Wednesday, August 12, 2009

നരകവാതില്‍ക്കലെ രക്ഷകന്‍

നോവല്‍: നരകവാതില്‍ക്കലെ രക്ഷകന്‍
നോവലിസ്റ്റ്: ഹസ്സന്‍ നാസിര്‍
പ്രസാ: ഒലിവ് (൨൦൦൬)


അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. പക്ഷെ കൂടുതലും അനുഭവങ്ങളും മനോഹരമായ ഓര്‍മ്മകളായി മനസ്സില്‍ കുടികൊള്ളുകയോ മറവിയിലാണ്ടുപോകുകയോ ചെയ്യും. പക്ഷെ അനുഭവങ്ങളെ, വലുതും ചെറുതുമായവയെ, നിസ്സാരവും ഗംഭീരവുമായവയെ, ഏറ്റവും creative ആയ രൂപത്തില്‍ ഉപയോഗപ്പെടുത്തുന്ന ഒരാളാണ്‌ ഹസ്സന്‍ നാസിര്‍. ഒരു അനുഭവത്തെയും പാഴായിപ്പോകാനനുവദിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു മനസ്സിന്റെ പ്രതിഫലനമാണ്‌ അദ്ദേഹത്തിന്റെ രചനകള്‍. അദ്ദേഹത്തിന്റെ Tragedy of the Mannequins ആണ്‌ ഇതിനുമുന്‍പ് വായിച്ച പുസ്തകം. രണ്ട് നോവലുകളും മേല്‍‌പ്പറഞ്ഞ കാര്യം ശക്തമായി സൂചിപ്പിക്കുന്നു.

വായിച്ചുതുടങ്ങിയാല്‍പ്പിന്നെ ഇടക്ക് പുസ്തകം അരികിലേക്ക് മാറ്റിവെച്ച് മറ്റെന്തെങ്കിലും കാര്യത്തിനായി പോകാന്‍ വായനക്കാരനെ മനസ്സനുവദിക്കാത്ത രീതിയിലാണ്‌ അദ്ദേഹത്തിന്റെ രചനാരീതിയും കഥാഘടനയുടെ രൂപപ്പെടുത്തലും. ഇതും രണ്ടുപുസ്തകങ്ങളിലും കണ്ട മറ്റൊരു വസ്തുതയാണ്‌. ഇത് അദ്ദേഹത്തിന്റെ ഒരു കഴിവാണെന്ന് പറയുന്നതിലും നല്ലത് അദ്ദേഹത്തിന്റെ ഉള്ളില്‍ത്തന്നെ അലിഞ്ഞുചേര്‍‌ന്നിട്ടുള്ള ഏതോ ഒരു ഗുണമാണെന്ന് പറയുന്നതാണ്‌‍. അങ്ങനെയല്ലാതെ എഴുതാന്‍ ശ്രമിച്ചാല്‍ പോലും അങ്ങനെയേ അദ്ദേഹമെഴുതിയാല്‍ വരൂ എന്നാണ്‌ തോന്നുന്നത്.

നരകവാതില്‍‌ക്കലെ രക്ഷകന്‍ എന്ന പുസ്തകത്തെക്കുറിച്ച്, നബീസത്താത്തയെയും കുഞ്ഞിമൂസയെയും കുറിച്ച്, ഹസ്സന്‍ നാസിര്‍ എന്ന എഴുത്തുകാരനെക്കുറിച്ച്, ഞാന്‍ അധികം പറയുന്നില്ല. മറ്റു പ്രമുഖര്‍ നേരത്തേ പറഞ്ഞുകഴിഞ്ഞു. അതിന്റെ ചില കഷണങ്ങള്‍ ഇവിടെയെടുത്തിടാം:

"താന്‍ ആവിഷ്കരിക്കുന്ന ലോകത്തിന്റെ ഊഷരതയും പരുക്കത്തവും നോവലിസ്റ്റ് തന്റെ ഭാഷയിലേക്കും ആവാഹിച്ചിരിക്കുന്നു. കാല്‍‌പനികതയും, മൃദുലതയും സ്വപ്നങ്ങളും ആഖ്യാനഭാഷയില്‍നിന്ന് പിഴിഞ്ഞുകളയപ്പെട്ടിരിക്കുന്നു. പകരം ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും മനുഷ്യദുരന്തങ്ങളുടേയും കയ്പ്പും പുളിയും നിറക്കപ്പെട്ടിരിക്കുന്നു. നോവലിന്റെ ഭാഷ വീര്യം കുറയ്ക്കാത്ത ആസിഡിന്റെ തീവ്രതയോടെ വായനക്കാരന്റെ മാംസവും അസ്ഥിയും തുളച്ച് മജ്ജവരെ ചെന്നെത്തുകയും പൊള്ളിക്കുകയും ചെയ്യുന്നു."
- പ്രസാദ് കൊടിഞ്ഞി
(വെട്ടം മാസിക, മെയ് ൨൦൦൪)

