Wednesday, September 24, 2008

സത്യജിത്‌ റായിയുടെ Apu trilogy

എന്റെ മൊബൈൽ റിംഗ്‌ ചെയ്തു. കഫെറ്റീരിയയിൽ ഇരിക്കുമ്പോഴാണ്‌ സംഭവം. ദീപക്‌ പെട്ടെന്ന് മുഖമുയർത്തി തിളങ്ങുന്ന കണ്ണുകളോടെ എന്നെ നോക്കി. ഞാനും 'എങ്ങനെയുണ്ട്‌ സംഗതി, കൊള്ളാമോ?' എന്നരീതിയിൽ പുരികങ്ങൾ മെല്ലെ ഉയർത്തി ചോദ്യഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട്‌ നോക്കി. സംഗതി വേറെ ഒന്നുമല്ല. റിങ്ങ്‌ടോൺ രവിശങ്കറിന്റെ സിത്താർവ്വാദ്യത്തിന്റെ ഒരു ഓഡിയോക്ലിപ്‌ ആണ്‌. മനോഹരമല്ല, അതിമനോഹരം. എൻകാർട്ടയിൽനിന്ന് മുൻപ്‌ അടിച്ചുമാറ്റിയ സാധനമാണ്‌. ദീപക്‌ ഉടനെ പറഞ്ഞു: സത്യജിത്‌ റേയുടെ പടങ്ങളിലെ മ്യൂസിക്ക്‌ പോലെയുണ്ട്‌.
ങേ! ഞാൻ ചെറുതായൊന്നു ഞെട്ടി. വീണ്ടും ഒരു നോൺബുജി സത്യജിത്‌ റായിയെക്കുറിച്ചു പറയുന്നു! ദീപക്‌ ഒരു ബുജിയേ അല്ല. എന്നിട്ടും സത്യജിത്‌ റായിയുടെ പടങ്ങൾ കണ്ടാസ്വദിച്ചിരിക്കുന്നു. ഇതെപ്പടി? റായിയുടെ പടങ്ങൾ ബുജിപ്പടങ്ങളല്ലെ? പുള്ളി ഒരു ബുജിയല്ലെ? ആകെ കൺഫ്യൂഷൻ. ഇത്‌ രണ്ടാമത്തെ പ്രാവശ്യമാണ്‌ ബുജിയല്ലാത്ത ആൾ റായിയുടെ പടം കണ്ടെന്നു പറയുന്നത്‌. ആദ്യം കണ്ടത്‌ ഒരു ബ്ലോഗറുടെ profile-ലെ favourite movies-ന്റെ ലിസ്റ്റിലാണ്‌. ആ ബ്ലോഗറും അത്ര വലിയ ബുജി ഒന്നുമല്ല. പക്ഷെ അന്നേ ഞാൻ തീരുമാനിച്ചതായിരുന്നു റായിയുടെ പടങ്ങൾ കണ്ടുനോക്കണമെന്ന്‌. പക്ഷെ ഇതുവരെ നടന്നില്ല. ഇപ്പോൾ ദേ ദീപക്കും! ഇനി വൈകിക്കാൻ പാടില്ല. അധികം വൈകാതെ പടങ്ങൾ സംഘടിപ്പിച്ചു. കണ്ടു. Apu trilogy ആണ്‌ കണ്ടത്‌. സത്യജിത്‌ റായിയുടെ മാസ്റ്റർപീസ്‌. മൂന്ന് ഫിലിമുകൾ ഒന്നിച്ചാണ്‌ Apu trilogy എന്ന പേരിലറിയപ്പെടുന്നത്‌. അപു എന്നയാളുടെ കഥയാണ്‌ ഈ ഫിലിമുകളിലൂടെ പറയുന്നത്‌.

