Sunday, July 27, 2008

വലയിലെ ഞാൻ

(നിഷാദിന്റെ ബുലോഗ്‌ സംഭവത്തിനുവേണ്ടി എഴുതിയത്‌. എന്തെങ്കിലും കാരണവശാൽ ഇത്‌ ബുലോഗസംഭവത്തിൽ ഉൾപ്പെടുത്താൻ പറ്റാത്തതാണെങ്കിൽ ഒഴിവാക്കാൻ മടിക്കണ്ട കേട്ടൊ :)
ഒരുകാര്യം കൂടി, ബുദ്ധിമുട്ടുള്ള വാക്കുകൾ എനിക്കുതോന്നിയതുപോലെ മലയാളീകരിച്ചിരിക്കുകയാണ്‌. അവയിൽ പലതിനും മലയാളത്തിൽ തത്തുല്യപദങ്ങളില്ല എന്നു തോന്നുന്നു (അഥവാ എനിക്കവ അറിയില്ല). എങ്കിലും എല്ലാം മന:പൂർവ്വം മലയാളത്തിലാക്കാൻ ശ്രമിച്ചിട്ടുണ്ട്‌. അങ്ങനെ ചെയ്യുമ്പോഴുള്ള രസത്തിനും തമാശയ്ക്കും വേണ്ടിയാണ്‌ അങ്ങനെ ചെയ്തത്‌. കുറെക്കൂടി നല്ല വാക്കുകൾ/പ്രയോഗങ്ങൾ ആരെങ്കിലും പറഞ്ഞുതന്നാൽ പഠിക്കാൻ താൽപര്യമുണ്ട്‌ )

