Tuesday, June 24, 2008

കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ വായനയും ബ്ലോഗും എന്ന പോസ്റ്റിനുള്ള കമന്റ്

കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ വായനയും ബ്ലോഗും എന്ന പോസ്റ്റില്‍ കമന്റിടാന്‍ ശ്രമിച്ചപ്പോള്‍ "Comments on this blog are restricted to team members." എന്ന് കണ്ടു. അതുകൊണ്ട് എന്റെ കമന്റ് അതേപടി പകറ്ത്തി ഒരു പോസ്റ്റ് ആയി ഇവിടെ കൊടുക്കുന്നു:
ഞാന്‍ ഒരു കമന്റെഴുതി അത് പോസ്റ്റ് ചെയ്യാനായി ഇവിടെവന്നുനോക്കിയപ്പോള്‍ 'കാഴ്ച്ചക്കാരന്‍' ഒരു കമന്റ് ഇട്ടുകഴിഞതായി കാണുകയും അതില്‍ പറഞിരിക്കുന്ന കാര്യം എനിക്ക് പറയാനുള്ളതുതന്നെയാണെന്ന് മനസ്സിലാകുകയും ചെയ്തു. എങ്കിലും സമയം കളഞ്ഞ്‌ ഇരുന്നെഴുതിയത് കൊണ്ട് പോസ്റ്റ് ചെയ്യാതെ പോകുന്നില്ല. എന്റെ കമന്റും ഇവിടെ പോസ്റ്റ് ചെയ്യുന്നു:

"അച്ചടിമാധ്യമങ്ങളോട് കിടപിടിക്കത്തക്ക വിധം ഗൌരവമായി എഴുതാനും വായിക്കാനും കഴിയുന്ന ഒരു മാധ്യമമായി വികസിക്കുന്നതില്‍ നിന്ന് അതിനെ തടയുന്ന ദുഷ്പ്രവണതകള്‍ മലയാളം ബ്ലോഗിന്റെ പര്യായമായി കഴിഞ്ഞിട്ടുണ്ട് . ഇനി അത് മാറ്റിയെടുക്കാന്‍ കഴിയില്ല ."
ഇതിനോട്‌ അത്രക്ക്‌ യോജിക്കാന്‍ പറ്റുന്നില്ല. മാറ്റിയെടുക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ്‌ മലയാളം ബ്ലോഗുകള്‍ക്കുള്ളത്‌ എന്ന്‌ തോന്നുന്നില്ല. മാത്രമല്ല, എന്തിനാണ്‌ ബ്ലോഗുകളെ അച്ചടിമാധ്യമം പോലെയായിക്കാണാന്‍ ആഗ്രഹിക്കുന്നത്‌? അച്ചടിമാധ്യമത്തിന്‌ അതിന്റേതായ ധര്‍മ്മമുണ്ട്‌. ബ്ലോഗ്‌ എന്നത്‌ നേരെമറിച്ച്‌ എഴുതുന്നയാളാണ്‌ നിശ്ചയിക്കുന്നത്‌ എന്തായിരിക്കണം അല്ലെങ്കില്‍ എന്തുപോലെയായിരിക്കണം എന്നത്‌. ലോകത്തിലാര്‍ക്കും ഒരു താല്‍പര്യവുമില്ലാത്ത, എന്റെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന വളരെ നിസ്സാരമായ കാര്യങ്ങള്‍ എഴുതിവെക്കാനുള്ള ഒരു ഡയറിയായി എനിക്ക്‌ ബ്ലോഗ്‌ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. ബ്ലോഗ്‌ എന്നതിന്‌ ഒരു ശരിയായ നിര്‍വ്വചനം നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

ബേര്‍ളിയുടെ ബ്ലോഗില്‍ താങ്കള്‍ ബിനാമിനാമത്തില്‍ കമന്റ്‌ ചെയ്തപ്പോള്‍ എന്ത്‌ സംഭവിച്ചു? ഏതൊരു കമന്റും പോലെ ആ കമന്റും പരിഗണിക്കാനുള്ളവര്‍ പരിഗണിച്ചുകാണില്ലേ? പിന്നെ താങ്കളാണ്‌ അതെഴുതിയതെന്ന് ആരും അറിഞ്ഞില്ലെന്ന്‌ മാത്രം. അതുകൊണ്ടെന്തെങ്കിലും പ്രശ്നമുണ്ടോ? നേരേമറിച്ച്‌ പക്ഷപാതമില്ലാതെ ആളുകള്‍ക്ക്‌ ആ കമന്റിനെ അഭിമുഖീകരിക്കാന്‍ കഴിയും. അല്ലെങ്കില്‍ താങ്കളോട്‌ ദേഷ്യമുള്ളവര്‍ താങ്കളാണെഴുതിയത്‌ എന്നതുകൊണ്ടുമാത്രം താങ്കളുടെ അഭിപ്രായത്തെ എതിര്‍ക്കാന്‍ മുന്നിട്ടിറങ്ങിയേനേ.

