Friday, June 29, 2007

എന്റെ സത്യാന്വേഷണ പരീക്ഷണകഥ

കൃതി: ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ
കര്‍ത്താവ്‌: എം. കെ. ഗാന്ധി

പരിഭാഷ: ഡോ. ജോര്‍ജ്‌ ഇരുമ്പയം
isbn: 81-7229-200-9
പ്രസാ: നവജീവന്‍


കുറച്ച്‌ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഗാന്ധിയുടെ ആത്മകഥ ഇംഗ്ലീഷില്‍ വായിച്ചപ്പോള്‍ അധികമൊന്നും മനസ്സിലായില്ല. ഇന്ത്യയുടെ രാഷ്ട്രീയവും ചരിത്രപരവുമായ ഒരു നല്ല പശ്ചാത്തലം എനിക്കില്ലാതിരുന്നതുകൊണ്ടും ഇംഗ്ലീഷ്‌ പരിജ്ഞാനത്തിന്റെ പോരായ്മ കൊണ്ടും അതൊരു ശ്രമകരമായ വായനയായിരുന്നു. ശ്രദ്ധയോടെ വായിച്ച കുറച്ചു ഭാഗങ്ങള്‍ പോലും മനസ്സില്‍ നേരെചൊവ്വെ തങ്ങിനിന്നില്ല. ആകെ ഓര്‍മ്മയില്‍ പതിഞ്ഞുകിടന്നത്‌ പുസ്തകത്തില്‍ പ്രതിപാദിച്ച ഗാന്ധിയുടെ ജീവിതത്തിലെ രണ്ടു സംഭവങ്ങള്‍ മാത്രമാണ്‌-- ഒന്ന്: ഗാന്ധി കുട്ടിയായിരിക്കുമ്പോള്‍ മതവിശ്വാസത്തിന്‌ എതിരായിരുന്നിട്ടും വീട്ടുകാരറിയാതെ പോയി രഹസ്യമായി മാംസം ഭക്ഷിച്ചിരുന്നു; അതില്‍ നിന്ന് കൂടുതല്‍ കായികബലവും ആരോഗ്യവും കിട്ടുകയും അങ്ങനെ ബ്രിട്ടീഷുകാരെ പൊരുതിത്തോല്‍പ്പിച്ച്‌ ഇന്ത്യയില്‍നിന്ന് ഓടിക്കാന്‍ കഴിയുകയും ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. രണ്ട്‌: പില്‍ക്കാലത്ത്‌ ഒരു നിയമവിദ്യാര്‍ത്ഥിയായി ഇംഗ്ലണ്ടില്‍ കഴിയുമ്പോള്‍, സസ്യാഹാരം മാത്രമേ കഴിക്കൂ എന്ന് ദൃഢപ്രതിജ്ഞയെടുത്തിരുന്നതുകൊണ്ട്‌ ഒരു ഹോട്ടലില്‍ മെനു-കാര്‍ഡില്‍ ഏതാണ്‌ സസ്യാഹാരം ഏതാണ്‌ മാംസാഹാരം എന്ന് തിരിച്ചറിയാനാകാതെ വിഷമിച്ച്‌ മിഴിച്ചിരിക്കുമ്പോള്‍ ഒരു സ്ത്രീ അത്‌ ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ ബുദ്ധിമുട്ട്‌ മനസ്സിലാക്കി സഹായിക്കുകയും പിന്നീട്‌ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിമാറുകയും ചെയ്തു. ഈ രണ്ട്‌ സംഭവങ്ങളല്ലാതെ വേറെയൊന്നും മുന്‍പത്തെ വായനയില്‍നിന്ന് എന്റെ മനസ്സില്‍ തങ്ങിനിന്നില്ല.

