Wednesday, April 18, 2007

അല്‍പം മലയാളചിന്ത

ചിന്ത ഒന്ന്:
'നായ'യിലെ 'ന'യും 'പന'യിലെ 'ന'യും വ്യത്യസ്തശബ്ദങ്ങളാണ്‌. 'ല'യും 'ള'യും തമ്മിലുള്ള വ്യത്യാസം പോലെയാണത്‌. എങ്കിലും ഒരേ അക്ഷരം തന്നെയാണ്‌ രണ്ട്‌ വാക്കുകളിലും ഉപയോഗിക്കുന്നത്‌. സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു 'നായ'യിലെ 'ന' മാത്രമാണ്‌ ശരിയെന്നും 'പന'യിലെ 'ന'യ്ക്കുപകരം മുന്‍പ്‌ വേറെ ഒരു അക്ഷരമുണ്ടായിരുന്നു എന്നും; 'ണ', 'ഞ', 'ഖ' തുടങ്ങിയ അക്ഷരങ്ങളുടെ ആരംഭത്തില്‍ക്കാണുന്ന കുനിപ്പ്‌ 'ന'യുടെ ആരംഭത്തിലും ഇട്ടാല്‍ ആ അക്ഷരമായി. ധാരാളം ബഡായി പറയുന്ന ആളായിരുന്നു ആ അദ്ധ്യാപകന്‍. അദ്ദേഹത്തിന്റെ മറ്റൊരു ബഡായി മാത്രമായിരുന്നോ അത്‌? അതോ സത്യമാണോ? അറിയില്ല.

ചിന്ത രണ്ട്‌:
മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങളുടെ പട്ടികയെഴുതുമ്പോള്‍ 'റ്റ' എന്ന അക്ഷരം ഉള്‍പ്പെടുത്താറില്ല. ഉള്‍പ്പെടുത്തേണ്ടതല്ലേ? രണ്ട്‌ 'റ' കൂടുന്നതാണല്ലോ 'റ്റ', 'റ' പട്ടികയില്‍ പെടുത്തിയിട്ടുണ്ടല്ലോ എന്നു വേണമെങ്കില്‍ പറയാം. 'മ'യും 'ത'യും ഒക്കെ രണ്ടു തവണ കൂട്ടിയെഴുതിയാല്‍ ആ അക്ഷരങ്ങളുടെ ശബ്ദങ്ങള്‍ ഇരട്ടിക്കുകയാണ്‌ ചെയ്യുന്നത്‌. പക്ഷേ 'റ' രണ്ടുതവണ കൂട്ടിയെഴുതുമ്പോള്‍ 'റ' എന്ന ശബ്ദം ഇരട്ടിക്കുകയല്ല, പകരം അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു പുതിയ ശബ്ദം ഉണ്ടാകുകയാണ്‌ ചെയ്യുന്നത്‌.

