

മറക്കും, ഏട്ടത്തി പറഞ്ഞു.ഇതു കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്‌. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളു.

അനുജത്തി നടന്നകന്നു. അസ്‌തമയത്തിന്റെ താഴ്‌വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍ക്കുരുന്നില്‍നിന്ന്‌ വീണ്ടുമവള്‍ വളര്‍ന്നു. അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേയ്‌ക്കിറങ്ങി. മൃതിയുടെ മുലപ്പാലുകുടിച്ച്‌ ചില്ലകള്‍ പടര്‍ന്നു തിടം വെച്ചു. കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്‌വരയില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചമ്പകം പറഞ്ഞു, അനുജത്തീ, നീയെന്നെ മറന്നുവല്ലോ..."

-(ഖസാക്കിന്റെ ഇതിഹാസം)

2 comments:

പ്രമോദ് കുമാർ said...

വീട്ടിലേക്കുള്ള വഴി ....

deepdowne said...

facebook-ല്‍ വായിച്ചിരുന്നു :)

Post a Comment