ഒന്ന്‌: പഥേർ പാഞ്ചാലി
രണ്ട്‌: അപരാജിതൊ
മൂന്ന്‌: അപുർ സൻസാർ

ആദ്യത്തേതിൽ അപുവിന്റെ ബാല്യമാണ്‌. രണ്ടാമത്തേതിൽ കൗമാരം. മൂന്നാമത്തേതിൽ യൗവനം. മൂന്നും തുടരനായി കാണാം. അല്ലെങ്കിൽ മൂന്ന്‌ വ്യത്യസ്തസിനിമകൾ എന്ന നിലയിൽ കണക്കാക്കാം. കാരണം, ഓരോ പടവും സ്വതന്ത്രമായി നിലനിൽക്കുന്ന രീതിയിലാണ്‌ ചിത്രീകരണം. ഈ പടങ്ങൾക്കൊന്നും യാതൊരു ബുജിലക്ഷണവുമില്ല. വെറും സാദാ തീമുകൾ. ഇതിവൃത്തത്തിന്റെ കാര്യത്തിൽ extraordinary എന്ന് പറയാൻ മാത്രം ഒന്നുമില്ല. അതായത്‌ ഇതുവരെ ആരും നമുക്കു പറഞ്ഞുതന്നിട്ടില്ലാത്ത കഥ എന്നും മറ്റും വിശേഷിപ്പിക്കാൻ മാത്രം പോന്ന ഒന്നുമല്ല. ഇനി അഥവാ അത്തരത്തിലുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ്‌ പോകേണ്ടത്‌ സത്യജിത്‌ റായിക്കല്ല, ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ്ക്കാണ്‌. കാരണം അദ്ദേഹത്തിന്റെ കഥ സത്യജിത്‌ റായ്‌ സിനിമയാക്കി മാറ്റിയെന്നേയുള്ളൂ. പറഞ്ഞുവന്നത്‌.. സത്യത്തിൽ മുൻപ്‌ ഞാൻ കരുതിയിരുന്നത്‌ മറ്റേ ടൈപ്പ്‌ ആണെന്നാണ്‌, അവാർഡ്‌ എന്നു പറയാറില്ലെ.. പടം മുഴുവൻ കണ്ടിട്ട്‌ മൂടും തട്ടി നമ്മൾ എഴുന്നേൽക്കുമ്പോൾ 'സംവിധായകൻ എന്തായിയിരിക്കും ഉദ്ദേശിച്ചിരിക്കുന്നത്‌?... ങാ, എന്തെങ്കിലും ഉദ്ദേശിച്ചുകാണും..' എന്നും മനസ്സിൽ പറഞ്ഞുകൊണ്ട്‌ പോകുന്ന അവസ്ഥ. പക്ഷേ അങ്ങനെ ഒരു സംഭവമേ അല്ല ഇത്‌. നിഷാദിനോട്‌ ഞാൻ പറഞ്ഞു സത്യജിത്‌ റായിയുടെ പടം കണ്ടെന്ന്. ഇതെത്ര സിമ്പിൾ പടങ്ങളാണെടാ എന്നു പറഞ്ഞപ്പോൾ അവൻ പറയുന്നു പിന്നെ നീയെന്താ വിചാരിച്ചത്‌ എന്ന്‌. അവൻ പറയുന്നു, സത്യജിത്‌ റായിയുടെ പടങ്ങൾ ഇങ്ങനെ ഒക്കെ ആണെന്ന്‌! പിന്നെ അകിറോ എന്നും കുറസോവ എന്നും ഒക്കെ പുലമ്പുന്നു അവൻ. അങ്ങനെ മൂന്നാമതും ഒരു non-ബുജി ദേ സംസാരിക്കുന്നു റായിയെക്കുറിച്ച്‌! അതും