ചിന്ത മൂന്ന്:
ബംഗാളി ഫോണ്‍ നമ്പര്‍ എഴുതുന്നത്‌ ബംഗാളി അക്കങ്ങളില്‍. ഹിന്ദി ചോദ്യപേപ്പറില്‍ ചോദ്യങ്ങളുടെ ക്രമനമ്പര്‍ ഹിന്ദി അക്കങ്ങളില്‍. മദ്രസയില്‍ പഠിക്കുന്ന മുസ്ലിം കുട്ടികളുടെ അറബിപാഠപുസ്തകത്തില്‍ അക്കങ്ങള്‍ അറബിലിപിയില്‍ത്തന്നെ. ഏതാണ്ടെല്ലാ ഭാഷകളിലും അക്കങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുണ്ട്‌. ഞാനെപ്പോഴും ആലോചിച്ചു, മലയാളത്തിനു മാത്രം എന്തേ സ്വന്തമായി അക്കങ്ങളില്ലാത്തത്‌? പിന്നീടൊരിക്കല്‍ ഒരു പുരാതന മലയാളപത്രത്തിന്റെ ഒരു പുരാതനപതിപ്പ്‌ കാണാനിടയായി. അതിന്റെ മുകളിലെ ഒരു മൂലയില്‍ മലയാളത്തില്‍ മാസവും നാളും ഒക്കെ എഴുതിയിട്ട്‌ അതിന്‌ പിന്നാലെ മറ്റേതോ ഭാഷയിലെ അക്ഷരങ്ങള്‍ എന്ന് തോന്നിക്കുന്ന ചില ചിഹ്നങ്ങള്‍ കൊടുത്തിരിക്കുന്നു. ഒരാള്‍ പറഞ്ഞുതന്നു മലയാള അക്കങ്ങളില്‍ തിയ്യതിയും വര്‍ഷവും ഒക്കെ എഴുതിയിരിക്കുകയാണെന്ന്. കേട്ടപ്പോള്‍ സന്തോഷമായി. മലയാളത്തിനും അക്കങ്ങളുണ്ട്‌! ഇന്ന് ആരും ഉപയോഗിക്കാറില്ലെങ്കിലും. ഇന്റര്‍നെറ്റില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു അവയ്ക്കിന്ന് യൂണികോഡിലും സ്ഥാനം നല്‍കിയിട്ടുണ്ട്‌ എന്ന്. മലയാള അക്കങ്ങള്‍ ഇപ്രകാരമാണ്‌:
പൂജ്യം ..... ഠ
ഒന്ന് ..... ൧
രണ്ട്‌ ..... ൨
മൂന്ന് ..... ൩
നാല്‌ ..... ൪
അഞ്ച്‌ ..... ൫
ആറ്‌ ..... ൬
ഏഴ്‌ ..... ൭
എട്ട്‌ ..... ൮
ഒമ്പത്‌ ..... ൯

6 comments:

evuraan said...

എഴുതുവാന് മൊഴി കീമാനാണു്‌ ഉപയോഗിക്കുന്നത് എങ്കില്, മലയാളം അക്കങ്ങളെഴുതുവാന്
\2 എന്നെഴുതിയാല് ൨ എന്നു വരും.

പെരിങ്ങോടരുടെ തന്നെ മലയാളം ഓണ്‌ലൈനാണു്‌ എഴുതുവാന് ഉപയോഗിക്കുന്ന ടൂളെങ്കില്, നേരിട്ട് അക്കങ്ങളെഴുതിയാല് മതി, അവ മലയാളത്തിലേക്ക് തനിയെ മാറ്റപ്പെടും. ഉദാ: ൧ ൨ ൩ ൪...

[എഴുതുവാന് എളുപ്പമായിട്ടും അതുപയോഗിക്കുവാന് എനിക്കുള്ള വിമുഖത മലയാളം അക്കങ്ങള് വായിക്കുവാന് പരിചയം പോര എന്നതു തന്നെയാണു്‌. 1, 2, 3 എന്നതിനെക്കാള് കട്ടിയാണു്‌ ൧, ൨, ൩.. തുടങ്ങിയവ വായിക്കുവാന്. ഈ പരിചയക്കുറവിനു കാരണം നിത്യാഭ്യാസമില്ല എന്നതിനേക്കാള് പ്രചുരപ്രചാരത്തിലവ ഇനിയുമില്ല എന്നതുമാണു്‌ .]

deepdowne said...