"ഓ പോയി! കണ്ടോ, കണ്ടോ; പോയി, പോയി! എനിക്കറിയാം, പോയ്‌ക്കളയുമെന്ന്‌!"
സല്ലാപത്തിനിടയ്‌ക്ക്‌ എന്നെ കാണാതായപ്പോൾ, അതായത്‌ അവൾ ഉറക്കമിളച്ചിരുന്ന്‌ വിരലുകൾ കൊണ്ട്‌ അക്ഷരഫലകത്തിലെ അക്ഷരക്കട്ടകളിൽ അടിച്ച വാക്കുകൾ എന്റെ വിവരസാങ്കേതിക ഉപകരണത്തിന്റെ കാഴ്ചഫലകത്തിന്മേൽ വന്നിട്ടും അതിനുള്ള ഒരു മറുപടിയും അൽപനിമിഷത്തേക്ക്‌ അവളുടെ കാഴ്ചഫലകത്തിന്മേൽ കാണാതിരുന്നപ്പോൾ അവൾ പറഞ്ഞതാണിത്‌. എന്റെ മുന്നിലെ അക്ഷരക്കട്ടകളിൽ ഞാൻ വിരലുകളമർത്തി: "ഹോ, ഇല്ല കുട്ടൂസ്‌. ഞാൻ എവിടെയും പോയില്ല! ഇവിടെത്തന്നെയുണ്ട്‌. അടുത്ത മുറിയിൽനിന്ന് സന്തോഷ്‌ എന്നോട്‌ ഒരു കാര്യം സംസാരിക്കാൻ വന്നിരുന്നു. സന്തോഷിനോട്‌ സംസാരിക്കേണ്ടിവന്നതുകൊണ്ടാണ്‌ എനിക്ക്‌ അൽപനേരത്തേക്ക്‌ മറുപടി അടിക്കാൻ കഴിയാതെ പോയത്‌." അതുതന്നെയാണ്‌ സത്യവും. അവൾ ചമ്മി. എന്നെ കുറ്റപ്പെടുത്താൻ ഒരവസരം വീണുകിട്ടിയതാണെന്ന്‌ കരുതിയതായിരുന്നു. കാരണം എല്ലാദിവസവും ഞാൻ അവളെയാണ്‌ സംസാരിത്തിനിടയ്ക്ക്‌ പെട്ടെന്ന് പോയ്ക്കളയുന്നതിന്‌ കുറ്റപ്പെടുത്തുന്നത്‌.സത്യത്തിൽ അവൾ മന:പൂർവ്വം പൊയ്ക്കളയുകയല്ല. അറിയാതെ ഉറക്കത്തിലേക്ക്‌ വഴുതിവീഴുകയാണ്‌ പതിവ്‌. കാരണം പാതിരായ്ക്കാണ്‌ ഈ ജി-സംസാരം. കാരണം വൈകിട്ട്‌ ജോലിസ്ഥലത്ത്‌ നിന്ന് പിരിഞ്ഞുകഴിഞ്ഞാൽ അവൾ നേരേ പോകുന്നത്‌ നാൽചക്രവാഹനം ഓടിക്കാൻ പഠിപ്പിക്കുന്നിടത്തേക്കാണ്‌. അവിടത്തെ പാഠങ്ങൾ കഴിഞ്ഞാൽ അച്ഛന്റെകൂടെ അദ്ദേഹത്തിന്റെ വാഹനത്തിൽ വീട്ടിലേക്ക്‌ തിരിക്കും. പക്ഷെ അദ്ദേഹത്തിന്‌ വഴിക്ക്‌ പലസ്ഥലത്തും കയറാനുണ്ടാകും. അങ്ങനെ കറക്കമെല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോൾ വളരെ വൈകിയിട്ടുണ്ടാകും. പിന്നെ വീട്ടിലെല്ലാവരുടെയും കൂടെ ഇരുന്ന്‌ അത്താഴം കഴിച്ച്‌, ചേച്ചിയുടെ കുട്ടിയെ കളിപ്പിക്കുകയും ഉറക്കുകയും ചെയ്തിട്ട്‌ വേണം അവൾക്ക്‌ എന്നോട്‌ സംസാരിക്കാൻ വേണ്ടി ഭൂഗോളം നിറഞ്ഞുനിൽക്കുന്ന വിവരസാങ്കേതികവലയിലെവിടെയോ കൊളുത്തിയിട്ടിരിക്കുന്ന ജി-സംസാരത്തിൽ കയറിവരാൻ. അപ്പോഴേക്കും അവൾ വളരെ തളർന്നിരിക്കും. ഞാനാകട്ടെ അത്താഴം കഴിഞ്ഞ്‌ ഒരു സുലൈമാനികുടിച്ചുകൊണ്ട്‌ 'സുലൈമാനിയുമായി ശൃംഗരിച്ചുകൊണ്ടിരിക്കുന്നു' എന്ന് ജി-സംസാരപ്പെട്ടിയുടെ മുകളിൽ എഴുതിയിട്ടിട്ട്‌ നീ-കുഴലിൽ ഏതെങ്കിലും ചലച്ചിത്രശകലം കണ്ടുകൊണ്ടും തുർക്കിക്കാരൻ കണ്ടുപിടിച്ച സൗഹൃദക്കൂട്ടിൽ സുഹൃത്തുക്കളുടെ ചീന്തുകൾ അഥവാ തുണ്ടുകൾ വായിച്ചും അവയ്ക്ക്‌ മറുപടി എഴുതിയും മറ്റുചിലർക്ക്‌ അവരുടെ താളുകളിൽ പോയി ചീന്തുകൾ എഴുതിയിടുകയും ആ കൂട്ടിലെ അനേകം സമൂഹങ്ങളിൽ ചുറ്റിയടിക്കുകയും വലയിൽ കൊരുത്തിട്ടിരിക്കുന്ന എന്റെ തപാൽപ്പെട്ടിയിൽ വന്ന സന്ദേശാങ്ങളൊക്കെ പരിശോധിക്കുകയും ഇരുപത്തിനാലുമണിക്കൂറും ജി-സല്ലാപത്തിൽ ഇരിക്കുന്ന