വെറും non-ബുജിയല്ല ഇവൻ. എനിക്ക്‌ പുസ്തകം വായിക്കുന്ന ശീലമുണ്ടെന്ന് അറിഞ്ഞപ്പോൾ പുച്ഛത്തോടെ സംസാരിച്ചവൻ. പുസ്തകങ്ങൾ വായിക്കുന്നവർ മണ്ടന്മാരാണെന്ന രീതിയിൽ സംസാരിച്ചവൻ. പുസ്തകങ്ങളുടെ കുഴിയിൽ വീണുപോയ എന്നോട്‌ 'സഹതാപം തോന്നി' എന്നെ അതിൽ നിന്ന് കരകയറ്റാൻ ആഗ്രഹിച്ചവൻ. (പക്ഷേ അവൻ നീട്ടിയ കൈപിടിച്ചുവലിച്ച്‌ അവനെയും ആ പടുകുഴിയിലേക്ക്‌ വലിച്ചിട്ടു ഞാൻ, ഹഹ! ഇന്ന് അവൻ ഒരു പുസ്തകപ്രാന്തൻ!! ഹിഹി!). അപ്പോൾ പറഞ്ഞുവന്നത്‌ എന്താണെന്നുവെച്ചാൽ ഈ പടങ്ങൾ കാണുന്നതുവരെ ഇത്രയും കാലം ഞാൻ കരുതിയിരുന്നത്‌ റായിയുടെ ചിത്രങ്ങൾ എന്നെപ്പോലെയുള്ളവർക്ക്‌ മനസ്സിലാകാൻ സാദ്ധ്യതയില്ല എന്നായിരുന്നു. അതിനു കാരണമുണ്ട്‌. അദ്ദേഹത്തിന്റെ ഫോട്ടോസ്‌ കണ്ടിട്ടില്ലേ? ഒന്നുകിൽ ഒരു പൈപ്പും വലിച്ച്‌ ഗംഭീരഭാവത്തിലിരിക്കും. അല്ലെങ്കിൽ ഒരു കാമറയുടെ പിന്നിൽ ഗംഭീരഭാവത്തിൽ കുനിഞ്ഞുനിൽക്കും. അല്ലെങ്കിൽ വെറുതെ താടിക്ക്‌ കൈയും കൊടുത്ത്‌ ഗംഭീരഭാവത്തിലിരിക്കും. ഇതൊക്കെയാണ്‌ അദ്ദേഹത്തിന്റെ പ്രശസ്തമായ പോസുകൾ. ഒന്നിലും ചിരി എന്നു പറഞ്ഞ സാധനമില്ല. പിന്നെ, ഇദ്ദേഹത്തിന്‌ ഇത്‌ എന്തിന്റെ സൂക്കേടാ? ആ കൈ എവിടെയെങ്കിലും ഒന്ന് അടക്കിവെച്ചൂടേ. വെറുതെ ഇരിക്കുമ്പോഴും അത്‌ താടിക്കു കൊണ്ടുവന്ന് ഫിറ്റ്‌ ചെയ്യും, മനുഷ്യന്‌ കൺഫ്യൂഷനുണ്ടാക്കാൻ. ഒരു കൗതുകം തോന്നി Google-ൽ ഒരു image search ചെയ്തുനോക്കി. പുഞ്ചിരിക്കുന്ന ഒരു ഫോട്ടോ തപ്പിത്തപ്പിത്തപ്പിത്തപ്പിത്തപ്പി ഞാൻ മടുത്തു. ചിലതിൽ പുഞ്ചിരിക്കുന്നു എന്ന ഭാവേനയാണ്‌ നിൽപെന്നു തോന്നുന്നു. പക്ഷെ സാധാരണ നിർവ്വചനമനുസരിച്ച്‌ അതിനെ പുഞ്ചിരിയായി കണക്കാക്കാമോ എന്ന് സംശയം. പക്ഷേ അവസാനം ഒരെണ്ണം കണ്ടു, Lindsay Anderson, Madame Kawakita എന്നിവരുടെ കൂടെ നിൽക്കുന്നു. ദേ ഇതാണാ ചിത്രം:

