Sunday, June 24, 2012

കുരുവിഗോപി

പുസ്തകം: കുരുവി ഗോപി
ഗ്രന്ഥകാരൻ: എ. വിജയൻ
പ്രസാ: സാഹിത്യപ്രവർത്തക സഹകരണസംഘം

കുരുവി ഗോപി. ഞാൻ വായിച്ച ആദ്യത്തെ പുസ്തകം. ഇപ്പോൾ വർഷങ്ങൾക്കുശേഷം രണ്ടാമതും വായിക്കാൻ അവസരം ലഭിച്ചു.

പ്രദേശത്തെ കുഞ്ഞുലൈബ്രറിയിൽനിന്ന് നവാബ്‌ മാമാക്കു പുസ്തകം എടുത്തുകൊണ്ടുപോയി കൊടുക്കുന്നത്‌ എന്റെ പതിവായിരുന്നു.വായിച്ചുകഴിഞ്ഞ പുസ്തകം അദ്ദേഹം എന്നെ ഏൽപ്പിക്കും. അതുമായി ലൈബ്രറിയിൽ പോയി അതവിടെ ഏൽപ്പിച്ചാൽ ലൈബ്രേറിയൻ മറ്റൊരു പുസ്തകം തരുന്നു. എന്നിട്ട്‌ എന്നെക്കൊണ്ട്‌ ഒരു റെജിസ്റ്റെറിൽ ഒപ്പിടീക്കുന്നു. ഇതായിരുന്നു രീതി. ഇത്‌ അനുകരിച്ച്‌ ഞാനും വീട്ടിൽ കൂട്ടുകാരൊത്ത്‌ ലൈബ്രറി കളിച്ചു. പക്കലുണ്ടായിരുന്ന പൂമ്പാറ്റ, ബാലരമ, മലർവാടി എന്നിവയെല്ലാം ഒന്നിച്ചുകൂട്ടി ആവശ്യക്കാർക്ക്‌ നൽകി ഒരു നോട്ടുബുക്കിൽ ഒപ്പിടീച്ചു. അപ്പോഴാണ്‌ "ഇന്നാ, നിന്റെ ലൈബ്രറിയിലേക്ക്‌ എന്റെ വക ഒരു പുസ്തകം." എന്നും പറഞ്ഞ്‌ ഒരു പുസ്തകം നീട്ടിക്കൊണ്ട്‌ ഉപ്പ കടന്നുവന്നത്‌. പൂമ്പാറ്റയും ബാലരമയും വായിച്ചുനടന്ന എനിക്ക്‌ അങ്ങനെ ഒരു 'ശരിയായ' പുസ്തകം വായിക്കാനൊത്തു. പിന്നീടെപ്പോഴോ ആ പുസ്തകം എന്റെ പക്കൽനിന്ന് നഷ്ടമായി. കുറച്ചുവർഷങ്ങൾക്കുശേഷം അതിന്റെ ഒരു കോപ്പിക്കായി വളരെ അന്വേഷിച്ചെങ്കിലും എവിടെയും ലഭിച്ചില്ല. അവസാനം ഇപ്പോൾ ലഭിച്ചിരിക്കുന്നു.

പക്ഷെ, വർഷങ്ങൾക്കുമുൻപ്‌ ആദ്യമായി വായിച്ചപ്പോൾ എനിക്ക്‌ വളരെയൊന്നും മനസ്സിലായില്ല. എന്നുവെച്ചാൽ കുരുവികളോടും പക്ഷിമൃഗാദികളോടും ചങ്ങാത്തകാരനായ കുരുവിഗോപിയുടെ കഥ ഇഷ്ടമായെങ്കിലും എഴുത്തുകാരൻ അതിലൂടെ നൽകാനുദ്ദേശിച്ച സന്ദേശമൊന്നും മനസ്സിലാക്കാനുള്ള പ്രായവും പക്വതയും അന്നില്ലായിരുന്നു. കുരുവിഗോപി 'കാകാ' എന്നുവിളിക്കുമ്പോൾ കാക്ക വരുന്നതും, 'കൂകൂ' എന്നുവിളിക്കുമ്പ്പോൾ കുരുവി വരുന്നതും, ഗുരുകുലത്തിൽ ഗുരുവിന്റെ നരച്ച താടിമീശകളിൽ പുരട്ടാൻ കറുത്ത മശി തയ്യാറാക്കുന്ന കുരുവിഗോപിയും എല്ലാം ഓർമ്മയുണ്ടായിരുന്നു. എങ്കിലും ഇന്നിപ്പോൾ വായിച്ചപ്പോഴാണ്‌ ആ പ്രായത്തിൽ വയിക്കേണ്ട പുസ്തകമേ അല്ലായിരുന്നു അത്‌ എന്ന് മനസ്സിലായത്‌. കുറഞ്ഞപക്ഷം മുതിർന്ന കുട്ടികൾക്കുള്ളതാണ്‌ അത്‌. കുട്ടികളല്ലാത്തവർക്കാണ്‌ അത്‌ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുക. ഹാരിപോട്ടറുടെ കഥകൾ കുട്ടികൾക്കുള്ളതാണെങ്കിലും അവ മുതിർന്നവർ അത്രതന്നെ ആസ്വദിക്കുന്നു എന്ന് പലരും എന്നോട്‌ പറഞ്ഞതോർക്കുന്നു.

പാവം അനാഥനായ കുരുവിഗോപിക്ക്‌ ഗുരുകുലവിദ്യാഭ്യാസം കഴിയുന്ന ദിവസത്തിൽ പോകാനൊരിടമില്ല. കൂട്ടുകാരൊക്കെ വീട്ടിൽ തിരിച്ചെത്താനുള്ള പ്രതീക്ഷയിൽ ആഹ്ലാദിക്കുമ്പോൾ കുരുവിഗോപിക്ക്‌ അവന്റെ ജീവിതയാത്ര ഏകനായി തുടങ്ങേണ്ടിവരുന്നു. കയ്പ്പു നിറഞ്ഞ വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെ അവൻ പ്രയാണം തുടരുന്നു.

മുതിർന്നവർ കുട്ടികൾക്ക്‌ വായിച്ചുകൊടുക്കേണ്ട കഥ.

No comments:

Post a Comment