സുഹൃത്തായ രാജേഷിനോട്‌ സംസാരിക്കുകയും ഒക്കെ ചെയ്തുകൊണ്ട്‌ ഇരിക്കുന്നുണ്ടാകും. അപ്പോഴാണ്‌ കണ്മുന്നിലെ ഫലകത്തിന്റെ വലത്തുതാഴെയായി അവളുടെ മുഖത്തിന്റെ ചിത്രമടങ്ങിയ കൊച്ചുകൊച്ചുദീർഗ്ഘചതുരങ്ങൾ പൊങ്ങിപ്പൊങ്ങിവരുക. അതിലവളെഴുതിയിട്ടുണ്ടാകും: 'ഞാൻ വന്നു! മതി സുലൈമാനിയുമായി ശൃംഗാരം!' അപ്പോഴേക്കും സുലൈമാനി ഞാൻ ഏതാണ്ട്‌ കുടിച്ചുകഴിഞ്ഞിരിക്കും. ഉടനെ എന്റെ സല്ലാപപ്പെട്ടിയുടെ മുകളിലെ സുലൈമാനിശൃംഗാരസന്ദേശം ഞാൻ മായ്ച്ചുകളയും. കുറച്ചുദിവസം മുൻപാണ്‌ ഒരു തുണ്ട്‌ അവൾ സൗഹൃദക്കുട്ടയിലെ എന്റെ താളിൽ എഴുതിയിട്ടത്‌: "സുലൈമാനിസമൂഹമെവിടെ?". അന്നാണ്‌ അവൾ ആദ്യമായി സുലൈമാനി കുടിച്ചത്‌. കാര്യാലയത്തിൽവെച്ച്‌ ഞാൻ അവൾക്ക്‌ സുലൈമാനി ഉണ്ടാക്കിക്കൊടുത്തു. സുലൈമാനി എന്നുവെച്ചാൽ എന്തോ പ്രത്യേകതരം പാനീയമാണെന്നായിരുന്നു അവൾ ധരിച്ചിരുന്നത്‌. കട്ടൻചായയെയാണ്‌ അങ്ങനെ പറയുക എന്ന്‌ അവൾക്കറിയില്ലായിരുന്നു. അതേതായാലും കുടിച്ചുകഴിഞ്ഞപ്പോൾ ചായയോ കാപ്പിയോ തീരെ കുടിക്കാത്ത അവൾക്ക്‌ അത്‌ വളരെ ഇഷ്ടപ്പെട്ടു. കാര്യാലയത്തിൽ സുലൈമാനി കുടിക്കാൻ ഒരു കൂട്ടില്ലാതിരുന്ന എനിക്ക്‌ ഒരു കൂട്ടുമായി. സൗഹൃദക്കൂട്ടിൽ സുലൈമാനിപ്രേമികൾക്കായുള്ള സമൂഹത്തിൽ ഞാൻ ചേരും എന്നവളോട്‌ അന്ന് തമാശയ്ക്ക്‌ പറഞ്ഞിരുന്നു. ഇനി അങ്ങനെ ഒരു സമൂഹമില്ലെങ്കിൽ ഒന്ന് ഞാനുണ്ടാക്കും എന്നും. കാര്യാലയത്തിൽനിന്ന് വന്നയുടനെ ഞാൻ സൗഹൃദക്കുട്ടയിൽ തപ്പി. സുലൈമാനിക്കായി ഒരു സമൂഹത്തെ കാണാൻ കഴിഞ്ഞില്ല. ഉടനെ ഞാൻ ഒന്നുണ്ടാക്കി. എന്തുകൊണ്ടോ അന്ന്‌ രാത്രി അവൾക്ക്‌ തപ്പിയപ്പോൾ അത്‌ ശ്രദ്ധയിൽപ്പെട്ടില്ല. അതുകൊണ്ടാവണം സുലൈമാനിക്കൂട്ടമെവിടെ എന്ന് അവൾ ചീന്തെഴുതി ചോദിച്ചത്‌. പക്ഷെ അപ്പോഴാണ്‌ അവൾ അത്‌ ഗൗരവമായിട്ടാണ്‌ എടുത്തിരിക്കുന്നത്‌ എന്ന് എനിക്ക്‌ മനസ്സിലായത്‌. അവൾക്ക്‌ ആ സമൂഹത്തിലേക്ക്‌ ഞാൻ വഴികാട്ടിക്കൊടുത്തു. അവൾ അതിൽ ചേരുകയും ചെയ്തു. ഇപ്പോൾ അവളെയും എന്നെയും കൂടാതെ മറ്റുരണ്ടുപേരും കൂടി ഉണ്ട്‌ ആ സമൂഹത്തിൽ. (ഇതുവായിക്കുന്നവരിൽ ആരെങ്കിലും സുലൈമാനിയെ പ്രേമിക്കുന്നവരുണ്ടെങ്കിൽ അവരെയും ആ സമൂഹത്തിലേക്ക്‌ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു!)
എന്റെ കുഞ്ഞുപെങ്ങളാണവൾ. സുഹൃത്തും കാമുകിയുമെല്ലാമാണവൾ. അവളോട്‌ അതിയായ വാൽസല്യമാണെനിക്ക്‌. വാൽസല്യം മാത്രമല്ല, സ്നേഹവും പ്രണയവും, കാമവും എല്ലാമുണ്ട്‌. എങ്കിലും വാൽസല്യമാണ്‌ ഏറ്റവും അധികം. ബാക്കിയുള്ളതും താനെ നിലനിൽക്കുന്നവയല്ല. അവയിലെല്ലാം വാൽസല്യത്തിന്റെ കലർപ്പ്‌ അതിതീവ്രമായുമുണ്ട്‌. വാൽസല്യമില്ലെങ്കിൽ പിന്നെ അവളോടെനിക്ക്‌ മറ്റൊന്നും തന്നെയില്ല! എന്നെക്കാളുമെത്ര ഇളപ്പമാണവൾക്ക്‌. ലോലിത. അവളെക്കുറിച്ച്‌ ഞാനെഴുതുന്ന ഇതെല്ലാം അവൾ കാണില്ല. ഭൂലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അതിമാസ്മരികവലയിലെ അവൾ പ്രവേശിച്ചുനോക്കാത്ത അനേകം സ്ഥലങ്ങളിൽ ഒന്നാണ്‌ ബുലോഗോലകം. ഇനി വന്നാലും മലയാള അക്ഷരങ്ങൾ കൂട്ടിക്കൂട്ടി വായിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട്‌ വായിക്കാൻ മിനക്കെടില്ല. എങ്കിലും ഒരുദിവസം ഞാനവളെ ഇതിലേ കൂട്ടിക്കൊണ്ടുവരും. എല്ലാം കാണിച്ചുകൊടുക്കും.