Lindsay Anderson, Madame Kawakita, Satyajit Ray


കാര്യത്തിലേക്ക്‌ വരട്ടെ. Apu trilogy-യിലെ ആദ്യപടമായ പഥേർ പാഞ്ചാലിയിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റുന്ന കാര്യം അതിന്റെ naturalness ആണ്‌. ഇത്രയ്ക്ക്‌ real ആയി തോന്നുന്ന രംഗങ്ങളും ചലനങ്ങളും വേറെ ഒരു ചിത്രത്തിലും കണ്ടിട്ടില്ല. വളരെ സ്വാഭാവികമായി തോന്നുന്ന അഭിനയം. അത്‌ അഭിനയമേ അല്ല. അങ്ങനെ തോന്നില്ല. ഇതിലുള്ള നടീനടന്മാർ(?) അഭിനയിക്കുകയല്ല. അഭിനയിക്കുകയാണെന്ന്‌ പറയാൻ പ്രയാസം. ഓൺലൈനിൽ ഈ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നോക്കിയപ്പോൾ ഭൂരിപക്ഷം പേരും ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌ ചിത്രത്തിന്റെ ഈ സാങ്കേതികഘടകമാണ്‌. ഒരാൾ പറഞ്ഞിരിക്കുന്നത്‌ ഇത്‌ ഒരു surveillance camera ഒളിച്ചുവെച്ചിട്ട്‌ ചിലരുടെ ജീവിതം അവർ അറിയാതെ പകർത്തിയതാണോ എന്നുപോലും നമുക്ക്‌ തോന്നിപ്പോകുമെന്നാണ്‌. അത്രയ്ക്ക്‌ originality. എനിക്കും അങ്ങനെ തോന്നി. ഇത്‌ കാണുന്ന ആർക്കും അങ്ങനെ തോന്നും എന്നാണ്‌ എന്റെ അഭിപ്രായം. കണ്ടിട്ടില്ലെങ്കിൽ നിങ്ങളും കണ്ടുനോക്കൂ. നിങ്ങൾക്കും അങ്ങനെ തോന്നാനാണ്‌ സാദ്ധ്യത. ഇത്‌ സത്യജിത്‌ റായിയുടെ ആദ്യസിനിമാസംരംഭമായിരുന്നു. ഇതിൽ അഭിനയിച്ചവരും സാങ്കേതികവശത്ത്‌ പ്രവർത്തിച്ചവരും ആയ ഏതാണ്ടെല്ലാവരും തന്നെ പുതുമുഖങ്ങളായിരുന്നു എന്നത്‌ ഇതിന്റെ ഒരു പ്രത്യേകതയാണ്‌. കൈയിൽ കാശില്ലാതെ പകുതിക്ക്‌ ഇട്ടിട്ടുപോകേണ്ട ഗതിവന്ന സിനിമ അവസാനം ഗവെണ്മെന്റിന്റെ സഹായത്തോടെ പൂർത്തീകരിക്കുകയായിരുന്നു. അങ്ങനെ വലിഞ്ഞുനീണ്ട്‌ നാലോ അഞ്ചോ വർഷമെടുത്തു ഈ ഒരു സിമ്പിൾ സിനിമ പിടിച്ചുതീർക്കാൻ. ഏതായാലും സിനിമ പുറത്തിറങ്ങിയപ്പോൾ വൻവിജയമായിരുന്നു. ഇതിലെ naturalness എന്ന ഘടകം കൂടാതെ മറ്റൊരു കാര്യം കൂടി എനിക്ക്‌ വളരെ ഹൃദയസ്പർശിയായി തോന്നി. അപുവിന്റെയും ദുർഗ്ഗയുടെയും സഹോദരബന്ധത്തിന്റെ കഥ. ബാലനായ അപുവിനെക്കാളും നാലഞ്ചുവയസ്സെങ്കിലും കൂടുതൽ കാണും ദുർഗ്ഗയ്ക്ക്‌. അവൾ ഇവനോട്‌ വഴക്കടിക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. എങ്കിലും ഒരു സഹോദരിയുടെ സ്നേഹം എന്നതിൽക്കവിഞ്ഞ്‌ ഒരമ്മയുടേതുപോലത്തെ വാൽസല്യമാണ്‌ അവൾക്ക്‌ അവനോടുള്ളത്‌. ഇന്നുവരെ ഞാൻ കണ്ടിട്ടുള്ള സിനിമകളിൽവെച്ച്‌ ഏറ്റവും നല്ല ബാലനടീനടന്മാർക്കുള്ള അവാർഡ്‌ കൊടുക്കാൻ എന്നോടാവശ്യപ്പെട്ടാൽ ഞാൻ ഒന്നും നോക്കാതെ അത്‌ ഇവർക്കെടുത്ത്‌ കൊടുത്തുകളയും. താഴെ കൊടുത്തിരിക്കുന്ന അവരുടെ ഈ രണ്ട്‌ രംഗങ്ങൾ ഒന്ന്‌ കണ്ടുനോക്കൂ. ഈ കുട്ടികൾ ശരിക്കും അഭിനയിക്കുകയാണോ???Apu and Durga - clip 1Apu and Durga - clip 2Apu trilogyയിലെ ബാക്കി രണ്ടുപടങ്ങളിലും ആദ്യത്തേതിലെ ആ മാന്ത്രികസ്പർശ്ശം അത്രയ്ക്കൊന്നും എനിക്ക്‌ തോന്നിയില്ല. രണ്ടാമത്തെ പടമായ അപരാജിതൊയാണ്‌ കൂട്ടത്തിൽ എനിക്ക്‌ അധികം ഇഷ്ടപ്പെടാതെ പോയ പടം. അപുവിന്റെ കൗമാരമാണ്‌ ഇതിൽ. അമ്മയെപ്പിരിഞ്ഞ്‌ കോളേജിൽ പഠിക്കാനായി അവൻ ദൂരെ പോകുന്നു. സ്ത്രീകൾക്ക്‌ ഇഷ്ടപ്പെടാൻ സാദ്ധ്യതയുള്ള ചിത്രമാണ്‌ ഇത്‌. മകന്റെ സാന്നിദ്ധ്യത്തിനുവേണ്ടി ദാഹിക്കുന്ന അമ്മയുടെ ചിത്രമുണ്ടിതിൽ.