അനോണിമസ്‌ ആയി എഴുതുന്നതിനെ താങ്കള്‍ വളരെ വിമര്‍ശിക്കുന്നതായി കണ്ടിട്ടുണ്ട്‌. പക്ഷെ മേല്‍പറഞ്ഞ ബെര്‍ളിസംഗതിയില്‍ നിന്നും പിന്നെ ഐഡന്റിറ്റി നഷ്ടപ്പെടുന്ന കഥ ചൂണ്ടിക്കാണിച്ചതില്‍നിന്നും ഞാന്‍ ഒരു നിഗമനത്തിലെത്തി. അതിതാണ്‌: താങ്കള്‍ ഐഡന്റിറ്റിക്ക്‌ വളരെ പ്രാധാന്യം കല്‍പ്പിക്കുന്നു. ഐഡന്റിറ്റി ഇല്ലെങ്കില്‍ ഒന്നുമില്ല എന്ന രീതിയില്‍ ചിന്തിക്കുന്നു. (അങ്ങനെ ചിന്തിക്കരുത്‌ എന്ന്‌ ഞാന്‍ പറയുന്നില്ല. താങ്കള്‍ക്ക്‌ അങ്ങനെ ചിന്തിക്കുന്നതിലാണ്‌ സംതൃപ്തിയും സന്തോഷവുമെങ്കില്‍ അങ്ങനെ തന്നെ വേണം.) പക്ഷെ താങ്കള്‍ക്ക്‌ അതിന്റെ അപ്പുറത്തേക്ക്‌ ഒന്നും കാണാന്‍ കഴിയുന്നില്ല എന്ന് എനിക്ക്‌ തോന്നി. അതായത്‌ ഐഡന്റിറ്റിക്ക്‌ വിലകല്‍പ്പികുന്ന ആളുകളെപ്പോലെതന്നെ ഐഡന്റിറ്റിക്ക്‌ യാതൊരു വിലയും കല്‍പ്പിക്കാത്ത ആളുകളും ഭൂലോകത്തുണ്ട്‌. രണ്ടുതരം ആക്കാരും വേണ്ടുവോളമുണ്ട്‌. താങ്കള്‍ക്ക്‌ ഐഡന്റിറ്റിയെ പുണര്‍ന്നുനില്‍ക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ മറ്റുചിലര്‍ക്ക്‌ ഐഡന്റിറ്റിയെ വലിച്ചെറിയാനും സ്വാതന്ത്ര്യമുണ്ട്‌. സമൂഹത്തില്‍ ഞാന്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നുവോ അത്‌ ഞാന്‍ ബ്ലോഗിലുപയോഗിക്കുന്നില്ല. കാരണം അത്‌ എന്റെ പേരല്ല. എന്റെ അനുവാദമില്ലാതെ, ഞാന്‍ എത്തരക്കാരനാണ്‌ എന്ന്‌ പോലും അറിയാതെ ആരോ എനിക്ക്‌ തന്ന പേരാണത്‌. ആ പേരെനിക്ക്‌ വേണ്ടാത്തതുകൊണ്ടാണ്‌ അത്‌ ബ്ലോഗില്‍ ഉപയോഗിക്കാത്തത്‌. ഞാന്‍ തന്നെ സ്വയം എനിക്ക്‌ നല്‍കുന്ന പേരാണ്‌ എന്റെ ശരിയായ പേര്‌. ഇതുപോലെതന്നെയാണ്‌ എന്റെ മേല്‍വിലാസവും ഫോണ്‍ നംബറും nationality-യും സ്കൂളില്‍നിന്നും കോളേജില്‍നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും എല്ലാം. അതെല്ലാം ചില പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടിമാത്രം ഞാന്‍ ഉപയോഗിക്കുന്ന ചില devices മാത്രമാണ്‌. അതൊന്നും വേണമെന്ന് എനിക്ക്‌ യാതൊരു ആഗ്രഹവുമില്ല. അതൊന്നും ഇല്ലാതിരിക്കുന്നതാണെനിക്കിഷ്ടം. അതെനിക്കൊരു ഭാരം മാത്രമാണ്‌. അതൊന്നും ഞാന്‍ എന്ന വ്യക്തിയെക്കുറിച്ച്‌ ഒന്നും തന്നെ വെളിവാക്കുന്നില്ലതാനും. അതൊന്നും ഇല്ലാത്ത ഒരു ലോകമാണ്‌ എനിക്കിഷ്ടം. അപ്പോള്‍പ്പിന്നെ എനിക്കിഷ്ടമില്ലാത്ത ആ ചവറെല്ലാം എന്റെ ബ്ലോഗിലും കൂടി ഞാന്‍ വലിച്ചിഴച്ചുകൊണ്ടുവരുന്നതെങ്ങനെ?

No comments:

Post a Comment