അത്താഴത്തിനുശേഷം സുലൈമാനി കുടിക്കുന്നതുകൊണ്ടാവണം സംസാരത്തിനിടെ അവൾ ഉറക്കത്തിലേക്ക്‌ വഴുതിപ്പോകുമ്പോഴും ഞാൻ ഉറങ്ങാതെയിരിക്കുന്നത്‌. സുലൈമാനിയുടെ ഉണർവ്വിലിരുന്ന് ഞാൻ അക്ഷരക്കട്ടകളിൽ ഓരോന്നടിക്കുമ്പോഴും പൊടുന്നനെ അതിനൊന്നും മറുപടി കിട്ടാതെയാവും. അൽപം കഴിയുമ്പോൾ സല്ലാപചതുരത്തിൽ അവളുടെ പേരിനടുത്തായി മഞ്ഞനിറത്തിൽ ഒരു കൊച്ചുഘടികാരചിഹ്നം കാണാം. അനക്കമില്ല എന്ന് അതിനടുത്ത്‌ എഴുതിവരുന്നതും കാണാം; അവൾ നിദ്രയുടെ മടിയിലാണ്‌. എങ്കിലും എന്റെ വിവരസാങ്കേതിക ഉപകരണം ഞാൻ പൂട്ടുന്നില്ല. ഉറക്കത്തിലായതുകൊണ്ട്‌ അവളുടേതും തുറന്നുതന്നെയിരിക്കുന്നു. അതിരാവിലെ എഴുന്നേറ്റ്‌ നോക്കുമ്പോൾ ഫലകത്തിലെ താഴെകോണിൽ പൊങ്ങിവരുന്ന ചതുരത്തിലിരുന്നുകൊണ്ട്‌ അവളുടെ മുഖം എനിക്ക്‌ നല്ല പ്രഭാതം നേരുന്നു. ഞാൻ അവൾക്കും. ജോലിസ്ഥലത്ത്‌ കാണാമെന്ന ഉറപ്പിൽ രണ്ടുപേരും ഉപകരണം പൂട്ടി കുളിച്ചുതയ്യാറാവാൻ പോകുന്നു. ജോലിസ്ഥലത്തെ തിരക്കിൽ സൗഹൃദം വേണ്ടത്ര പങ്കുവെക്കാൻ കഴിയാത്തതിന്റെ പരിഭവം തീർക്കാനായി രാത്രി അവതരിക്കുന്ന മാന്ത്രികവലയെ എനിക്കിഷ്ടപ്പെടാതെ വയ്യ. ഓ, പുറത്തെ ചൂട്‌ 36 ആണല്ലൊ കാണിക്കുന്നത്‌. സന്ധ്യയായെന്നർത്ഥം. എത്ര നേരമായി ഞാനിതിനുമുൻപിലിങ്ങനെ ഇരിക്കുന്നു. പകലെപ്പോഴോ 43 എന്ന് കണ്ടിരുന്നു. എന്റെ മുന്നിലെ ഫലകത്തിലെ മുകൾഭാഗത്ത്‌ എടുത്തുവെച്ചിരിക്കുന്ന ഉപാധികളുടെ പട്ടയിൽ പലതും ഉള്ളതിന്റെ കൂട്ടത്തിൽ കാലാവസ്ഥ കാണിക്കുന്ന സംവിധാനവുമുണ്ട്‌. ഒരിക്കൽ മാത്രം നഗരത്തിന്റെ പേര്‌ അതിലെ പട്ടികയിൽനിന്ന്‌ തിരഞ്ഞെടുത്താൽ മതി. ആ നഗരത്തിലെ ഏതുനേരവുമുള്ള കാലാവസ്ഥയും അതാതുസമയം അതിൽ കാണിച്ചുകൊണ്ടിരിക്കും.
എനിക്കൊരറിവുമില്ലാത്ത ആളുകളുമായി പരിചയം പങ്കുവെക്കാൻ, സംവദിക്കാൻ, ലോകത്തിലെ ലക്ഷോപലക്ഷം വരുന്ന മുഖമില്ലാത്ത, ശരീരമില്ലാത്ത, മേൽവിലാസമില്ലാത്ത ജനസാഗരത്തിൽ അവരിലൊരാളായി അലിഞ്ഞില്ലാതാകാൻ ഞാനെത്ര ഇഷ്ടപ്പെടുന്നു! പക്ഷെ സ്നേഹവും സൗഹൃദവും മാത്രമല്ല, വേദനയും വിങ്ങലും കണ്ണീരുമൊക്കെ ഇതിലെ ഓരോ കണ്ണികളിൽ എന്നെ പിടികൂടാനായി തക്കം പാർത്തിരിക്കുന്നത്‌ എനിക്കറിയാം. ഇയ്യയുടെ മനസ്സ്‌ വേദനിച്ചത്‌ എന്നെ വല്ലാതെ വേദനിപ്പിച്ചു! ഉമ്മയെപ്പോലൊരു സ്ഥാനമുണ്ടായിരുന്നിട്ടും എന്നും എന്റെ സുഹൃത്തായിരുന്നു ഇയ്യ. ഒരിക്കലും എന്നെ ഭരിക്കാൻ ശ്രമിച്ചിട്ടില്ല. എന്നോട്‌ തലമൂത്ത ഒരാളെന്ന ഭാവം കാണിച്ചിട്ടില്ല. എന്നെയും എന്റെ ഹൃദയത്തിലുള്ളതും ഏറ്റവും മനസ്സിലാക്കിയിട്ടുള്ള വ്യക്തി. ഞാൻ കല്യാണം കഴിക്കാത്തതാണ്‌ ഇയ്യയെ വേദനിപ്പിക്കുന്നത്‌. പക്ഷെ എനിക്കത്‌ വയ്യ. പ്രവാസജീവിതത്തിന്റെ അനേകം കാരണങ്ങളിൽ ഒന്ന്‌ നാട്ടിൽനിന്നാൽ എല്ലാവരും കൂടി എന്നെ കല്യാണം കഴിപ്പിക്കാൻ ശ്രമിച്ച്‌ എന്നെ വിഷമത്തിലാക്കുമെന്നതാണ്‌. ഇയ്യയുടെ വിളിവന്നപ്പോൾ ഞാൻ ദീർഗ്ഘദൂരഭാഷിണി എടുത്തില്ല. പകരം ആ അക്കങ്ങൾ മുന്നിൽക്കാണുന്ന ഫലകത്തിലെ വേഗവിളികളിൽ അടിച്ചു. ചെറിയ സംസാര-ശ്രവണോപകരണം തലയിൽ ഘടിപ്പിച്ച്‌ ചെവിയിൽ വെച്ചു. വെറുതെ ഇയ്യയുടെ കാശ്‌ നഷ്ടപ്പെടുത്തുന്നതെന്തിനാണ്‌? ഇതിലൂടെ അങ്ങോട്ട്‌ വിളിച്ചാൽ എനിക്ക്‌ വലിയ ചിലവൊന്നുമാകില്ലല്ലോ. എനിക്ക്‌ നല്ലൊരു ജീവിതമുണ്ടായിക്കാണാൻ ഇയ്യ ആഗ്രഹിക്കുന്നു. പക്ഷെ എനിക്ക്‌ സന്തോഷം നൽകുന്ന ജീവിതം എത്തരത്തിലുള്ളതാണെന്ന് എനിക്കവരെയാരെയും പറഞ്ഞ്‌ ബോദ്ധ്യപ്പെടുത്താനാവുന്നില്ലല്ലോ. എന്നെച്ചൊല്ലി എല്ലാവരും ദു:ഖിക്കുന്നു. എന്നെ അത്‌ വളരെ വിഷമിപ്പിക്കുന്നു. ഇയ്യ വിളിച്ചപ്പോഴാകട്ടെ, ഞാൻ ഖമജ്‌(ഇതിന്റെ മലയാളമെന്താണ്‌?) ഒക്കെ കണ്ട്‌ കണ്ണൊക്കെ നനഞ്ഞിരിക്കുകയായിരുന്നു. ഇയ്യയുടെ വാക്കുകളിൽ വിഷമം നിറഞ്ഞിരിന്നെങ്കിലും അവയോട്‌ എനിക്ക്‌ വിയോജിക്കേണ്ടിവന്നതുമൂലം ഇയ്യയ്ക്ക്‌ പ്രയാസമുണ്ടാക്കിയത്‌ എന്നെ ഒന്നുകൂടി ദു:ഖത്തിലാഴ്ത്തി. ഞാൻ വിയോജിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഇയ്യ എന്നെ എപ്പോഴും വിളിക്കുന്നത്‌. ജോലികഴിഞ്ഞ്‌ ഇന്നലെ വന്ന്‌ സൗഹൃദത്തിന്റെ ഓർക്കൂട്ടത്തിൽ കയറിനോക്കിയപ്പോൾ നെസ്സി നീ-കുഴലിൽനിന്ന് ഖമജ്‌ എടുത്ത്‌ അവളുടെ താളിലിട്ടതായി കണ്ടു. മിശ്രണം അഥവാ കൂട്ടിക്കലർത്തൽ എന്നതിനെ ഹിന്ദുസ്താനിയിൽ ഫുസോൺ എന്നുപേരിട്ട കൂട്ടരുടെ ഗാനം. കുറച്ചുവർഷം മുൻപ്‌ നാട്ടിൽവെച്ച്‌ ദൂരദർശ്ശനസംവിധാനത്തിൽ കണ്ടുമറന്ന ഗാനം. പകുതി കറുപ്പും വെളുപ്പുമായ, മസാലപ്പാട്ടല്ലാത്ത ആ ഗാനം ഞാൻ കണ്ടുകൊണ്ടിരുന്നപ്പോൾ 'ഹൃദയത്തിൽ നന്മയുള്ളവൻ മണവാട്ടിയെ കൊണ്ടുപോകും', 'ഉള്ളിൽ എന്തോ ഒക്കെ തോന്നുന്നു' തുടങ്ങിയ ഹിന്ദിപ്പടങ്ങളുടെ രീതിയിലുള്ള പാട്ടുകൾ മാത്രം ഇഷ്ടപ്പെടുന്ന അനിയത്തി "മനുശമ്മാരുവല്ലോം കേക്കോ ഈ പാട്ടെക്ക!" എന്നരീതിയിൽ നോക്കിയിട്ടുപോയി്‌. വീട്ടിൽ എല്ലാവരും ശ്രദ്ധിക്കുമെന്നുള്ളതുകൊണ്ട്‌ ആ പാട്ട്‌ ഹൃദയത്തെ വല്ലാതെ തൊട്ടിട്ടും ഞാൻ കണ്ണുനനയാതെ നോക്കി. പക്ഷെ ഇപ്പോൾ കുറെക്കാലം കഴിഞ്ഞ്‌ നെസ്സി എനിക്ക്‌ വേണ്ടുവോളം കണ്ണുനനയിക്കാൻ അവസരം നൽകി. കാരണം ജോലികഴിഞ്ഞുവന്നാൽ മുറിയിൽ എന്റെകൂടെയുള്ള വെങ്കട്ട്‌ വസ്ത്രമൊക്കെ മാറിയ ഉടനെ വെളിച്ചം അണച്ച്‌ അൽപമൊന്ന്‌ മയങ്ങാൻ കിടക്കും. അന്ധകാരത്തിലിരുന്ന്‌ സുഹൃത്തുക്കളുടെ കാര്യങ്ങൾ നോക്കിയപ്പോഴാണ്‌ 'പ്രിയൻ എന്നോട്‌ മിണ്ടുന്നില്ല' എന്ന ആ ഗാനം കാണുന്നത്‌. മറന്നുപോയ ഗാനം. അത്‌ വീണ്ടും വീണ്ടും കണ്ടു. എത്രയാവർത്തി കണ്ടു എന്നറിയില്ല. നെസ്സിക്ക്‌ ഞാനൊരു ചീന്തെഴുതി: "അളിയാ, മനുഷ്യന്റെ അവസ്ഥ എന്താണളിയാ? നമ്മളൊക്കെ എത്ര നിസ്സഹായരും നഷ്ടപ്പെട്ടവരുമാണ്‌. ഇത്രയും വലിയ പരീക്ഷാലയത്തിൽ, ലോകത്തിൽ, ബന്ധങ്ങളുടെ നൂലാമാലയിൽപ്പെട്ട്‌ ഉഴറുന്നവർ! ചോദ്യങ്ങൾ എന്തുചെയ്യണമെന്നറിയാത്ത, ഉത്തരങ്ങൾക്കുവേണ്ടി തയ്യാറെടുക്കാതിരുന്ന, തയ്യാറെടുക്കേണ്ടതെങ്ങനെയെന്നുപോലുമറിയാതിരുന്ന പാവങ്ങൾ! കള്ളത്തരം കാണിച്ച്‌ പകർത്തിയെഴുതാൻ പോലും ഒരു തുണ്ട്‌ പോലും കൈവശമില്ലല്ലോ നമുക്ക്‌." അതുവായിക്കുമ്പോൾ ശെടാ, ഈ അളിയനിതെന്തുപറ്റി എന്നാലോചിച്ചുകൊണ്ട്‌ നെസ്സി എത്തും പിടിയുമില്ലാതെ മിഴിച്ചിരിക്കും എന്നെനിക്കറിയാമായിരുന്നു. എങ്കിലും എന്നെ അറിയാവുന്ന അളിയന്‌ കാര്യം മനസ്സിലായിക്കോളും എന്നെനിക്കറിയാമായിരുന്നു. എന്റെ ചീന്തിന്‌ അളിയന്റെ മറുപടി വന്നു: "ഇതെന്താ തത്വചിന്തയാണല്ലോ അളിയാ". എന്തു ചിന്തയായാലും അതെന്നെ കരയിച്ചു എന്നുപറഞ്ഞപ്പോൾ അളിയന്‌ തൃപ്തിയായി. നെസ്സി പെണ്ണാണെങ്കിലും അളിയൻ എന്നാണ്‌ വിളിക്കുക. എന്നെയും അങ്ങനെതന്നെ വിളിക്കുന്നു. ചങ്ങായിസല്ലാപത്തിലെ കേരളമഞ്ഞുതീരം എന്ന മുറിയുടെ ഉടമയായ ഉമ്മാച്ചുവാണതിന്‌ കാരണക്കാരൻ. 'ഓറഞ്ച്‌-നാരങ്ങ' എന്ന പേരിൽ വന്ന നെസ്സിയെ ഉമ്മാച്ചു ഓറഞ്ചളിയൻ എന്നു വിളിച്ചു. ആണാണെന്നു കരുതിയാണ്‌ അങ്ങനെ വിളിച്ചത്‌. ഞാനും അങ്ങനെ വിളിച്ചു. എല്ലാവരും അങ്ങനെ വിളിച്ചു. കുറെനാൾ കഴിഞ്ഞാണറിഞ്ഞത്‌ ഓറഞ്ചളിയൻ പെണ്ണാണെന്ന്‌. പക്ഷെ സ്നേഹത്തോടെ വിളിച്ചുപതിഞ്ഞുപോയ പേരിനി മാറ്റിവിളിക്കാൻ മരിച്ചാലും പറ്റില്ല. ചങ്ങായിസല്ലാപത്തിലെ എല്ലാവരും ലിംഗഭേദമെന്യെ അളിയന്മാരാണ്‌. വേറെയും ഉണ്ട്‌ അവിടത്തെ അളിയന്മാർ. രാജേഷ്‌ എന്ന ഫെബ്ബളിയൻ, പിന്നെ മനോ അളിയൻ, ഉമ്മാച്ചു അളിയൻ, ഷറഫളിയൻ, പൗരുഷപുരുഷനളിയൻ, ശാലീൻ അളിയൻ, ഷീന അളിയൻ...എത്ര എത്ര അളിയന്മാർ..! ആണും പെണ്ണും എല്ലാം അളിയന്മാർ! ആളുകളുടെ ജീവിതങ്ങളെതന്നെ മാറ്റിമറിക്കുന്ന വിചിത്രവല ആളുകളുടെ പേരുകൾ മാറ്റിയെങ്കിൽ ഞാനെന്തുചെയ്യാൻ?!! ഇപ്പോൾ തലയിൽ പിടിപ്പിച്ച്‌ ചെവിയിൽ വെച്ചിട്ടുള്ള ശ്രവണോപകരണത്തിൽനിന്ന്‌ കേൾക്കാൻ കഴിയുന്നത്‌ 'നിന്റെ ദൃഷ്ടികൾ ഇന്ദ്രജാലം തീർത്തു' എന്ന ഗാനമാണ്‌. ഇത്‌ എനിക്ക്‌ പരിചയപ്പെടുത്തിത്തന്നത്‌ മറ്റൊരളിയനാണ്‌ - പുഞ്ചിരിപുഞ്ചിരിയളിയൻ (പെണ്ണാണ്‌). ആ അളിയൻ ഇപ്പോൾ എവിടെയാണാവോ. കുറെക്കാലമായി കണ്ടിട്ട്‌. പുറത്തു ചൂട്‌ വീണ്ടും അൽപം കുറഞ്ഞിരിക്കുന്നു. ഇപ്പോൾ 34.
ഞാൻ പോയി ഭക്ഷണമുണ്ടാക്കട്ടെ. അതും കഴിച്ച്‌ ഒരു സുലൈമാനിയും കുടിച്ച്‌ ലോലിതയ്ക്കുവേണ്ടി കാത്തിരിക്കട്ടെ.