നന്ദി ഏവൂരാന്‍.
ഞാന്‍ വരമൊഴിയാണ്‌ ഉപയോഗിക്കുന്നത്‌. പിന്നെ, ഇപ്പോള്‍ പെരിങ്ങോടന്റെ ഓണ്‍ലൈന്‍ മെതേഡ്‌ ട്രൈ ചെയ്തു നോക്കി. അതില്‍ പൂജ്യത്തിന്‌ വട്ടത്തിന്റെ കൂടെ ഒരു വാല്‍ കൂടി ഉണ്ട്‌. ഈ ചിഹ്നം തെറ്റാണെന്നും വട്ടം മാത്രമുള്ള ചിഹ്നമാണ്‌ ശരിയെന്നും യൂണികോഡ്‌ കണ്‍സോര്‍ഷ്യം നിഗമനത്തിലെത്തിയതായി വായിച്ചിരുന്നു. എനിക്ക്‌ വലിയ പിടിപാടുള്ള വിഷയമല്ല, എങ്കിലും സൂചിപ്പിച്ചു എന്നു മാത്രം. ഏതായാലും യൂണികോഡില്‍ അക്കങ്ങള്‍ ഉള്‍പ്പെടുത്തിയത്‌ നല്ല കാര്യമാണെന്ന് തോന്നി. നമ്മള്‍ ഉപയോഗിച്ചില്ലെങ്കിലും മലയാളത്തില്‍ അക്കങ്ങളുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിഞ്ഞിരിക്കാനെങ്കിലും അത്‌ സഹായകമാകുമല്ലോ.

evuraan said...

പൂജ്‌യത്തിന്റെ വാലു ശരിയോ അല്ലയോ എന്നതല്ല, ഇത്രയും കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ എന്തേ പിന്മൊഴികളില്‍ നിന്നും മാറി നില്‍ക്കുന്നു എന്നതാണു എനിക്കിപ്പോഴുള്ള ചോദ്യം.

അറിഞ്ഞു കൊണ്ടു തന്നെയാണെങ്കില്‍, സാരമില്ല, അല്ലായെങ്കില്‍ ഇതാ, ഇതു ഒന്നു റെഫര്‍ ചെയ്യുമോ?

deepdowne said...

ക്ഷമിക്കുക ഏവൂരാന്‍:)
പിന്മൊഴികളെക്കുറിച്ച്‌ അറിയാമായിരുന്നു, വിശദമായിട്ടല്ലെങ്കിലും. പക്ഷേ ആദ്യം മുതലേ blogger-ല്‍ എന്റെ സ്വന്തം ഈമെയില്‍ അഡ്രസ്സാണ്‌ കൊടുത്തുവെച്ചിരിക്കുന്നത്‌. കാരണം ചിലര്‍ എന്റെ ചില പഴയ പോസ്റ്റുകള്‍ക്ക്‌ വളരെക്കഴിഞ്ഞ്‌ കമന്റ്‌ ഇട്ടിട്ടിണ്ട്‌. ആ കമന്റ്‌ എന്റെ ഇന്‍ബോക്സില്‍ വന്നില്ലെങ്കില്‍ ഞാനത്‌ അറിയില്ല.
പക്ഷേ ഇന്നു നോക്കിയപ്പോള്‍ അത്‌ ത്യജിക്കാതെ തന്നെ ഇന്‍ബോക്സില്‍നിന്നും ഫില്‍ട്ടര്‍ ചെയ്ത്‌ മറ്റൊരു അഡ്രസ്സിലേക്ക്‌ ഫോര്‍വേര്‍ഡ്‌ ചെയ്യാന്‍ പറ്റുമെന്നു മനസ്സിലായി. ആ സൗകര്യം ഉപയോഗിച്ച്‌ ഞാന്‍ പിന്മൊഴികളിലേക്ക്‌ ഫോര്‍വേര്‍ഡ്‌ ചെയ്യാന്‍ സെറ്റിംഗ്‌ ചെയ്തിട്ടുണ്ട്‌. അപ്പോള്‍ ഇനിയുള്ള കമന്റുകള്‍ (ഈ കമന്റ്‌ ഉള്‍പ്പെടെ) പിന്മൊഴികളില്‍ വരേണ്ടതാണ്‌. വരുമെന്ന് കരുതുന്നു.
ലിങ്കിന്‌ നന്ദി!

കുതിരവട്ടന്‍ | kuthiravattan said...

പിന്മൊഴിയിലേക്കു കൊടുത്തതു നന്നായി. അതു കാരണം ഞാനും മലയാള അക്കങ്ങളെഴുതാന്‍ പഠിച്ചു.

deepdowne said...

thanks biby:) and welcome always!

Post a Comment