"ഏതാണ്‌ 'നരകവാതില്‍ക്കലെ രക്ഷകന്‍' എന്നല്ലേ? ബോംബെയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മറ്റൊരു നോവല്‍ എന്നു പറഞ്ഞാല്‍ മാത്രം മതിയാവില്ല. ബോംബെയേക്കുറിച്ച് ഇതുവരെ വന്നിട്ടുള്ള നോവലുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്‌ ഇത്.
ബോംബെയില്‍ അവിടെ കുടിയേറിപ്പാര്‍ക്കുന്ന ഭൂരിഭാഗം പേരും പാതനിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നവരേപ്പോലെ സുരക്ഷിതമായ ജീവിതം തിരഞ്ഞെടുക്കുന്നവരാണ്‌. ചുവന്ന തെരുവുകളും അധോലോകവുമൊക്കെ അവിടെയുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെ അതില്‍ നിന്നെല്ലാം അകലം പാലിക്കുന്ന നമുക്ക് ബോംബെയുടെ മുഖത്തിന്റെ പല വശങ്ങളും കാണാനാവുന്നില്ല.അവിടെ കുറച്ചുകാലം ജീവിച്ചു എന്നതുകൊണ്ടുമാത്രം ആര്‍ക്കും നോവലെഴുതാനാവുകയുമില്ല. ഹസ്സന്‍ നാസിര്‍ വ്യത്യസ്തനാവുന്നത് ഇവിടെയാണ്‌. ജോലി തേടിയെത്തുന്ന ഒരു സാധാരണക്കാരന്‍ കാണുന്ന ബോംബെയല്ല ഹസ്സന്‍ നാസിര്‍ കാണുന്ന ബോംബെ. അയാള്‍ എത്തിനോക്കാന്‍ പേടിക്കുന്ന ഇരുണ്ട ഇടങ്ങളിലൂടെ അദ്ദേഹം നടത്തുന്ന യാത്രയ്ക്ക് ആധികാരികതയുണ്ട്."
- അഷ്ടമൂര്‍ത്തി
(൨൦൦൮)

" 'നെന്നെ ഞാന്‍ മറക്കാനോ കുഞ്ഞിമൂസേ.'
വായനക്കാരനും മറക്കുകയില്ലല്ലോ, കുഞ്ഞിമൂസയെയും നബീസയെയും അവരുടെ ലോകത്തിലെ ഭൂതവര്‍ത്തമാനഭാവികാലവിചാരങ്ങളെയും. സുഹറയെ മലയാളം മറക്കുമോ? പാത്തുമ്മയുടെ ആടിനെ മറക്കുമോ? ശബ്ദങ്ങള്‍ നിലക്കുമോ? നാസര്‍ ഗൗരവത്തിലാണ്‌. എങ്കിലും ഈ ശൈലിയെ ബഷീര്‍ അനുഗ്രഹിക്കാതിരിക്കയില്ല."
- ഡി. ബാബുപോള്‍
(മാധ്യമം ദിനപ്പത്രം, ൧൯ സെപ്റ്റ: ൨൦൦൭)

ബഷീറിനെയോ, ഉറൂബിനെയോ ഓര്‍മ്മിപ്പിക്കുന്ന ഭാഷയുടെ വഴക്കവും സ്വാഭാവികതയും, ചടുലതയും. ഒരുപക്ഷേ അതുതന്നെയാണ്‌ ഈ നോവലുയര്‍ത്തുന്ന ഭീഷണിയും."
- ഡോ. ഖദീജാ മും‌താസ്
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ൨൦൦൯ ജനു. ൧൧-൧൭)പുസ്തകത്തിന്‌ കടപ്പാട്: ഹസ്സന്‍ നാസിറിനോട്

7 comments:

കുമാരന്‍ | kumaran said...

വായിക്കാൻ ശ്രമിക്കാം കേട്ടോ.

deepdowne said...

തീര്‍ച്ചയായും വായിക്കൂ :)

പുസ്തകപ്പുഴു said...

ഹാരിസേ ഈ കൊച്ചിക്കാരന്‍ പഹയനെ പരിചയപ്പെട്ടോ ?

പുസ്തകപ്പുഴു said...

കഥ അറിയണമെന്നുള്ളവര്‍ ഇവിടെ നോക്കൂ

deepdowne said...

കൊച്ചിക്കാരന്‍ പഹയനെ email വഴി പരിചയപ്പെട്ടു.

ആ ലിങ്കിന്‌ നന്ദി. ഞാന്‍ അറിഞ്ഞില്ലായിരുന്നു അങ്ങനെയൊരു പോസ്റ്റിനെക്കുറിച്ച്. മറ്റൊരാളും കൂടി ഹസന്‍ നാസ്സിറിനെക്കുറിച്ച് എഴുതിയിരിക്കുന്നതില്‍ സന്തോഷം.

deepdowne said...

പ്രമോദ്, അദ്ദേഹം തന്നെയാണ്‌ ഈ പുസ്തകത്തിന്റെ കോപ്പി എനിക്ക് തന്നത്.

പുസ്തകപ്പുഴു said...

ആ ഇംഗ്ലീഷ് പുസ്തകത്തെ പറ്റി, അത് ഇംഗ്ലീഷിലിറക്കനുള്ള കാരണമെന്താണ് എന്തുകൊണ്ട് മലയാളത്തില്‍ വന്നില്ലെന്നും മറ്റും ?

Post a Comment