മൂന്നാമത്തെ ചിത്രമായ അപുർ സൻസാറാണ്‌ വ്യക്തിപരമായി എനിക്ക്‌ മൂന്നിലും വെച്ച്‌ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രം. സാങ്കേതികത്തികവിന്റെ കാര്യത്തിൽ ആദ്യചിത്രമായ പഥേർ പാഞ്ചാലിയോളം ഇതിനോട്‌ ഇഷ്ടമില്ലെങ്കിലും. ഇതിൽ അപുവിന്റെ യൗവനമാണ്‌ കാണിക്കുന്നത്‌. എല്ലാവരും നഷ്ടപ്പെട്ട, ഒറ്റപ്പെട്ട അപു. പഠനം കഴിഞ്ഞ്‌ നല്ലൊരു അന്തസ്സുള്ള ജോലിതെണ്ടിനടക്കുന്ന, സാഹിത്യവും വായനയും തത്വചിന്തയും നെഞ്ചിൽ കൊണ്ടുനടക്കുന്ന, താൻ എഴുതിക്കൊണ്ടിരിക്കുന്ന നോവൽ പൂർത്തീകരിച്ച്‌ പബ്ലിഷ്‌ ചെയ്തുകാണാനാഗ്രഹിക്കുന്ന, താൻ സ്വപ്നം കാണുന്ന ഒരു ജീവിതം കെട്ടിപ്പടുക്കാൻ ബദ്ധപ്പെടുന്ന, ആൾക്കൂട്ടത്തിന്റെ ഇടയിലും തന്റേതായ ഒരു ലോകത്ത്‌ ജീവിക്കുന്ന അപുവിന്റെ കഥ എനിക്ക്‌ വല്ലാതെ ഇഷ്ടമായി. പിന്നെ ഇതിൽ ഷർമ്മിള ടാഗോറുമുണ്ട്‌. ഷർമ്മിള ടാഗോറിന്റെ ആദ്യസിനിമാസാന്നിദ്ധ്യമാണെന്ന്‌ തോന്നുന്നു ഇത്‌. നിഷ്കളങ്കയും ശാലീനയുമായവൾ. അടക്കവും ഒതുക്കവുമുള്ളവൾ. നാണംകുണുങ്ങിയായ, പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന കൊച്ചുപെണ്ണ്‌. സുന്ദരിക്കോത! :) so cute! എന്നേ പറയാൻ തോന്നുന്നുള്ളൂ. ഈ still നോക്കിക്കേ:


ഈ ചിത്രത്തിലെ അവസാനഭാഗങ്ങൾ മാത്രമാണ്‌ എനിക്ക്‌ ഇഷ്ടപ്പെടാതെ പോയത്‌. അല്ലെങ്കിൽ ഇത്‌ എന്റെ favourites list-ൽ കേറിയേനേ.

പിന്നെ ഒരു സംഗതി. ഇതിൽ ബംഗാളിലെ റോട്ടിൽ ഓടുന്ന ബസ്സിന്റെ പുറത്ത്‌ ഫിലിപ്സിന്റെ പരസ്യം. "Sense and simplicity"യോ? അല്ല, അതിപ്പോഴല്ലെ വന്നത്‌. "Let's make things better"-ഉം അല്ല. പിന്നെ എന്തവാ? "Philips for lamps and radio" ഹ!!

ഈ പോസ്റ്റ്‌ എഴുതിയത്‌ എന്റെ ഒരു അനുഭവം രേഖപ്പെടുത്താൻ വേണ്ടി മാത്രമല്ല. സത്യജിത്‌ റായിയുടെ പടങ്ങൾ ബുജിപ്പടങ്ങളാണെന്ന (അബദ്ധ)ധാരണകൊണ്ടുമാത്രം അവ കാണാതിരിക്കുന്ന ആരങ്കിലുമുണ്ടെങ്കിൽ കാണണം എന്ന് പറയാനും കൂടിയാണ്‌ :)

P.s. ഒരു കാര്യം പറയാൻ വിട്ടുപോയി. എന്റെ മൊബൈലിലെ രവിശങ്കറിന്റെ ഓഡിയോക്ലിപ്പ്‌ ദീപകിനെ സത്യജിത്‌ റായി-ചിത്രങ്ങളെ ഓർമ്മിപ്പിച്ചതിനു കാരണമുണ്ട്‌. സത്യജിത്‌ റായിക്ക്‌ സംഗീതം നൽകിയിരിക്കുന്നത്‌ രവിശങ്കറാണ്‌.

