Saturday, May 24, 2008

emily bronte (blog event)

ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ്‌ ഇവന്റിനുവേണ്ടി എഴുതിയത്‌:

ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റ്‌ കണ്ടപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നത്‌ emily bronte-യുടെ wuthering heights ആണ്‌. കുറെമുന്‍പ്‌ വായിച്ചതാണ്‌. വിശദാംശങ്ങളൊക്കെ മറന്നു. എങ്കിലും അത്‌ വായിച്ച സമയത്ത്‌ അത്‌ മനസ്സിലുണ്ടാക്കിയ impact ഇന്നും മനസ്സില്‍ ഒരനുഭൂതി നിറഞ്ഞ ഓര്‍മ്മയായി നില്‍ക്കുന്നു. അതിനുമുന്‍പോ അതിനുശേഷമോ അത്രയും ആഴത്തില്‍ മനസ്സില്‍ സ്പര്‍ശിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ സാധിച്ചിട്ടുള്ളത്‌ വിരളമാണ്‌. സഫലീകരിക്കപ്പെടാതെ പോയ ഒരു പ്രണയത്തിന്റെ കഥയാണ്‌ ഈ പുസ്തകം എന്ന് ഒരൊഴുക്കന്‍ മട്ടില്‍ പറയാം. എങ്കിലും അതിലുമപ്പുറം പലതുമാണീ പുസ്തകം. പറയാന്‍ മാത്രം നായകനും നായികയുമൊന്നിച്ചുള്ള ഒരു പ്രേമരംഗമോ ശൃംഗാരരംഗമോ ഇല്ലാതിരുന്നിട്ടുകൂടി ആദ്യാവസാനം ഒരു വികാരതീവ്രമായ പ്രണയകഥയായി‍ത്തന്നെ ചരിത്രത്തിലെ ഉടനീളം ശൃംഗാരരംഗങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റു പ്രണയകഥകളോടൊപ്പം കിടനില്‍ക്കുന്ന ഒരു മഹത്തായ കലാസൃഷ്ടിയാണിതെന്നാണ്‌ എനിക്കെപ്പോഴും തോന്നിയിട്ടുള്ളത്‌. ഇതിലെ നായകനായ heathcliff ഒരു നായകനെന്നതിനേക്കാള്‍ ക്രൂരനും നിഷേധിയുമായ ഒരു വില്ലനായി പ്രത്യക്ഷപ്പെടുന്നുവെങ്കിലും അദ്ദേഹത്തെ അങ്ങനെയാക്കിതീര്‍ത്ത സാഹചര്യമോര്‍ക്കുമ്പോള്‍ നമുക്കദ്ദേഹത്തോട്‌ വെറുപ്പല്ല, സഹതാപം മാത്രമാണ്‌ തോന്നുന്നത്‌. ഈ പുസ്തകം വായിക്കുമ്പോള്‍ heathcliffന്റെ വികാരങ്ങളോടൊപ്പം, അദ്ദേഹത്തിന്റെ ദു:ഖത്തോടൊപ്പം ഓരോ ചുവടും നമ്മള്‍ സഞ്ചരിക്കുകയാണ്‌. അത്രയ്ക്ക്‌ മനോഹരമായാണ്‌ എഴുത്തുകാരി കഥ ചിത്രീകരിച്ചിരിക്കുന്നത്‌. emily bronte-യുടെ എഴുത്തിന്‌ മാന്ത്രികമായ ഒരു ഘനമുണ്ട്‌. അത്‌ വായനക്കാരന്റെ/ക്കാരിയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്നു. അത്‌ തന്നെയാണ്‌ ഈ പുസ്തകത്തെയും എഴുത്തുകാരിയെയും ഇത്രയും വലിയ വിജയമാക്കിത്തീര്‍ത്തത്‌. ഈ എഴുത്തുകാരിക്ക്‌ ലഭിച്ചിട്ടുള്ള പ്രശസ്തി അവരുടെ മനോഹരമായ ശൈലിക്കുള്ള ശരിയായ അംഗീകാരം തന്നെയാണ്‌. ഒരു സാഹിത്യസൃഷ്ടി വിജയിക്കാന്‍ പല കാരണങ്ങള്‍ കാണും. മമ്മൂട്ടി ആത്മഥയെഴുതിയാല്‍ അത്‌ ചൂടപ്പം പോലെ വിറ്റഴിയും, അതുകൊണ്ട്‌ അദ്ദേഹം നല്ലൊരു സാഹിത്യകാരനാവണമെന്നില്ല എന്നതുപോലെ. പൊതുജനങ്ങള്‍ക്ക്‌ താല്‍പര്യമുള്ള, അല്‍പം വിവാദവിഷയങ്ങളുള്‍ക്കൊള്ളുന്ന കാര്യങ്ങള്‍ എഴുതിയാല്‍ അത്‌ ചൂടപ്പം പോലെ വിറ്റഴിയും. പക്ഷെ wutheRing heights-ല്‍ അങ്ങനെയൊന്നും തന്നെയില്ല. വളരെ സാധാരണം എന്നു പറയാവുന്ന ഒരു തീം ആണ്‌ ഈ നോവല്‍. അതിന്റെ വിജയം അത്‌ എഴുതിഫലിപ്പിക്കാന്‍ കഴിവുള്ള ആ എഴുത്തുശൈലിമാത്രമാണ്‌. പിന്നെ, അതെഴുതുന്ന സമയത്ത്‌ emily bronte-യെക്കുറിച്ച്‌ ആര്‍ക്കുമറിയില്ലായിരുന്നു. അവരുടെ ആദ്യത്തെ പുസ്തകമാണത്‌. അവസാനത്തേതും. അവര്‍ ഈ ഒരു നോവല്‍ മാത്രമേ എഴുതിയിട്ടുള്ളൂ. emily bronte-യും തന്റെ സഹോദരിമാരായ charlotte bronte, anne bronte എന്നിവരും കൂടി 1847-ല്‍ ഒരു സീരീസിന്റെ ഭാഗങ്ങളെന്നപോലെ ഓരോ നോവല്‍ രചിച്ചതില്‍ emily-യുടെ പങ്കാണ്‌ wuthering heights. മൂവരും കൂടി ഇന്ന്‌ bronte sisters എന്ന് അറിയപ്പെടുന്നു. സ്ത്രീനാമങ്ങളില്‍ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയാല്‍ അംഗീകാരം ലഭിക്കില്ല എന്ന് കരുതി ഇവര്‍ പുരുഷനാമങ്ങളാണ്‌ തൂലികാനാമങ്ങളായി സ്വീകരിച്ചത്‌. അതില്‍ emily-യുടെ തൂലികാനാമം ellis bell എന്നായിരുന്നു. സ്വതവേ എഴുത്തിനോടും സാഹിത്യത്തോടും അഭിനിവേശമുള്ളവരായിരുന്നു മൂന്നുപേരും. പുസ്തകം പ്രസിദ്ധീകരിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പനി പിടിപെട്ട്‌ emily മരണപ്പെട്ടു. 1850-ല്‍ സഹോദരി charlotte bronte emily-യുടെ കൃതി അത്യാവശ്യം എഡിറ്റ്‌ ചെയ്ത്‌ ഒരു സ്വതന്ത്രകൃതിയാക്കി emily bronte എന്നപേരില്‍ത്തന്നെ പുന:പ്രസിദ്ധീകരിച്ചു.

1 comment:

Inji Pennu said...

സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു നന്ദി ഡീപ് ഡൌണ്‍.

എമിലിയെ വായിച്ചിട്ടില്ല്ല :( ഈ ഇവന്റ് കഴിയുമ്പോള്‍ ഞാന്‍ ലൈബ്രറിയിലേക്ക് വീടും കുടീം മാറണം എന്ന് തോന്നുന്നു, വായിക്കാത്തവരുടെ ലിസ്റ്റ് കൂടുന്നു. വായിക്കണം എന്ന് കരുതിയിട്ടും മിസ്സായിപ്പോയ ഒരു പുസ്തകമാണിത്...ഓര്‍മ്മിപ്പിച്ചതിനു നന്ദി.

സ്ത്രീ എഴുത്തുകാരെ അംഗീകരിക്കില്ലായെന്ന് കരുതി പുരുഷ പേരു സ്വീകരിക്കേണ്ടി വന്ന സ്ത്രീയെക്കുറിച്ച് തന്നെ എഴുതിയതിനു ഒരു സ്പെഷ്യല്‍ നന്ദി.

Post a Comment