5 comments:

Rare Rose said...

ആദ്യം ഈ കടുകുമണിയക്ഷരങ്ങള്‍ ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നത് കണ്ട് ഒന്ന് മടിച്ചുവെങ്കിലും വലയിലകപ്പെട്ടു പോയ ചിന്തകളെല്ലാം ഒറ്റയിരിപ്പിനു തന്നെ വായിച്ചു...അതിനിടയില്‍ കണ്ടുമുട്ടിയ പുതിയ ഇതു വരെ കേള്‍ക്കാത്ത മലയാള പദങ്ങള്‍ ചിരിയുണര്‍ത്തി...യു-റ്റ്യൂബിനു പകരം നീ-കുഴല്‍ ,അക്ഷരഫലകം,ചീന്ത് ഒക്കെ....കൂടെ ഹിന്ദി ഗാനങ്ങളുടെ പരിഭാഷ യും....അതിനിടയില്‍ സുലൈമാനി പോലെ ഉണര്‍വ്വേകുന്ന ചിന്തകളും....നന്നായിരിക്കുന്നു ട്ടോ..ആശംസകള്‍...:)

OAB said...

ഇത് വായിച്ചാല്‍ ഞാന്‍ വലയിലാവും...:)
ഇപ്പൊ ഡ്യൂട്ടിയിലാണേയ്..
സമയം ഒത്ത് വരുമ്പോള്‍ വായിക്കാം.