9 comments:

Harold said...

ഈ സിനിമകളൊക്കെ നേരത്തെ കണ്ടിട്ടുണ്ട്..പക്ഷെ വിഷ്വത്സ് ഇവിടെ കാണാനൊക്കുന്നില്ലല്ലോ?
കുറച്ചു പേരെങ്കിലും പുതിയതായി സിനിമ കാണും, ഉറപ്പ്.
നന്നായി എഴുതിയിരിക്കുന്നൂ..അഭിനന്ദനങ്ങള്‍

deepdowne said...

harold,നന്ദി! :)
Visuals രണ്ടും Youtube ക്ലിപ്പുകൾ ആണ്‌. ഇവയാണ്‌ ലിങ്കുകൾ. അവ വഴിയും കാണാം:
1: http://www.youtube.com/watch?v=rO-wtBgCnkw
2. http://www.youtube.com/watch?v=lsFF8T-IWb8

lakshmy said...

സത്യജിത് റായിയുടെ രണ്ടേ രണ്ടു ചിത്രങ്ങളേ ഞാൻ കണ്ടിട്ടുള്ളു. പഥേർ പാഞ്ചാലിയും ചാരുലതയും. അതോടെ ഞാൻ അദ്ദേഹത്തിന്റെ സിനിമകളുടെ ഒരു തികഞ്ഞ ആരാധികയായി പോയതിനു ഈ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ കാരണങ്ങളാണ്. ഞാൻ കണ്ട പടങ്ങളിൽ ഏറ്റവും മികച്ചത് എന്ന് ഞാൻ എന്നും അഭിപ്രായപ്പെട്ടവയും ഇവ തന്നെ

സജി said...

ആ സിനിമയുടെ ഏതു സ്വഭാവമാണോ എടുത്തു കാണിക്കുവാന്‍ ഉദ്ദേശിച്ചത്, അതേ ഗുണം ഈ എഴുത്തിനും ഉണ്ട്...

രണ്ടും ഇഷ്ടപ്പെട്ടു എന്നു പറയാതെ വയ്യ...

deepdowne said...

Lakshmy, അനുഗൃഹീതകലാകാരീ, നന്ദി.
അച്ചായോ, നന്ദി.

അനില്‍ശ്രീ... said...

എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന കാലത്ത് കണ്ട പടങ്ങളാണ്. അത് വീണ്ടും ഈ ക്ലിപ്പിങ്ങിലൂടെ എങ്കിലും കാണാന്‍ വഴിയൊരുക്കിയതിന് നന്ദി. .

ഈ പറഞ്ഞ കാര്യങ്ങള്‍ തന്നെയല്ലേ സത്യജിത് റേയെ ഒന്നാമന്‍ എന്ന് വിശേഷിപ്പിക്കാന്‍ നമ്മളെ ഒക്കെ തോന്നിപ്പിക്കുന്നത്.

deepdowne said...

അതെ, അദ്ദേഹത്തെ സ്മരിക്കാതെയും ആദരിക്കാതെയുമിരിക്കാൻ നമുക്കാവില്ല.
നന്ദി അനിൽശ്രീ!

രാജ് said...

ഈ സിനിമകളിൽ മാത്രമല്ല, അല്ലെങ്കിൽ ഇതൊന്നുമല്ല സത്യജിത് റായ് സിനിമകൾ എന്നു പറയാൻ ധൈര്യം തോന്നും വിധമാണ് റായുടെ സിനിമ. ആരണ്യേർ ദിൻ‌രാത്രി എന്നൊരു സിനിമയുണ്ട് എത്ര പാഷനേറ്റ് ആയിട്ടാണ് കഥ പറഞ്ഞിരിക്കുന്നതെന്നു നമ്മൾ അത്ഭുതപ്പെട്ടുപോകും. കൊമേഴ്സ്യൽ ചേരുവകളുള്ള സിനിമ, എന്നിട്ടും റായ് സ്പർശം ഉടനീളം പ്രദർശിപ്പിക്കുന്ന സിനിമ. ശർമ്മിളാ ടാഗോറുമുണ്ട് :-)

deepdowne said...

Peringz, thanks for the information. ആ പേര്‌ കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാണാനൊത്തില്ല. കാണാന്‍ ശ്രമിക്കട്ടെ..

Post a Comment