ഇപ്രാവശ്യം വായിച്ചത്‌ ഒരു മലയാളം പരിഭാഷയാണ്‌. ഇന്ത്യക്കാരും ലോകവും അറിയുന്ന സ്വാതന്ത്ര്യസമരസേനാനിയായ ഗാന്ധിയെക്കുറിച്ചല്ല ഈ പുസ്തകം. കാരണം ഇത്‌ പ്രധാനമായും അദ്ദേഹത്തിന്റെ ആദ്യകാലജീവിതത്തിന്റെ വിവരണമാണ്‌. അതായത്‌, ജനനം മുതല്‍ ഇന്ത്യയിലെ ജനങ്ങളുടെയിടയില്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകനെന്ന പ്രശസ്തിയിലേക്ക്‌ കാലെടുത്തുവെക്കുന്നയിടം വരെ, അതായത്‌, 1920-കള്‍ വരെ. അതിനുശേഷമുള്ള തന്റെ ജീവിതം ഇന്ത്യന്‍ ജനതയുടെ മുന്‍പില്‍ പരസ്യമായിരുന്നു. ആത്മകഥ ആ സമയം വരെ മാത്രമായി ഒതുക്കാന്‍ അദ്ദേഹത്തിന്‌ അത്‌ മതിയായ ഒരു കാരണമായിരുന്നു. ഇന്ത്യയില്‍ തന്റെ കുടുംബവുമൊത്ത്‌ ചിലവഴിച്ച കുട്ടിക്കാലമൊഴിച്ചാല്‍ പുസ്തകം പ്രധാനമായും ഇംഗ്ലണ്ടില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെയും അതിനുശേഷം ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്ററായി ജോലി ചെയ്ത കാലത്തെയും ഗാന്ധിയുടെ ജീവിതമാണ്‌ വിവരിക്കുന്നത്‌. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഒരു തികഞ്ഞ ആദര്‍ശവാദിയായിരുന്നു. തന്റെ ആദര്‍ശങ്ങള്‍ സംരക്ഷിക്കാനും സാക്ഷാത്‌കരിക്കാനും അദ്ദേഹം തന്റെ സ്വന്തം ജീവിതം കൊണ്ടുള്ള പല പരീക്ഷണങ്ങളിലും ഏര്‍പ്പെട്ടു. ആത്മസാക്ഷാത്‌കാരത്തിനായി യാതൊരു വിട്ടുവീഴ്‌ചയുമില്ലാതെ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചിരുന്നു. സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ആത്മശുദ്ധീകരണത്തിലൂടെ മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ എന്നദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം പിടിവാശിയോടെ മുറുകെപ്പിടിക്കാന്‍ ശ്രമിച്ച പല ആദര്‍ശങ്ങളും തന്റെ തന്നെ ശരീരത്തോടും മനസ്സിനോടുമുള്ള ക്രൂരതയായി മാറുകയും തന്നെ സ്നേഹിക്കുന്ന ഉറ്റവരുടെ മനസ്സുകളില്‍ വേദനയും സംഘര്‍ഷവും നിറക്കുകയും ചെയ്തു.

ഭാരതത്തിന്റെ രാഷ്ട്രീയപ്രസ്ഥാനത്തിലെ പ്രത്യേകപ്രയോഗങ്ങളായ സത്യാഗ്രഹം, നിസ്സഹകരണം തുടങ്ങിയ വാക്കുകള്‍ ഉണ്ടായ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ വായിക്കുക രസകരമാണ്‌.

തങ്ങള്‍ ഉറച്ചുവിശ്വസിക്കുന്ന സിദ്ധാന്തങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പുസ്തകത്തിന്റെ പ്രസാധകരും വിതരണക്കാരുമായ നവജീവന്‍ ട്രസ്റ്റ്‌ വിലകുറച്ചാണ്‌ ഇത്‌ വില്‍ക്കുന്നത്‌. 500 പേജുകളുള്ള ഈ പുസ്തകത്തില്‍ ഒരു അച്ചടിപ്പിശക്‌ പോലുമില്ല എന്നുള്ളത്‌ അവര്‍ക്ക്‌ തങ്ങളുടെ കര്‍മ്മത്തോടുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമാണ്‌ കാണിക്കുന്നത്‌. പേരെടുത്ത പ്രസാധകരുടെ ഉന്നതനിലവാരമുള്ള കടലാസിലും അച്ചടിയിലും ഇറങ്ങുന്ന കൃതികളില്‍ വരെ ഒന്നു രണ്ട്‌ തെറ്റുകളെങ്കിലും കാണാന്‍ കഴിയുന്ന ഇക്കാലത്ത്‌ ഇതൊരു നേട്ടം തന്നെയാണ്‌. മനോഹരവും ഒഴുക്കുള്ളതുമായ ഒരു പരിഭാഷ വായനക്കാരനു നല്‍കിയ ഡോ. ജോര്‍ജ്‌ ഇരുമ്പയവും അഭിനന്ദനമര്‍ഹിക്കുന്നു.

കടപ്പാട്‌: മഞ്ജുവിനോട്‌



* * *



book: aatmakatha athava ente satyanweshana pareekshanakatha
author: m. k. gandhi

translator: dr. george irumbayam
isbn: 81-7229-200-9
publ: navajivan


a few years ago, when i read the autobiography of gandhi in english, i couldn't get much of it. my poor knowledge of india's historical and political background and a lack of good grasp of the english language made it a very tiring read. nothing much of even the very little portion of the book i could manage to read attentively could remain in my memory. all i could remember from the past read was two separate incidents of gandhi's life mentioned in the book-- one: as a child, gandhi used to eat meat against his religious beliefs secretly without letting his family know about it, as he believed that it could help him gain more physical strength and health which in turn could help him in fighting and ousting the british from india. two: later, as a young student in england by which time he had turned a firm believer in vegetarianism, a woman spotted him once sitting at the table in a retaurant staring at the menu-card not able to make out which items contained meat and which didn't, and understanding his predicament readily helped him and soon became a close friend. apart from these two incidents, i couldn't retain anything in my memory from my past read.

this time what i read was a malayalam translation. the book is not about the gandhi indians and the world know as the great freedom fighter because it covers only his early years starting from his birth until the time he just started becoming popular among indians as a national leader struggling for the cause of india's independence, i.e., the 1920s. thereafter, his life's activities became open to the indian people which was enough reason for him to stop writing the autobiography at the point. the bulk of the book is largely about the years of his life spent in england as a law student and later in south africa as a barrister in addition to the childhood he spent with his family in india. throughout his life, he remained a man of principles and had been experimenting with his life in various ways in order to uphold and fulfill them. he always exhibited a great deal of keenness and perseverance in attaining spiritual salvation which he believed was possible only through purification of one's own soul with such virtues as non violence and truth. many of the principles he adamantly adhered to amounted to torturing his own body and mind with suffering which also subjected those who loved him to mental anguish.

interestingly, the book gives a brief background of the coinage of some special expressions related to india's national movement such as satyagraha, non-cooperation etc.

the book is published and distributed by the navajivan trust who have been selling it at subsidized prices in order to propagate the principles they firmly believe in. the fact that there is not even a single typo in this 500-page book which testifies to their profound commitment and sincerity to their cause deserves special mention. this is indeed an achievement in the time when even publications in high quality paper and printing from renowned publishers cannot do without at least a couple of errors. also, dr. george irumbayam has done a great job in presenting the reader with such a wonderful and smooth translation.

courtesy: manju

4 comments:

Anonymous said...

yes i agree with you
i read this book

ദൃശ്യന്‍ | Drishyan said...

ഞാനും ഈ പുസ്തകം വായിച്ചിട്ടുണ്ട്. താങ്കളുടെ മിക്ക നിരീക്ഷണങ്ങളോടും യോ‍ജിക്കുന്നു.

എന്‍‌റ്റെ സത്യാന്വേഷണ പരീക്ഷണകഥ എന്ന് എഴുതിയത് എന്തു കൊണ്ടെന്ന് മനസ്സിലായീല്ല.

സസ്നേഹം
ദൃശ്യന്‍

Kiranz..!! said...

മതിപ്പുളവാകുന്ന എഴുത്തും കൂടിയായപ്പോള്‍ ഈ പുസ്തകം വാങ്ങുവാന്‍ തീരുമാനിച്ചു കഴിഞ്ഞു..!

deepdowne said...

anonymous, thanks for visiting.

ദൃശ്യന്‍,
'എന്റെ സത്യാന്വേഷണ പരീക്ഷണകഥ' എന്ന് തന്നെയാണ്‌ പരിഭാഷകന്‍ ഈ പരിഭാഷക്ക്‌ പേര്‌ നല്‍കിയിരിക്കുന്നത്‌ (പുസ്തകത്തിന്റെ കവര്‍ചിത്രത്തില്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും, അത്ര വ്യക്തമല്ലെങ്കിലും ;) ). 'പരീക്ഷണങ്ങള്‍' എന്ന പ്രയോഗമാണ്‌ കൂടുതല്‍ പ്രശസ്തം. അത്‌ എനിക്ക്‌ തോന്നുന്നത്‌ ആദ്യകാലത്ത്‌ ഇറങ്ങിയ പരിഭാഷയ്ക്ക്‌ നല്‍കിയ പേരാണെന്നാണ്‌. പക്ഷേ ഈ പതിപ്പ്‌ പിന്നീടിറങ്ങിയ ഡോ. ജോര്‍ജ്‌ ഇരുമ്പയത്തിന്റെ പരിഭാഷയാണ്‌. ഇംഗ്ലീഷ്‌ പരിഭാഷയില്‍ 'the story of my experiments with truth' എന്നാണല്ലോ പേര്‌. story എന്ന വാക്കും കണക്കിലെടുത്തതാവണം. ഗുജറാത്തിയിലുള്ള മൂലകൃതിയിലും പേര്‌ ഒരുപക്ഷേ അങ്ങനെ തന്നെയായിരിക്കാം.

കിരണ്‍സേ,
എന്റെ വാക്ക്‌ കേട്ടു പോയി പുസ്തകം വാങ്ങിയേക്കല്ലേ, ചിലപ്പോള്‍ ബോറഡിച്ചേക്കാം :) എങ്കിലും വായിച്ചിരിക്കേണ്ട പുസ്തകമാണെന്നാണ്‌ എന്റെ അഭിപ്രായം (ഗാന്ധിയുടെ തത്വങ്ങളോട്‌ യോജിക്കണമെന്നഭിപ്രായമില്ല).

Post a Comment