deepdowne said...

rare rose, ഈ കടുകുമണിയക്ഷരങ്ങൾക്ക്‌ ഉടനെ പരിഹാരം കാണുന്നതാണ്‌. ഈ റ്റെമ്പ്ലേറ്റ്‌ മാറ്റണമെന്ന്‌ കുറച്ചുനാളായി വിചാരിക്കുന്നു. എത്രയും എളുപ്പം അതു ചെയ്യും. നന്ദി :)

oab, അതുമതി. നന്ദി :)

Nishad | നിഷാദ് said...

മാഷേ,
മുന്‍പേ വായിച്ചിരുന്നു, പക്ഷെ മറുപടി പറയാന്‍ കുറച്ച് തിരക്ക് മൂലം സാധിച്ചില്ല. ക്ഷമിക്കൂ.

എഴുതിയതിന് നന്ദി. പിന്നെ അക്ഷരങ്ങള്‍ ഇച്ചിരി കൂടി വലുതാക്കണേ, ഭയങ്കര പാടാ വായിക്കാന്‍.

പിന്നെ ‘ബൂലോക സംഭവം’ പേരെനിക്കിഷ്ടായിട്ടോ, അന്നു ഞാന്‍ ബ്ലോഗ് ഈവന്റിനു പകരം ഒരു പേരു തപ്പിയിട്ടു കിട്ടിയില്യ. പക്ഷെ ഇതു കിടു! പിന്നെ വായിക്കുന്നവര്‍ക്ക് പെട്ടെന്ന് മനസിലായിക്കോട്ടേ എന്നും വിചാരിച്ചു.

കുറേ പുത്തന്‍ വാക്കുകള്‍ കിട്ടീട്ടോ....

സസ്നേഹം, നിഷാദ്

deepdowne said...

നിഷാദ്‌, നന്ദി!
എന്റെ ടെമ്പ്ലേറ്റിന്റെ ഒരു error കാരണമാണ്‌ അക്ഷരത്തിന്റെ വലുപ്പം കൂട്ടാൻ പറ്റാത്തത്‌. ഏതായാലും ടെമ്പ്ലേറ്റ്‌ മാറ്റണമെന്ന്‌ വിചാരിച്ചിട്ട്‌ കുറച്ചുകാലമായി, സമയം കിട്ടുന്നില്ല. സമയം കിട്ടും വരേക്ക്‌ തൽകാലം ഒരു default template സെറ്റ്‌ ചെയ്തു. ഇനി പ്രയാസമില്ലാതെ വായിക്കാം :)

Post a Comment